|    Oct 26 Wed, 2016 6:50 pm

എപിഎല്ലുകാര്‍ക്ക് അരിയില്ല; ജില്ലയിലെ 6,53,849 കാര്‍ഡുടമകള്‍ക്ക് തിരിച്ചടി

Published : 19th October 2016 | Posted By: Abbasali tf

മലപ്പുറം:  ജില്ലയിലെ റേഷന്‍ വിതരണം മൊത്തം അവതാളത്തിലായിരിക്കെ ‘കൂനുമ്മേല്‍ കുരു’ കണക്കെ എപിഎല്ലുകാര്‍ക്ക് അരി വിതരണവും നിര്‍ത്തിവെച്ചു. ഇതു സംബന്ധിച്ച ഉത്തരവ് താലൂക്ക് ഓഫിസുകളിലെത്തി. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവും കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസുകള്‍ക്ക് ലഭിച്ചു. ദാരിദ്ര്യ രേഖക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണു തീരുമാനം. ഇത് ജില്ലയിലെ 653849 കാര്‍ഡുടമകളെ ബാധിക്കും. ഇതോടെ എട്ടു രൂപ തൊണ്ണൂറു പൈസ നിരക്കില്‍ ലഭിച്ചിരുന്ന അരിക്ക് ഇനി എപിഎല്‍ കാര്‍ഡുകള്‍ 25 രൂപയോളം നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ ബില്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സംസ്ഥാനത്ത് റേഷന്‍ വിതരണത്തെ ബാധിച്ചത്. ബി ല്‍ നടപ്പാക്കത്തതു കാരണം സംസ്ഥാനത്തിനുള്ള സൗജന്യനിരക്കിലുള്ള അരി വിഹിതം നിര്‍ത്തലാക്കിയതാണു പുതിയ പ്രതിസന്ധിക്കുകാരണം. പദ്ധതി നടപ്പാക്കാത്തതിനാല്‍ 2016 നവംബര്‍ മുതല്‍ താങ്ങു വില ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് ഒരു കിലോ അരിക്ക് 22 രൂപയിലധികം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ അടക്കേണ്ടി വരും. അങ്ങി നെ വന്നാല്‍ 8.90 രൂപക്ക് കിട്ടിയിരുന്ന അരിക്ക് 25 രൂപയെങ്കിലും ഗുണഭോക്താക്കള്‍ നല്‍കേണ്ടി വരും. 2013 ആഗസ്റ്റിലാണ് യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും ഗോതമ്പ്, മറ്റു പയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നല്‍കുന്നതോടൊപ്പം അങ്കണവാടികള്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര വിതരണവും നടത്തും. പദ്ധതി ലോക്‌സഭ പാസാക്കി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം നിന്നത് ഇപ്പോള്‍ വിനയായിരിക്കയാണ്. ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനവും കഴിഞ്ഞ ദിവസമുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഏറെ അങ്കലാപ്പിലായത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും റേഷന്‍ കടയുടമകളുമാണ്. ബിപിഎല്‍ കാര്‍ഡുടമകളുടെ 73 ശതമാനം അരി കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ വെട്ടികുറച്ചിരുന്നു. ഇതു മൂലം ഒന്നോ രണ്ടോ കിലോ അരിമാത്രമാണ് ആഴ്ചകളായി ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഇതു മറികടക്കാന്‍ പെരുമ്പാവൂരിലെ മില്ലില്‍ നിന്നും നെല്ലു കുത്തിയ അരി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കടത്തു കൂലി വര്‍ധിച്ചത് മൂലം വ്യാപാരികള്‍ ഇതിന് തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ചു ഇന്നലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല.ജില്ലയില്‍ ആകെ 851233 റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്. ഇതില്‍ 143878 ബിപിഎല്ലും 653849 എപിഎല്ലുമാണ്.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കാര്‍ഡുടമകളുള്ള ജില്ലകളില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറത്തിന്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day