|    Dec 6 Tue, 2016 11:29 am
FLASH NEWS

എംടെക്കില്‍ ഒന്നാം റാങ്ക്; നിര്‍മലിന്റെ വിജയത്തിന് തിളക്കമേറെ

Published : 19th November 2016 | Posted By: SMR

മാള: പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താന്‍ മരപ്പണിക്ക് പോകുന്ന നിര്‍മലിന് എംടെക് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണത്തിളക്കം. കണ്ണൂര്‍ സര്‍വകലാശാല എംടെക് പവര്‍ ഇലക്ട്രോണിക്‌സ് ആന്റ് െ്രെഡവ്‌സ് പരീക്ഷയിലാണ് മാള തന്‍കുളം സ്വദേശി ചക്കമ്മാത്ത് മുകുന്ദന്‍ മകന്‍ നിര്‍മ്മല്‍ ഒന്നാം സ്ഥാനം നേടിയത്. കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ പഠിച്ച നിര്‍മലിന് അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡിക്ക് പ്രവേശനവും ലഭിച്ചു. കേരളത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ച പത്ത് പേരില്‍ ഒരാളാണ് നിര്‍മല്‍. ഡല്‍ഹി ഐഐടിയില്‍ ആറ് മാസത്തെ പ്രത്യേക പരിശീലനത്തിനും നിര്‍മല്‍ യോഗ്യത നേടി. കുറഞ്ഞ ചെലവില്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മിക്കുന്ന നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചാണ് ഐഐടിയില്‍ നിര്‍മല്‍ പരിശീലനത്തിന് പോവുന്നത്. എട്ടാം ക്ലാസ് മുതല്‍ ബന്ധുക്കള്‍ക്കൊപ്പം നിര്‍മല്‍ കുലത്തൊഴിലായ മരപ്പണിക്ക് പോകുമായിരുന്നു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ പണിക്ക് പോകുന്നതായിരുന്നു രീതി. എംടെക്കിന് ചേര്‍ന്നപ്പോള്‍ പണിക്ക് പോകാന്‍ കഴിയുമോ എന്നതില്‍ സംശയമായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള അച്ഛന്‍ മുകുന്ദന് ജോലിയൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ നിര്‍മല്‍ ഉളിയും ചുറ്റികയും ഏന്തലേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. മറ്റു വേറെ മാ ര്‍ഗം ഇല്ലായിരുന്നു. കണ്ണൂരില്‍ നിന്ന് വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാ ല്‍ ശനിയും ഞായറും പണിക്ക് പോകും. കൂടാതെ ഓരോ അവധിയ്ക്കും വീട്ടിലെത്തിയാല്‍ പണിക്ക് പോകുന്നതാണ് നിര്‍മലിന്റെ ശീലം. മരപ്പണി ഇല്ലെങ്കില്‍ അടുപ്പ് നിര്‍മാണത്തിന് പോകും. രണ്ട് ദിവസം പണിക്ക് പോയി കിട്ടുന്ന 1500 രൂപ വീട്ടില്‍ നല്‍കിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ കോളജിലേക്ക് പോയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പണിക്ക് പോകുന്നതും കുടുംബ പശ്ചാത്തലവും നിര്‍മലിന്റെ പഠനത്തിന് തടസമായില്ലെന്നത് എംടെക് പരീക്ഷാഫലം വന്നപ്പോള്‍ ബോധ്യമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day