|    Dec 3 Sat, 2016 5:52 am
FLASH NEWS

ഉല്‍സവങ്ങളിലും മറ്റും ആനകള്‍ക്ക് നിയന്ത്രണം വേണമെന്ന് മേനകാഗാന്ധി

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മറ്റും ആനകളെ വളര്‍ത്തുന്നതിനും ഉല്‍സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി മേനകാഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് മേനകാഗാന്ധി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതി. മൃഗശാലകളില്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനു സമാനമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും ഇക്കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
ആനകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (സിഇസെഡ്എ) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ അത് തൃശൂര്‍ പൂരത്തിനു തിരിച്ചടിയാവും.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍സവങ്ങളിലും ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മേനകാഗാന്ധിയുടെ നടപടി. കത്തിലെ നിര്‍ദേശങ്ങള്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സാങ്കേതിക വിദഗ്ധ സമിതി അംഗീകരിച്ചിട്ടുണ്ട്. മന്ത്രി അനില്‍ മാധവ് ദവേയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ അത് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും.
പല ആനകള്‍ക്കും നിയമാനുസൃതമായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല. ആനകളെ പ്രകൃതിസൗഹൃദ സ്ഥലങ്ങളില്‍ വളര്‍ത്തണം, സുഖചികിത്സയ്ക്കു പ്രത്യേക സൗകര്യവും കേന്ദ്രവും തയ്യാറാക്കണം, ഭക്ഷണത്തിനും താമസത്തിനും കുളിപ്പിക്കാനും പ്രത്യേക സൗകര്യങ്ങള്‍, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, മൃഗഡോക്ടറുടെയും ജീവശാസ്ത്രജ്ഞരുടെയും വിദഗ്ധ പരിശീലകരുടെയും സേവനം ഉറപ്പുവരുത്തല്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം രാജ്യത്ത് ക്ഷേത്രങ്ങളിലും മൃഗശാലകളിലുമായി ആകെ 3400 ആനകളാണുള്ളത്. ഇതില്‍ ബഹുഭൂരിഭാഗവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം 60 ആനകളുണ്ട്.
ആനകളുടെ എഴുന്നള്ളിപ്പും പരിപാലനവും ഒരു വ്യവസായം കൂടിയാണ്. തൃശൂര്‍ പൂരത്തിന് മണിക്കൂറുകളോളം ഇവയ്ക്കു വെള്ളമോ ഭക്ഷണമോ നല്‍കാതെ വെയിലത്തു നിര്‍ത്തുന്നു. ഇത് അവയോട് ചെയ്യുന്ന പീഡനമാണ്. ഇതിനു പുറമേ ഭക്തരുടെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും കരിമരുന്നു പ്രയോഗങ്ങളും കൂടിയാവുമ്പോള്‍ ആനകള്‍ക്കു പീഡനം ഇരട്ടിയാവുന്നു. ഇരുമ്പുദണ്ഡ് കൊണ്ടുപോലും ആനകളെ മര്‍ദിക്കുന്നു. ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ചിടുന്നതിനാല്‍ ചില ആനകള്‍ക്കു മുറിവും പറ്റുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day