|    Dec 10 Sat, 2016 8:06 pm

എന്‍സിസി കാഡറ്റ് വെടിയേറ്റു മരിച്ച സംഭവം: കേസന്വേഷണം ഇഴയുന്നു

Published : 7th November 2016 | Posted By: SMR

പാനൂര്‍: ഫയറിങ് പരിശീലനത്തിനിടെ എന്‍സിസി കാഡറ്റും കല്ലിക്കണ്ടി എന്‍എഎം കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന അനസ് (18) വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസന്വേഷണം രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും എങ്ങുമെത്തിയില്ല. നീതിക്കായി  അനസിന്റെ പിതാവ് വടകര കുരുളിക്കാട് മംഗലശ്ശേരി കുഞ്ഞമ്മദ് മുട്ടാത്ത വാതിലുകളില്ല.
ഉത്തരവാദികള്‍ക്ക് ശിക്ഷ കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് മാതാപിതാക്കള്‍. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ 2014 സപ്തംബര്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിസി ദശദിന ക്യാംപിനിടെ അബദ്ധത്തില്‍ വെടിയേറ്റെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റൊരു കാഡറ്റ് നിറയൊഴിച്ചത് അബദ്ധത്തില്‍ അനസിന്റെ ദേഹത്ത് കൊള്ളുകയായിരുന്നു.
ടാര്‍ജറ്റ് പോയിന്റിന് സമീപം നില്‍ക്കുകയായിരുന്ന അനസിന്റെ നെഞ്ചിനു താഴെയാണ് വെടിയേറ്റത്. വെടിയുണ്ട തുളച്ചുകയറി നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ബംഗളുരുവിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നവംബര്‍ ആറിന് മരണപ്പെട്ടു.
പിതാവ് നിരവധി തവണ ഉന്നത പോലിസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സിഐയാണ് കേസന്വേഷിച്ചത്.
അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ചെയ്യുകയുണ്ടായി. ഓണററി ലെഫ്. സുബേദാര്‍ ബിഹാരിലാല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലിസ് എഫ്‌ഐആര്‍ തയാറാക്കിയതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹരജിക്കാരനെ അറിയിച്ചിട്ടില്ലെന്നും ആരോപിക്കുന്നു. ഇതിനിടെ, ബിഹാരിലാലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍,  അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നുമായിരുന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക