|    Oct 28 Fri, 2016 12:07 pm
FLASH NEWS

എണ്ണ വിലയിടിവ്; ഖത്തര്‍ റെയ്ലിലും പിരിച്ചുവിടല്‍; പ്രവാസികള്‍ ആശങ്കയില്‍

Published : 29th January 2016 | Posted By: swapna en

എം ടി പി റഫീഖ്

ദോഹ: എണ്ണവിലയിടിവിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഖത്തറില്‍ വിവിധ സ്ഥാപനങ്ങളില്‍ നടക്കുന്ന പിരിച്ചുവിടല്‍ നടപടികള്‍ തുടരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മേഖലയിലുള്ള പല സ്ഥാപനങ്ങളിലും പ്രവാസിക ള്‍ കടുത്ത ആശങ്കയിലാണ്. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ റെയ്‌ലില്‍നിന്ന് ഈയാഴ്ച 50ഓളം തൊഴിലാളികളെ ഒഴിവാക്കിയതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ആരോഗ്യ മേഖലയില്‍നിന്ന് നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നതായ റിപോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത. എണ്ണ, വാതക മേഖലയിലും കൂടുതല്‍ പേരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപോര്‍ട്ട്. 2015ല്‍ ഖത്തര്‍ പെട്രോളിയം മുവ്വായിരത്തോളം പേരെ ഒഴിവാക്കിയിരുന്നു. ക്യുപി സബ്്‌സിഡിയറിയായ റാസ്ഗ്യാസും ഡാനിഷ് ഓയില്‍ കമ്പനിയായ മയര്‍സ്‌കും കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് പേരെ പിരിച്ചുവിട്ടിരുന്നു.

എണ്ണവില ഏറ്റവും ചുരുങ്ങിയ നിലയില്‍തന്നെ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിരവധി മേഖലകളില്‍ ചെലവ് ചുരുക്കലിന് പദ്ധതിയിടുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുകയും ചില മന്ത്രാലയങ്ങള്‍ ലയിപ്പിക്കുകയും ചെയ്ത് കഴിഞ്ഞ ദിവസം അമീര്‍ ഉത്തരവിട്ടിരുന്നു. ഖത്തര്‍ മ്യൂസിയംസ് ജീവനക്കാരുടെ എണ്ണം കുറച്ചത് ഈയിടെയാണ്. ടെലികോം കമ്പനിയായ ഉരീദു, അല്‍ജസീറ ചാനല്‍ എന്നിവയിലും നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. എണ്ണ വില 2016ലും ഏറ്റവും കുറഞ്ഞ നിലയില്‍ തുടരുമെന്ന ലോകബാങ്ക് റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ണ തോതിലേക്കെത്തുകയും ഓപറേഷനല്‍ ഘട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തൊഴിലാളികളെ ഒഴിവാക്കുന്നതെന്ന് ഖത്തര്‍ റെയില്‍ വ്യക്തമാക്കി.

സ്വദേശികളാരും ഇതില്‍പെട്ടിട്ടില്ലെന്നും കൂടുതല്‍ പേരെ ഒഴിവാക്കാന്‍ പദ്ധതിയില്ലെന്നും ഖത്ത ര്‍ റെയില്‍ വക്താവ് അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരും പിരിച്ചു വിടല്‍ ഭീഷണിയിലാണ്.ആരോഗ്യ മേഖലയില്‍ നടത്തുന്ന പുനസ്സംഘാടനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും സിദ്്‌റ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലും ഈയാഴ്ച നൂറുകണക്കിന് പേരെ പിരിച്ചുവിട്ടു. എച്ച്എംസിയിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും പരിഷ്‌കാരങ്ങള്‍ വരുത്തുന്നതായി കഴിഞ്ഞ ദിവസം അമീര്‍ ഇറക്കിയ ഉത്തരവിലുണ്ട്. എച്ച്എംസിയില്‍ നഴ്്‌സുമാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ക്ക് പിരിഞ്ഞുപോവാനുള്ള നോട്ടീസ് ലഭിച്ചതായാണ് അറിയുന്നത്.

എന്നാല്‍, ഇതേക്കുറിച്ച് എച്ച്എംസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, സിദ്‌റ ഹോസ്പിറ്റലില്‍ 200ഓളം പേര്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day