|    Dec 4 Sun, 2016 3:22 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍: മൊറട്ടോറിയം ഒരുവര്‍ഷത്തേക്കുകൂടി നീട്ടി

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റവന്യൂ റിക്കവറിക്കുമേലുളള മൊറട്ടോറിയം ഒരുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ക്കലയില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച വൃദ്ധന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, എത്രരൂപ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്ത പഞ്ചായത്തുകളുടെ മറ്റു പദ്ധതികളും അംഗീകരിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.
വിഷംകലര്‍ന്ന ആയുര്‍വേദമരുന്ന് കഴിച്ച് മരണപ്പെട്ട ഡോ. പി എ ബൈജുവിന്റെ രക്ഷിതാക്കളുടെ പേരില്‍ അഞ്ചുലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഹരിതകേരളം മിഷന്റെ ഉപാധ്യക്ഷയായി മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ. ടി എന്‍ സീമയെ നിയമിച്ചു. വൈപ്പിനില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആരംഭിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളിലായി പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മാത്രമായി 19 എല്‍ഡിസി തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തിരുമാനിച്ചു. കിഫ്ബിയില്‍ രണ്ട് സ്വതന്ത്ര അംഗങ്ങളെ നിയമിച്ചു. സെബി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി രാധാകൃഷ്ണന്‍ നായര്‍, ധനകാര്യകമ്മീഷന്‍ അംഗമായിരുന്ന സുദീപ്‌തോ മണ്ഡല്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടറായി ഡോ. സി രാമചന്ദ്രനെ നിയമിച്ചു. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ 12 അനധ്യാപക തസ്തികകളും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ 10 പുതിയ തെറാപ്പിസ്റ്റ് തസ്തികകളും സൃഷ്ടിക്കും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കായുളള 2017 കലണ്ടര്‍ വര്‍ഷത്തേക്കുളള പൊതു അവധികള്‍ക്ക് അംഗീകാരം നല്‍കി. കേരളപ്പിറവി ദിനത്തില്‍ നിയമസഭയില്‍ പ്രത്യേക ആഘോഷം നടത്താനും മന്ത്രിസഭ തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day