|    Dec 9 Fri, 2016 10:56 pm
FLASH NEWS

എട്ട്് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി; കെഎസ്ആര്‍ടിസി ഡിപ്പോനഷ്ടത്തിലാക്കാന്‍ ശ്രമമെന്ന്

Published : 27th October 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെ കെഎസ്ആര്‍ടിസി ബസ്സുകളുടെ സമയം മാറ്റിയും സര്‍വീസ് വെട്ടിക്കുറച്ചും ഡിപ്പോയെ നശിപ്പിക്കാന്‍  ചില ഉന്നത ഉദ്യോസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം. കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുകളുടെ എട്ട് ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ്സുടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണിതിന് കാരണമെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട്് പണം നല്‍കുന്നതായും ആരോപണമുണ്ട്. ഇതുപോലെ തന്നെ പൊള്ളാച്ചി റൂട്ടിലും ജില്ലയിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാവുന്നുണ്ട്. സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി സ്ഥിരം സര്‍വീസുകളുടെ സമയം മാറ്റിയും വാഹനം ഫിറ്റല്ലെന്ന് കാണിച്ചും സര്‍വീസ് റദ്ദാക്കുകയാണ് ചില ഉദ്യോഗസ്ഥര്‍. ഇതുമൂലം പാലക്കാട് ഡിപ്പോയിലെ മിക്ക സര്‍വീസുകളും കഴിഞ്ഞ ആറുമാസമായി നഷ്ടത്തിലാണ്. ഡിപ്പോ വരുമാനത്തിന്റെ കാര്യത്തില്‍ പിന്നിലായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട്് തേടാത്തതിന് കാരണം ഇവരുടെ രാഷ്ട്രീയ ഇടപെടലാണെന്നാണ് പറയുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഇതു സംബന്ധിച്ച് പരാതി ചിലര്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്  കെഎസ്ആര്‍ടിസി ഡിപ്പോയി ല്‍ സമയം ക്രമീകരിക്കുന്ന ഉദ്യോഗസ്ഥന്‍ മാത്രമല്ല കുറ്റക്കാരനെന്നും ചില ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും  സ്വകാര്യ ബസ്സുടമകളും ഇതിനു പിന്നിലുണ്ടെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. ചില ഡ്രൈവര്‍മാര്‍ കോഴിക്കോട് റൂട്ടിലെ ബസ്സുകളില്‍ കയറിയാല്‍ സ്വകാര്യ ബസ്സുകളുടെ പിന്നാലെ ഇഴഞ്ഞു നീങ്ങുന്നത് സ്ഥിരമാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ സമയത്തിനു മുന്നേ ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് ടൗണ്‍ സ്റ്റാന്റില്‍ ആളുകളെ കയറ്റുമായിരുന്നു. ഇതുമൂലം അത്യാവശ്യം കലക്ഷന്‍ ഗുരുവായൂര്‍ റൂട്ടിലെ ബസ്സുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ഉദ്യോഗസ്ഥന്‍ ചാര്‍ജെടുത്തതോടെ ബസ്സുകള്‍ പുറപ്പെടുന്ന കൃത്യ സമയത്തുതന്നെ സ്റ്റാന്റി ല്‍ നിന്നിറക്കിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയത്രെ. ഇതുമൂലം ടൗണ്‍ സ്റ്റാന്റില്‍ ഈ സമയം കെഎസ്ആര്‍ടിസിയുടെ വരവു കാത്തുനില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ബസ്സുകാര്‍ കെഎസ്ആര്‍ടിസി ഇനി വരില്ലെന്നു പറഞ്ഞ് യാത്രക്കാരെ കയറ്റാറുണ്ട്. സമയം തെറ്റി വരുന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് ടൗണ്‍സ്റ്റാന്റില്‍ ആളില്ലാത്ത സ്ഥിതിയുമാണ്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോ നഷ്ടത്തിലാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുകയും വിജിലന്‍സ് അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന ജനകീയാവശ്യവും ശക്തമാവുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day