|    Dec 3 Sat, 2016 7:55 am
FLASH NEWS

എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരന്മാരെന്ന ആരോപണവുമായി പാക് മാധ്യമങ്ങള്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനിലെ എട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പാക് മാധ്യമങ്ങള്‍ അവരുടെ പേരുകള്‍ പുറത്തുവിട്ടു.
കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ രാജേഷ് കുമാര്‍ അഗ്‌നിഹോത്രി, ഫസ്റ്റ് സെക്രട്ടറിമാരായ ബല്‍ബീര്‍ സിങ്, അനുരാഗ് സിങ്, വിസ വിഭാഗത്തിലെ അമര്‍ദീപ് സിങ് ഭാട്ടി, ധര്‍മേന്ദ്ര, വിജയകുമാര്‍ വര്‍മ, മാധവന്‍ നന്ദകുമാര്‍, വ്യക്തിക്ഷേമ ഓഫിസിലെ അസിസ്റ്റന്റ് ജയബാലന്‍ സെന്തില്‍ എന്നിവരുടെ പേരുകളും ഫോട്ടോകളും ദി ഡോണ്‍ പ്രസിദ്ധീകരിച്ചു. പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനിടെ പിടിയിലായ പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ കഴിഞ്ഞയാഴ്ച ഇന്ത്യ പുറത്താക്കിയതിനു പിന്നാലെ ഡല്‍ഹിയിലെ നാലു നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പിന്‍വലിച്ചിരുന്നു.
അക്തറിനെ പുറത്താക്കിയതിനു പ്രതികാരമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അസിസ്റ്റന്റ് പേഴ്‌സനല്‍, വെല്‍ഫയര്‍ ഓഫിസര്‍ സുര്‍ജിത് സിങിനെ പാകിസ്താനും പുറത്താക്കുകയുണ്ടായി. ഈ രണ്ടു നടപടികള്‍ക്കും പിന്നാലെയാണ് പാകിസ്താനി പത്രങ്ങളുടെ നടപടി. ഇതില്‍ ബല്‍ബീറും ജയബാലനും ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വേണ്ടിയും ബാക്കിയുള്ളവര്‍ ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങി(റോ)നു വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തുകയാണെന്നു പാക് വിദേശകാര്യ വക്താവ് നഫീസ് സകരിയയെ ഉദ്ധരിച്ചു പത്രം പറയുന്നു.
നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ ഭീകരപ്രവര്‍ത്തനവും നിയമവിരുദ്ധ പ്രവര്‍ത്തനവും പ്രോല്‍സാഹിപ്പിക്കുകയാണ്. പാകിസ്താനും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനും സിന്ധ്, ബലൂചിസ്താന്‍, ഗില്‍ജിത് ബലിസ്താന്‍ എന്നിവിടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇവര്‍ ശ്രമിക്കുകയാണെന്നും പാക് അധികൃതര്‍ പറഞ്ഞു.
അതേസമയം, പാകിസ്താന്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്ന എട്ട് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day