|    Dec 7 Wed, 2016 11:43 pm
FLASH NEWS

എടിഎമ്മുകളില്‍ പണമില്ല; ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല

Published : 12th November 2016 | Posted By: SMR

തൃശുര്‍: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുടലെടുത്ത അനിശ്ചിതത്വം മൂന്നുദിനങ്ങള്‍ പിന്നിടുമ്പോഴും പരിഹരിക്കാന്‍ കഴിഞ്ഞില്ല. പണം ലഭ്യമല്ലാതായതോടെ നിത്യചിലവുകള്‍പോലും നിര്‍വഹിക്കാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് സാധരണക്കാര്‍.  ഇന്നലെ രാവിലെ മുതല്‍ എല്ലാ എടിഎമ്മുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന്് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പലതും തുറന്നില്ല. തുറന്ന എടിഎമ്മുകളാവട്ടെ മണിക്കൂറുകള്‍ക്കുള്ളില്‍ കാലിയാവുകയും ചെയ്തു. തൃശൂര്‍ നഗരത്തിലെ എസ്ബിടി, എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാത്തലിക്ക് സിറിയന്‍ ബാങ്കടക്കമുള്ളവയുടെ എടിഎമ്മുകള്‍ക്ക് ഉച്ചയോടെ താഴുവീണു. ഉച്ചയ്ക്ക് ശേഷം പണം നിറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഒന്നുമുണ്ടായില്ല. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന്  കരാര്‍ നല്‍കിയിട്ടുള്ള ബാങ്കുകളിലും പണമില്ലാത്തതിനാലാണ് ഇത് നടക്കാതെ പോയത്. പണം കിട്ടാതായതോടെ ജനങ്ങള്‍ ബാങ്കുകളിലേക്ക് ഇടിച്ചുകയറി. ഇതോടെ ബാങ്കുകളില്‍ നീണ്ടക്യൂ ആയി. കടുത്ത വെയിലിലും അസാധുവാക്കിയ നോട്ടുകള്‍ മാറി പുതിയത് വാങ്ങുന്നതിനായി ആളുകള്‍ കാത്തുകിടന്നു.  50,100 നോട്ടുകള്‍ക്കായിരുന്നു ആവശ്യക്കാരേറെ. ഇവയുടെ സ്റ്റോക്ക് കഴിഞ്ഞതോടെ 2000ത്തിന്റെ പുതിയ നോട്ടുകളാണ് പിന്നീട് ബാങ്കുകള്‍ വിതരണം ചെയ്തത്. ഗ്രാമീണ മേഖലയിലാണ് സ്ഥിതി ഏറെ ദയനീയം. ബാങ്കുകള്‍ തുറന്നെങ്കിലും നോട്ടുകള്‍ മാറ്റിനല്‍കാനുള്ള പണം പലയിടത്തും ഇല്ലായിരുന്നു . വ്യാഴാഴ്ച വൈകുന്നേരം വരെ നോട്ടുകള്‍ മാറി പകരം നല്‍കിയതിനാല്‍ ഭൂരിഭാഗം ബാങ്കുകളിലും പണം തീര്‍ന്നിരുന്നു. ഉച്ചയോടെ പല ബാങ്കുകളിലും പണമെത്തിയെങ്കിലും ദുരിതം ഇരട്ടിക്കുന്ന അവസ്ഥയായിരുന്നു. മണിക്കൂറുകളോളം കാത്ത് നിന്നവര്‍ക്ക് പഴയ നോട്ടുകള്‍ക്ക് പകരം ലഭിച്ചത് രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു. ചിലര്‍ക്ക് കിട്ടിയതാണെങ്കില്‍ 2000ത്തിന്റെ രണ്ട് നോട്ടുകളായിരുന്നു. നൂറിന്റെയും അമ്പതിന്റെയും നോട്ടുകളടക്കം അഞ്ഞൂറില്‍ താഴെയുള്ളവ ആര്‍ക്കും തന്നെ ലഭിച്ചില്ല. കൂനിന്‍മേല്‍ കുരുപോലെയായിത്. കടകളില്‍ ചെന്ന് ആവശ്യമായ സാധനങ്ങളൊന്നും വാങ്ങാനാവാത്ത അവസ്ഥയായിരുന്നു. നോട്ടുകളുടെ നിരോധനത്തിന് ശേഷം വ്യാപാര സ്ഥാപനങ്ങളില്‍ വളരെ കുറഞ്ഞ കച്ചവടമാണുള്ളത്. പലയിടത്തും പത്ത് ശതമാനത്തില്‍ താഴെയായിരുന്നു കച്ചവടം. അതിനാല്‍തന്നെ ചെറിയ നോട്ടുകള്‍  ഇല്ലാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വെറുതെ തുറന്നിരിക്കേണ്ട അവസ്ഥയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സപ്ലൈക്കോ സ്‌റ്റോര്‍ മുതല്‍ ലോട്ടറി മല്‍സ്യകച്ചവടക്കാര്‍ വരെ വ്യാപാരമില്ലാതെ വലയുകയാണ്. രണ്ടുദിനങ്ങള്‍ പിന്നിട്ടതോടെ വീടുകളിലെ സാധനങ്ങളെല്ലാം തീര്‍ന്നതും ദുരിതമായതായി വീട്ടമ്മമാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day