|    Dec 10 Sat, 2016 10:05 pm

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാവും. ശമ്പളം ഇരട്ടിയാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചു. നിലവിലെ മണ്ഡലം അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയാവും. മറ്റ് അലവന്‍സുകള്‍ കൂടി ചേരുമ്പോള്‍ 2.5 ലക്ഷം ഓരോ എംപിക്കും പ്രതിമാസം ലഭിക്കും.
ബിജെപിയുടെ യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്റ് അംഗങ്ങളുടെ സംയുക്ത സമിതിയാണ് എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ വച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാര്‍ശ പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചു. ഈ ശുപാര്‍ശ രണ്ടാമത്തെ സമിതിയും അംഗീകരിച്ചതോടെയാണ് എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചത്. നേരത്തേ രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്താനും ഗവര്‍ണര്‍മാരുടെ പ്രതിമാസ വേതനം 1.10 ലക്ഷം രൂപയില്‍ നിന്നു രണ്ടര ലക്ഷമായി ഉയര്‍ത്താനും തീരുമാനമായിരുന്നു. കാബിനറ്റ് സെക്രട്ടറിമാരുടെ ശമ്പളം രാഷ്ട്രപതിയുടേതിനേക്കാള്‍ കൂടുതലായ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി.
ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് രാഷ്ട്രപതിയേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നത് വാര്‍ത്തയായിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ് രാജ്യസഭയില്‍ ബഹളം വച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക