|    Oct 24 Mon, 2016 5:34 am
FLASH NEWS

എംഇഎസില്‍ വിമതസ്വരം; പ്രസിഡന്റിനെതിരേ ഒരു വിഭാഗം

Published : 20th September 2016 | Posted By: SMR

ആബിദ്

fazal-gafoor

കോഴിക്കോട്: എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ സംഘടനയില്‍ ഏകാധിപതിയാവുകയാണെന്നും ധൂര്‍ത്തും അഴിമതിയും നടത്തുന്നുവെന്നും ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. മുന്‍ സംസ്ഥാന സെക്രട്ടറിയും പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്ന ഡോ. കെ മഹ്ഫൂസ് റഹീമിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന പ്രസിഡന്റിനെതിരേ സേവ് എംഇഎസ് ഫോറം എന്ന പേരില്‍ പരസ്യമായി രംഗത്തുവന്നു. ആജീവനാന്തം പ്രസിഡന്റായി തുടരാന്‍ സൊസൈറ്റി രജിസ്ട്രാര്‍പോലും അറിയാതെ ഫസല്‍ ഗഫൂര്‍ ഭരണഘടനയില്‍ മാറ്റം വരുത്തിയതായും ഇതിനെതിരേ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും ഫോറം ഭാരവാഹികള്‍ പറയുന്നു.
പുതിയ ഭരണഘടനപ്രകാരം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവിലേക്ക് 15 അംഗങ്ങളെയാണ് തിരഞ്ഞെടുക്കാനാവുക. എന്നാല്‍, 20 പേരെ പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാം. ഈ രീതിയില്‍ ജില്ലാ കമ്മിറ്റികളെയും 178 സ്ഥാപന കമ്മിറ്റികളെയും വരുതിയിലാക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്. 2013ല്‍ സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ ഫോറം പ്രസിഡന്റ് ബ്ലാങ്കായി ഒപ്പിട്ടുവാങ്ങി തന്നിഷ്ടപ്രകാരം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. സംശയമുള്ള ജില്ലാ കമ്മിറ്റികളില്‍ തെറ്റായി മെംബര്‍ഷിപ്പ് ചേര്‍ത്ത് മറ്റു ജില്ലകളില്‍നിന്ന് തനിക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റി. ഈ രീതിയില്‍ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് മലപ്പുറത്തുനിന്ന് ആളുകളെ മാറ്റിയതിനെതിരേയും കേസ് നിലവിലുണ്ട്.
നിര്‍ധനരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ടിരുന്ന സംഘടന ഇന്ന് എല്‍കെജി മുതല്‍ എംബിബിഎസ്, എംഡി, എംഎസ് വരെയുള്ള കുട്ടികളില്‍നിന്ന് തലവരിപ്പണം വാങ്ങി സമ്പത്തുണ്ടാക്കുന്ന അവസ്ഥയിലേക്കു മാറി.
എംഇഎസിന് വഖ്ഫായി കിട്ടിയ ഭൂമിപോലും വിറ്റ് കാശാക്കുകയാണെന്നും ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ 52 സെന്റ് സ്ഥലം, വളാഞ്ചേരിയിലെ 40 ഏക്കര്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണെന്നും ഫോറം ആരോപിക്കുന്നു.
100 കോടി ചെലവില്‍ എംഇഎസ് മെഡിക്കല്‍ കോളജിന് സമീപം ആരംഭിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രസിഡന്റ് ഭാര്യയുടെയും മകന്റെയും കുടുംബത്തിന്റെയും പേരില്‍ ജോയിന്റ് വെന്‍ച്വറായാണ് ആരംഭിച്ചത്. മകനാണ് ഇതിന്റെ ഡയറക്ടര്‍. ചാരിറ്റബിള്‍ സൊസൈറ്റി ജോയിന്റ് വെന്‍ച്വര്‍ തുടങ്ങാന്‍ പാടില്ലെന്നിരിക്കെയാണ് പ്രസിഡന്റ് ഇത്തരത്തിലൊരു ഉദ്യമത്തിനു മുതിര്‍ന്നത്. പ്രൊജക്ടിന്റെ സ്ഥലംപോലും കുടുംബത്തിന്റെ പേരിലാണ് വാങ്ങിയത്. ഭൂമി വാങ്ങിയതിലും അഴിമതി ആരോപിക്കുന്നു. ഇതിനെതിരേ കേസ് നല്‍കിയതിനെ തുടര്‍ന്ന് പ്രസിഡന്റിന് ഡയറക്ടര്‍ഷിപ്പ് ഒഴിയേണ്ടിവന്നതായും ഫോറം ചൂണ്ടിക്കാട്ടി.
പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരേ രംഗത്തുവരുന്നവരെ സംഘടനയില്‍നിന്ന് ഏകപക്ഷീയമായി പുറത്താക്കുന്നതായി ഫോറം കുറ്റപ്പെടുത്തി. സംഘടനയ്ക്ക് കോടികളുടെ സ്വത്ത് വഖ്ഫ് ചെയ്ത കാപ്പുങ്ങല്‍ സെയ്തലവി ഹാജിയുടെ മകന്‍ ഡോ. കെ മഹ്ഫൂസ് റഹീമിനെ പുറത്താക്കിയ നടപടി ഇതിന്റെ ഭാഗമാണ്. യാതൊരു വിശദീകരണവും ചോദിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് മണ്ണാര്‍ക്കാട് കോളജിന്റെ മുന്‍ പ്രസിഡന്റ്കൂടിയായ മഹ്ഫൂസ് റഹീമിനെ പുറത്താക്കിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.
മേലാറ്റൂരില്‍ ഇതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഡോ. കെ മഹ്ഫൂസ് റഹീമിന്റെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഹൈക്കോടതിയിലും കോഴിക്കോട് മുന്‍സിഫ് കോടതിയിലും ഫസല്‍ ഗഫൂറിനെതിരേ നല്‍കിയ പരാതിയുമായി മുന്നോട്ടുപോവാന്‍ യോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 508 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day