|    Dec 6 Tue, 2016 11:30 am
FLASH NEWS

എന്‍മകജെ പഞ്ചായത്ത്: അവിശ്വാസ പ്രമേയം: ബിജെപിയും സിപിഎമ്മും വിട്ടുനിന്നു

Published : 9th November 2016 | Posted By: SMR

പെര്‍ള: ബിജെപി ഭരിക്കുന്ന എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാല്‍ പരിഗണനക്കെടുത്തില്ല. ഭരണകക്ഷിയായ ബിജെപിയും സിപിഎമ്മിന്റെ രണ്ട് അംഗങ്ങളും വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാതിരുന്നത്. ബിജെപിയുടെ ഏഴ് അംഗങ്ങളും സിപിഎമ്മിന്റെ രണ്ട് അംഗങ്ങളുമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. 17 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, സിപിഎം രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. അതേസമയം എല്‍ഡിഎഫിലെ സിപിഐ അംഗം യോഗത്തിനെത്തി.  പതിനഞ്ചു ദിവസത്തിന് ശേഷം വീണ്ടും പ്രമേയം ചര്‍ച്ചചെയ്യുന്നതിന് അംഗങ്ങള്‍ക്ക്് നോട്ടിസ് നല്‍കും. അന്നും ക്വാറം തികയാതെ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ പിന്നീടുള്ള യോഗത്തില്‍ പരിഗണനക്കെടുക്കും.  തുടര്‍ച്ചയായ മൂന്നു യോഗങ്ങളില്‍ മതിയായ കാരണങ്ങളില്ലാതെ വിട്ടുനില്‍ക്കുന്ന അംഗങ്ങള്‍ അയോഗ്യരായി കണക്കാക്കപ്പെടും. ലോകബാങ്ക് ഫണ്ട് ദുരുപയോഗം ചെയ്തും ഭരണ സമിതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുഡിഎഫ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തു ഫാഷിസ്റ്റ് നയം പുലര്‍ത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് നല്‍കിയ അവിശ്വാസത്തിന്മേല്‍ എടുക്കേണ്ട നിലപാടുകളെപ്പറ്റി ചര്‍ച്ചചെയ്യുന്നതിനു സിപിഎമ്മിന്റെ കാട്ടുകുക്കെ, എ ണ്‍മകജെ ലോക്കല്‍ കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപി ഭരണം അട്ടിമറിക്കണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടേയും ആവശ്യം. എന്നാല്‍ ചില നേതാക്കളുടെ പിടിവാശിയാണ് അവിശ്വാസ പ്രമേയത്തില്‍ ഹാജരാവാതെ മാറി നില്‍ക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജെപിക്ക് അനുകൂലമായി നിന്ന പഞ്ചായത്തിലെ സിപിഎം അംഗങ്ങളുടെ നിലപാടും വിവാദമായിട്ടുണ്ട്. ബിജെപിയെ ഭരണത്തില്‍ നിന്നൊഴിവാക്കാന്‍ ലഭിച്ച അവസരം സിപിഎം വിനിയോഗിക്കാത്തത് പാര്‍ട്ടിയിലെ മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചയോടെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് സിപിഎം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയായിരുന്നു. സിപിഎമ്മിന്റെ ബിജെപിയോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day