|    Dec 4 Sun, 2016 11:54 pm
FLASH NEWS

എട്ടു നിയമങ്ങള്‍ പാസാക്കി; 14ാം നിയമസഭയുടെ രണ്ടാംസമ്മേളനം സമാപിച്ചു

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: എട്ടുനിയമങ്ങള്‍ പാസാക്കി 14ാം കേരള നിയമസഭയുടെ 26 ദിവസം നീണ്ടുനിന്ന രണ്ടാംസമ്മേളനം സമാപിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥനകള്‍ പാസാക്കുകയായിരുന്നു സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കായി 12 ദിവസം മാറ്റിവച്ചു. 40 ശ്രദ്ധക്ഷണിക്കലുകളും 210 സബ്മിഷനുകളും സമ്മേളനത്തില്‍ ഉന്നയിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള 19 നോട്ടീസുകള്‍ പരിഗണിച്ചെങ്കിലും സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട പ്രമേയങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്തില്ല. ചോദ്യങ്ങള്‍ക്കുള്ള 13241 നോട്ടീസുകള്‍ ലഭിച്ചു. ഇതില്‍ 8326 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 4916 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും ഉള്‍പ്പെടും. അടിയന്തര ചോദ്യങ്ങള്‍ക്കായി ഏഴു നോട്ടീസുകളും അരമണിക്കൂര്‍ ചര്‍ച്ചയ്ക്കായി മൂന്നു നോട്ടീസുകളും ലഭിച്ചു. സമ്മേളനകാലത്ത് ലിസ്റ്റ് ചെയ്യപ്പെട്ട 810 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളില്‍ 83 എണ്ണത്തിനും വാങ്മൂലം മറുപടി നല്‍കി. സഭയില്‍ ഉന്നയിച്ച 673 ഉപചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്‍കി. നക്ഷത്രചിഹ്നമിടാത്ത 6767 ചോദ്യങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. അടിയന്തര ചോദ്യങ്ങളില്‍ ഒരെണ്ണം മാത്രമാണ് സഭയില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനികരെ അഭിനന്ദിച്ചും സംസ്ഥാനത്തിനുള്ള ഭക്ഷ്യ സബ്‌സിഡി കുറയ്ക്കാതെ നിലനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതുമായ രണ്ട് പ്രമേയങ്ങള്‍ സഭ ഐകകണ്‌ഠ്യേന പാസാക്കി. ചട്ടം 130 പ്രകാരം രണ്ട് ഉപക്ഷേപങ്ങള്‍ സഭ പരിഗണിച്ച് വിത്യസ്തങ്ങളായ രണ്ടു വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇതുപ്രകാരം ചട്ടം 275 അനുസരിച്ചുള്ള രണ്ടു സബ്സ്റ്റാന്റീവ് മോഷനുകളും ഐകകണ്‌ഠ്യേന പാസാക്കി. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും ചട്ടം 300 പ്രകാരമുള്ള പ്രസ്താവനകളും നടത്തി. നിയമസഭാ ചട്ടങ്ങളില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 205(ബി) അനുസരിച്ചുള്ള ചര്‍ച്ചകളും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി. ധനാഭ്യര്‍ഥനകളെയും ഉപധനാഭ്യര്‍ഥനകളെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍, 2016ലെ കേരള ധനകാര്യബില്ല്, കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ല് എന്നിവയുള്‍പ്പെടെ എട്ട് നിയമങ്ങള്‍ സഭ പാസാക്കി. എട്ട് അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതിക്കുള്ള പ്രമേയങ്ങള്‍ സഭയുടെ മുമ്പാകെ വരികയും അവ തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്താണ് സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്. ഐക്യകേരള പിറവിയുടെ 60ാം വാര്‍ഷികദിനമായ കഴിഞ്ഞ ഒന്നിന് സഭ പ്രത്യേകയോഗം ചേര്‍ന്ന് വിവിധ കക്ഷിനേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. സമ്മേളനത്തോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എല്ലാവര്‍ക്കും ക്രിസ്മസ്- നവവല്‍സര ആശംസകളും അദ്ദേഹം നേര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day