|    Oct 22 Sat, 2016 6:58 pm
FLASH NEWS

ഉലകക്രമത്തിലെ ഉണ്ടച്ചുരുട്ടുകള്‍

Published : 31st August 2015 | Posted By: admin

അശ്‌റഫ് ശ്രമദാനി

നവലോകത്തിന്റെ ഉദ്ഘാടനം എങ്ങനെയാണ് യൂറോ-അമേരിക്കന്‍ ശക്തന്‍ തമ്പുരാന്മാര്‍ ‘അടിച്ചുപൊളിച്ചതെ’ന്ന് ഏറെയേറെ ഓര്‍ക്കാനുണ്ട്. കാരണം, നാം ഇനി കാണുന്ന ലോകത്തിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവും സാമ്പത്തികവും സാംസ്‌കാരികവുമൊക്കെയായ ദുരവസ്ഥയ്ക്ക് നിമിത്തമായിട്ടുണ്ടത്. എന്തിനേറെ, ഭൂമിശാസ്ത്രം തന്നെ മാറി. ആഗോള മനുഷ്യരുടെ പൊതുബോധത്തിനു ബാധയേറ്റു. പൊതുബോധം പങ്കിലമായാല്‍ മനുഷ്യബന്ധങ്ങള്‍ക്കാണ് വിള്ളല്‍. അതറ്റുപോകുന്നു വഴിയെ. അറ്റുപോകാന്‍ ഏറെയില്ലിനി. അങ്ങനെ ലോകസമാധാനം വെറുമൊരു മരീചികയാകുന്നു. അതേക്കുറിച്ചുള്ള പ്രത്യാശ ഒരു ശുദ്ധമൗഢ്യമായി മാറുന്നു. അതിന്റെ സംരംഭകരും ഗുണഭോക്താക്കളും ആരൊക്കെയെന്നത് അറിയപ്പെടാത്ത ഒരു കാര്യമല്ല. അല്ലെങ്കില്‍ത്തന്നെ നാനാവിധേന താറുമാറായിക്കൊണ്ടിരുന്ന ലോകവ്യവസ്ഥിതിയിന്മേല്‍ ചവിട്ടിനിന്നുകൊണ്ടാണ് നവലോകക്രമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം. ഇതിനു തുല്യമോ സമാനമോ ആയ പല വിക്രിയകളും ചെയ്തിട്ടുള്ള ലോകവല്യേട്ടന്മാര്‍ തന്നെയാണ് ഇതിന്റെയും കൈകാര്യകര്‍ത്താക്കളും പ്രയോക്താക്കളും. പക്ഷേ, പുതിയൊരു വെറൈറ്റി പയറ്റുന്നുണ്ട് ഇക്കൂട്ടരിവിടെ. പ്രതിരാഷ്ട്രത്തെ നിരായുധരാക്കാനുള്ള പ്രീഎംപ്റ്റീവ് പ്രഹരം നീതിയുദ്ധം എന്ന മഹത്തായ ആശയത്തിന്റെ ആത്മാവിഷ്‌കാരം! ഇതിലൂടെയാണ് ജസ്റ്റ്‌വാര്‍, പ്രീഎംപ്റ്റീവ് സ്‌ട്രൈക്ക് തുടങ്ങിയ പദങ്ങള്‍ പ്രചുരപ്രചാരം നേടിയത്. ഇറാഖ്-ഇറാന്‍ യുദ്ധം വഴി പറ്റാവുന്നത്ര ഉഴുതുമറിച്ച ഒരു നിലത്തുവച്ചുതന്നെയായിരുന്നു പുതിയ മറ്റൊരു തുടക്കം. അഭിശപ്തമായൊരു തുടക്കം തന്നെയാണത്. ഇനിയും ഒടുങ്ങാത്ത ഒരു തുടക്കം. ദാരുണമായൊരു തുടര്‍ച്ച. അനതിവിദൂര ഭാവിയിലെങ്കിലും ഇതിനൊരു മോചനമോ സമാധാനത്തെക്കുറിച്ചൊരു സ്വപ്‌നമോ ഉയിര്‍ത്തുവരുന്നില്ല. ഇപ്പറഞ്ഞ ഈ യുദ്ധത്തിന്റെ നിമിത്തവും പശ്ചാത്തലവും പരിണതിയും ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും വലിയ താല്‍പ്പര്യമില്ല. റിസാ ഷാ പഹ്‌ലവിയുടെ നിഷ്‌കാസനത്തിലും വിപ്രവാസത്തിലും അവസാനിച്ച, ഇമാം ഖുമൈനിയുടെ തിരിച്ചുവരവിലും ഒരു ജനതയുടെ മോചനത്തിലും അരങ്ങേറിയ ഒരു ചരിത്രവിപ്ലവമായിരുന്നു ഇതിന്റെ പശ്ചാത്തലവും നിമിത്തവും. ഈ യുദ്ധത്തിനു വേണ്ടി ‘ആത്മാര്‍ഥ’മായി ഉത്സാഹിക്കുകയും വേണ്ടത്ര പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ യുദ്ധം തുടങ്ങി ഏറെ താമസിയാതെ സഹായഹസ്തം പിന്‍വലിച്ചു. സദ്ദാം ഹുസയ്ന്‍ എല്ലാ അര്‍ഥത്തിലും തളര്‍ന്നുപോയി. വിമോചനപ്പോരാട്ടത്തില്‍ തളര്‍ന്നുപോയ ഒരു ജനതയുടെ മേല്‍ അകാരണമായി അസമയത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട ഒരനീതിയുദ്ധം എന്ന ദുഷ്‌പേരുമുണ്ടായി ഈ യുദ്ധത്തിന്. സത്യം പറഞ്ഞാല്‍ ഈ തളര്‍ച്ച, ഈ തകര്‍ച്ചയിലേക്കു നയിച്ചവരോടുള്ള പ്രതിഷേധം പറയാതെത്തന്നെ വായിച്ചെടുക്കാന്‍ കഴിയുന്ന മറ്റു ചില സംഗതികള്‍ ഒക്കെയാണ് കുവൈത്ത് അധിനിവേശത്തിലേക്കു സദ്ദാമിനെ നയിച്ച ലളിതമായ യാഥാര്‍ഥ്യങ്ങള്‍. പക്ഷേ, അതൊരു വാതായനമായി ഇടനാഴികയായി ജസ്റ്റ്‌വാറിനും പ്രീഎംപ്റ്റീവ് സ്‌ട്രൈക്കിനും സദ്ദാമിന്റെ രാസായുധപ്രയോഗവും വമ്പിച്ച കൂട്ടനശീകരണായുധ ശേഖരവും ഘട്ടംഘട്ടമായി ഗഡുക്കള്‍ ഗഡുക്കളായി ഇറാഖിനെ പ്രഹരിക്കാനുള്ള നൈതികത (ലെഗസി) നേടിക്കൊടുത്തു. ഈ ലെഗസി തന്നെയാണ് ആഗോള ഭീകരനെ ഒളിപ്പിച്ചുവച്ചതിനും ഭീകരതാവളങ്ങള്‍ നിര്‍മിച്ചു ഭീകരന്മാരെ രക്ഷിക്കുന്നതിനും അഫ്ഗാന്റെ മേല്‍ നീട്ടിച്ചാര്‍ത്തിയത്; എന്നു പറഞ്ഞാല്‍ താലിബാനെതിരേ ചാര്‍ത്തിയത്. ഇതിനൊക്കെയുള്ള നിയമസാധുത (ലെജിറ്റിമസി) ഒരിക്കലും കാലഹരണപ്പെടില്ല! സദ്ദാം തുറുങ്കിലടയ്ക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. ആഴക്കടലിന്റെ അടിത്തട്ടില്‍ മയ്യിത്ത് സംസ്‌കരിക്കുന്നതിന്റെ കര്‍മശാസ്ത്രപാഠങ്ങള്‍ (ഫിഖ്ഹ്) മുസ്‌ലിം ലോകത്തിനു സമ്മാനിച്ചുകൊണ്ട് ഉസാമയുടെ ജീവനും വലിച്ചൂരപ്പെട്ടു. അവരും മറ്റു പലരും അവരവരുടെ കര്‍മങ്ങളുമായി യാത്രയായി. വിശ്വാസികള്‍ക്ക് പിന്നെ മറ്റൊന്നും പറയാനുണ്ടാവില്ലല്ലോ, പ്രാര്‍ഥനയല്ലാതെ. ദാവീദ് ബുഷും ദാവീദ് പുത്രന്‍ ജോര്‍ജ് ബുഷുമാണ് ഈ വെറൈറ്റി പ്രോഗ്രാമിനു തുടക്കം കുറിച്ചത്. അടിയാളന്റെ നിറവും ചോരയും പൈതൃകവും ആത്യന്തിക ഇരകളുടെ (അള്‍ട്ടിനേറ്റ് വിക്റ്റിംസ്) മതപൈതൃകവുമുള്ള ഒബാമ അവരുടെ ദൗത്യം ഏറ്റെടുത്തു നടത്തുന്നു. ഇന്ന് ഒബാമ നിരാശനാണ്. മറ്റൊന്നിനുമല്ല, ദിനംപ്രതി വര്‍ധിച്ചുവരുന്ന തോക്കുധാരികളുടെ അക്രമണത്തിന്റെ പേരില്‍ അമേരിക്കയിലെ ‘തോക്കുനിയമം’ മാറ്റാനാവാത്തതില്‍! കല്ലിനും കവണയ്ക്കും പകരം പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് എത്രയെത്ര ദുഷ്ടന്മാരായ രാജാക്കന്മാരെയാണ് ഈ ആട്ടിടയന്‍ ദാവീദുമാര്‍ കൊന്നുവീഴ്ത്തുന്നത്. പാരിസ്ഥിതിക സന്തുലിതത്വം തകിടംമറിച്ചും മണ്ണില്‍ വിഷം വിതച്ചും മനുഷ്യപുത്രന്മാരെയും ജീവജാലങ്ങളെയും കൊന്നും ചരിത്രപൈതൃകങ്ങളെയും മാമലകളെയും തകര്‍ത്തും ജലസ്രോതസ്സുകളെ മലിനമാക്കിയും ഇവരുടെ യാത്ര തുടരുക തന്നെയാണ്. പക്ഷേ, അവര്‍ക്ക് അണിയാന്‍ പാകതയില്‍ വിലപിടിപ്പുള്ള മേലങ്കികളുണ്ട്. നീതിയുടെയും ദിവ്യകാരുണ്യത്തിന്റെയും ചാരിറ്റിയുടെയും അപ്പോസ്തലവേഷം ഇവര്‍ക്ക് എളുപ്പം മാറാന്‍ കഴിയുന്നു. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ജീവകാരുണ്യ ഫൗണ്ടേഷനുമായി നീങ്ങാന്‍ ഉദ്ദേശിക്കുന്ന ആഗോള ശതകോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ തോറ്റുപോകുന്ന ചാരിറ്റി. മുഹമ്മദീയ ശരീഅത്തില്‍ ഫൗണ്ടേഷന്റെ ഫണ്ട് ശുദ്ധമാവണമല്ലോ. യു.എന്‍. റിപോര്‍ട്ട് അനുസരിച്ച് ഈ നവലോകക്രമത്തില്‍ കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളായത് 60 ദശലക്ഷത്തോളം പേരാണെന്നു വായിച്ചു. വിശ്വാസിസമൂഹത്തിലെ ചിലര്‍ക്കെങ്കിലും പലതും തോന്നാം. നടേ പറഞ്ഞ ഉദ്ഘാടനത്തിന് നല്ല ബര്‍കത്തുണ്ടെന്നു സാരം. നല്ല ഉദ്ഘാടന മഹാമഹം! അറബ് വസന്തം അതിനിടയ്ക്കാണ് ഒരു കൊള്ളിയാന്‍ പോലെ വെള്ളിടി പോലെ അറബ് വസന്തം കടന്നുവരുന്നത് നാം താമസിക്കുന്ന ഗ്രഹത്തിലുള്ളവര്‍ കണ്ടത്. സോഷ്യല്‍ ഡെമോക്രസിയുടെയും സെക്കുലര്‍ ഡെമോക്രസിയുടെയും കാപ്പിറ്റല്‍ ഡെമോക്രസിയുടെയും കമ്മ്യൂണിസ്റ്റ് ഡെമോക്രസിയുടെയും പ്രവാചകന്മാര്‍ ഈ മിന്നായം കണ്ട് ആഹ്ലാദിക്കുമെന്ന് തെരുവുജനത (സ്ട്രീറ്റ് പീപ്പിള്‍സ്) കരുതി. അതൊരു അസംബന്ധമായി. ചെറിയൊരു വട്ടുകേസായിരുന്നുവെങ്കിലും ജനങ്ങള്‍ക്കു വേണ്ടി പലതും ചെയ്തിരുന്ന ഖദ്ദാഫിയെപ്പോലുള്ളവര്‍ വധിക്കപ്പെടുകയും സ്വത്തിനു വേണ്ടി പരമാവധി കരുതലുണ്ടാക്കിയ ഹുസ്‌നി മുബാറകിനെ പോലുള്ളവര്‍ വധം അതിജയിക്കുകയും ചെയ്തു. ഒരു ജനതയുടെ ആത്മാഭിലാഷമായിരുന്ന തിരഞ്ഞെടുപ്പ് തിരഞ്ഞെടുക്കപ്പെട്ടവരുടെ വധശിക്ഷയില്‍ കലാശിച്ചുപോകുന്ന ദുഃഖദൃശ്യാനുഭവമായി പരിണമിക്കുന്നു. പകല്‍വെളിച്ചം പോലെ അല്‍ജീരിയയില്‍ ഇതുപോലൊരു ജനാഭിലാഷഹത്യ കണ്ടത് കരുതിക്കൂട്ടി മറയ്ക്കുകയാണ് ലോകം. സ്വന്തം ഹിതമനുസരിച്ച് ജനഹിതം അട്ടിമറിക്കാനുള്ള സിദ്ധി ഈ പ്രവാചകന്മാര്‍ക്കുണ്ട്. ശിയാ-സുന്നി വംശീയ വിഭാഗീയതഈ പൂരത്തിനിടയ്ക്ക് ഉത്സാഹക്കമ്മിറ്റിക്കാര്‍ പുട്ടുകച്ചവടം പൊടിപൊടിച്ചു. ശിയയും സുന്നിയും ഒരു യാഥാര്‍ഥ്യമായിരുന്നുവെങ്കിലും ഒരു കൊലക്കത്തിയായിരുന്നിട്ടില്ല. ഈ ഇനത്തില്‍ പാകിസ്താനില്‍ നിന്നാണ് ചില പൊട്ട് കേള്‍ക്കാറ്. ‘റോ’ ആണ് അതിനു പിന്നിലെന്ന് അവര്‍ ആരോപിക്കാറുമുണ്ട്. പൗരബോധപ്പെരുമ കൂടിയ കുവൈത്തില്‍ നിന്നു നമ്മളും കേട്ടൊരു പൊട്ട്. അമീര്‍ റിസ്‌കെടുത്ത് തല്‍ക്ഷണം സംഭവസ്ഥലത്തു പാഞ്ഞെത്തി രംഗം ശാന്തമാക്കി. പിന്നീട് ശിയാക്കളും സുന്നികളും ജുമുഅ നമസ്‌കരിച്ചത് കുവൈത്തിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് മോസ്‌കില്‍. ഐ.എസ്. അവിടെ നോട്ടപ്പുള്ളിയാണ്. ഭരണാധികാരികളുടെ പ്രത്യുല്‍പ്പന്നമതിത്വം വലിയ കാര്യം തന്നെ. എന്നിരുന്നാലും ആഭ്യന്തരയുദ്ധത്തിന്റെ വറുതിയിലും വറചട്ടിയിലും കഴിയുന്ന സിറിയയില്‍ ശിയാ-സുന്നി ട്രെന്‍ഡ് ശക്തമാണ്. സദ്ദാം ഹുസയ്‌ന്റെ പ്രഭാവകാലത്ത് ഈ വിഭാഗീയ പ്രവണത പ്രകടമാകാതെ പോയത് വെറും സ്വേച്ഛാധിപത്യത്തിന്റെ കണക്കില്‍ മാത്രം എണ്ണിപ്പറഞ്ഞാലാവില്ല. കാരണം ‘നവലോകക്രമം’ അതിക്രമിച്ചുകയറി കുട്ടിച്ചോറാക്കുന്നതിനു മുമ്പ് ഇറാഖിന് അറബ്‌ലോകത്തും ലോകത്തുമുണ്ടായിരുന്ന സ്റ്റാറ്റസും സുസ്ഥിതിയും വികാസവും സമ്പന്നതയും ശക്തിയും അങ്ങനെയായിരുന്നു. ബഹ്‌റയ്‌നിന്റെ മിനിസ്ട്രി ഓഫ് യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഘടനയും പരിശീലനവും സാമ്പത്തിക സഹായവും സദ്ദാമിന്റെ ഇറാഖാണെന്ന് അന്നാട്ടുകാരില്‍ ചിലര്‍ നേരില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലത്തെ ഇറാഖിയന്‍ എണ്ണസമ്പന്നതയുടെ നല്ല ഗുണഭോക്താക്കള്‍ തന്നെയായിരുന്നു നമ്മളും. താല്‍ക്കാലിക ലാഭസ്ഥിതിക്കു വേണ്ടി മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ തന്നെ തകര്‍ക്കുന്നവര്‍ അതിനായി ചമയ്ക്കുന്ന ന്യായങ്ങളെ വിശ്വസിക്കാനാണ് നമുക്കിഷ്ടം. അത്തരം ന്യായങ്ങളെ വിശ്വസിക്കുന്നതുകൊണ്ടു മാത്രമല്ല അറബ് മുസ്‌ലിം യമനിലെ അറബ് മുസ്‌ലിം സൈനിക ഇടപെടലുകള്‍ പോലെത്തന്നെ ആശങ്കയുളവാക്കുന്ന യുദ്ധങ്ങളുണ്ടാകുന്നത് ഏര്‍പ്പെട്ട പ്രദേശങ്ങളുടെ ഭരണസാരഥ്യം വഹിക്കുന്നവരുടെയും അവരുടെ ഉപശാലകളിലുള്ളവരുടെയും സ്ഥാപിതതാല്‍പ്പര്യങ്ങള്‍ കാരണം കൂടിയാണ്. ഇപ്പോള്‍ യുദ്ധക്കുറ്റങ്ങളിലേക്കും വഴുതിവീണെന്ന് നിരീക്ഷിക്കപ്പെടുന്ന ഹൂഥികള്‍ ശിയാവംശജരായതുകൊണ്ട് സുന്നി-ശിയാ വിഭാഗീയതയ്ക്ക് ഗതിവേഗം കൂട്ടുന്നുണ്ടിവിടെ. അറബ് മുസ്‌ലിം പൊതുതാല്‍പ്പര്യത്തിനു  ഹാനികരവും ആപല്‍ക്കരവും വിനാശകരവുമാണീ ചിത്രം. ഇതും അപലോകക്രമത്തിന്റെ തുടര്‍ച്ചയില്‍ മുളച്ചൊരു പടുവിത്തുതന്നെ.ധര്‍മസങ്കടങ്ങള്‍ ഇതെല്ലാം സ്വപ്‌നം കാണുന്ന മുസ്‌ലിംകളുടെ പ്രത്യാശയെ തകര്‍ക്കുന്നു. ഇതിന്റെയെല്ലാം കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിക്കുന്നതും വഹിക്കുന്നതും അവരാണല്ലോ. സിംഹഭാഗവും മുസ്‌ലിംകള്‍ ഇരയാകുന്നു. മനുഷ്യരാശിക്കെതിരേയുള്ള ഗൂഢാലോചനാ പദ്ധതികളുടെയും ഉപജാപങ്ങളുടെയും മുഖ്യസൂത്രധാരകരായ ഇസ്രായേലുമായി സൗദി അറേബ്യക്കും തെളിഞ്ഞ ബന്ധങ്ങള്‍ വരുന്നുവെന്ന വാര്‍ത്തയും മുസ്‌ലിംകളെ സങ്കടപ്പെടുത്തുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തും പഴിചാര്‍ത്തപ്പെടുന്ന സങ്കടം, സാമൂഹികവിരുദ്ധ കുറ്റം മുദ്രയടിച്ചു ശിക്ഷയേറ്റുവാങ്ങുന്ന നിരപരാധികളുടെ സങ്കടം, അരക്ഷിതത്വത്തിന്റെ സങ്കടം, അഭയാര്‍ഥിത്വത്തിന്റെ സങ്കടം, കരയ്ക്കുമല്ല നീറ്റിലുമല്ലാത്തതിന്റെ സങ്കടം, ഇസ്‌ലാമിനെയും പ്രവാചകനെയും നിന്ദിക്കു ന്നതിന്റെ സങ്കടം, ആട്ടിപ്പായിക്കപ്പെടുന്നതിന്റെയും അടിച്ചമര്‍ത്തപ്പെടുന്നതിന്റെയും അടക്കിവാഴുന്നതിന്റെയും വായ മൂടിക്കെട്ടുന്നതിന്റെയും ഇകഴ്ത്തപ്പെടുത്തുന്നതിന്റെയും സങ്കടം- അങ്ങനെ ഒരുപാട് സങ്കടപര്‍വങ്ങള്‍ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോഴും അവരുടെ മൂല്യനിലവാര ചാര്‍ട്ട് താരതമ്യേന ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നതെന്നോര്‍ക്കണം. പരിഷ്‌കൃതരും ശക്തരുമായ യൂറോ-അമേരിക്കന്‍ രാഷ്ട്രങ്ങള്‍ കൈയും കെട്ടി നോക്കിനില്‍ക്കെ രണ്ടു പതിറ്റാണ്ട് മുമ്പ് സെര്‍ബ് പട്ടാളം കൂട്ടക്കശാപ്പ് ചെയ്ത 8000 ബോസ്‌നിയന്‍ മുസ്‌ലിം പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൂടുതല്‍ പരിഷ്‌കൃതരായ ലോകം ഇന്ന് അനുസ്മരിക്കുകയാണ്. ചരിത്രത്തിലെ ഏറെ കുപ്രസിദ്ധമായ സെബ്രനീച്ച കൂട്ടക്കൊലയുടെ 20ാം വാര്‍ഷികം തന്നെ. പല താരതമ്യ പഠനങ്ങള്‍ക്കും വകനല്‍കുന്നുണ്ട് ഈ അനുസ്മരണം. ഇതിന്റെ ഒട്ടും മോശമല്ലാത്ത നടുക്കഷണങ്ങള്‍ തന്നെയാണ് അസമില്‍ നിന്നും ഭാഗല്‍പ്പൂരില്‍ നിന്നും ബോംബെയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമൊക്കെ നമുക്കു കിട്ടുക. അതിന്റെ അനുസ്മരണ ചടങ്ങുകളാണല്ലോ ഇപ്പോള്‍ നടക്കുന്നത്! എന്തിനേറെ, മധ്യാഫ്രിക്കന്‍ റിപബ്ലിക്കിലെ വര്‍ധിച്ചുവരുന്ന മുസ്‌ലിം വംശഹത്യക്ക് യൂറോപ്പിലെയും മറ്റും മരക്കമ്പനികളുടെ ഫണ്ടിങ് ഉണ്ടെന്നു നമ്മള്‍ വായിക്കുന്നു. ഒരു യൂറോ-ക്രിസ്ത്യന്‍ ടച്ച്. മരം കയറ്റുമതിക്കു സംരക്ഷണം നല്‍കുന്ന യുദ്ധക്കുറ്റവാളികളായ മധ്യാഫ്രിക്കന്‍ ക്രൈസ്തവസംഘങ്ങള്‍ക്കു ചൈനീസ് മരക്കമ്പനികളുടെ ലക്ഷക്കണക്കിനു ഡോളര്‍ നല്‍കിയെന്ന്. പാപ്പയുടെ ഫത്‌വയും സര്‍ക്കുലറും ഈദൃശ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ബഹുമാന്യനായ മാര്‍പാപ്പയുടെ പ്രതികരണങ്ങളെ വിലയിരുത്താന്‍. പാരിസ്ഥിതിക സന്തുലിതത്വം തകര്‍ത്തു ഭൂമിയെ നശിപ്പിക്കുന്നവരെ അദ്ദേഹം അക്കമിട്ടു കൈകാര്യം ചെയ്യുന്നത് പരക്കെ വായിച്ചതും വിലയിരുത്തപ്പെട്ടതുമാണ്. ആര് ക്രിസ്ത്യാനി കളല്ലെന്ന വ്യക്തമായ ഫത്‌വ രൂപത്തിലുള്ള ഒരെണ്ണിപ്പറച്ചിലും പാപ്പ നടത്തുകയുണ്ടായല്ലോ. എന്തായാലും മാര്‍പാപ്പ തിരുമേനി കാര്യങ്ങള്‍ തിരിയുന്ന കൂട്ടത്തിലാണെന്നു മനസ്സിലാക്കാനാണ് പാട്. ‘ലൈസ മിന്നാ’ അഥവാ നമ്മില്‍പ്പെട്ടവനല്ലെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മെനക്കെടാത്തതാണല്ലോ മുസ്‌ലിം പ്രശ്‌നങ്ങള്‍ക്കു നിദാനം. മാമനും മേമനും നവലോകക്രമത്തിലെ ഉണ്ടച്ചുരുട്ടുകള്‍/ സൂത്രവാക്യം നാമും നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. (ക്രൂരതയുടെ പുതിയ പേരായി എന്റോള്‍ ചെയ്യ പ്പെട്ട) ഐ.എസ്. നേക്കള്‍ ക്രൂരത (അതിന്റെ പൈതൃകമുള്ള) യു.എസിനാണെന്ന് അമേരിക്കയില്‍ത്തന്നെയുള്ള ഒരു യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ദീപാകുമാര്‍ പ്രതികരിച്ചതും യാക്കൂബ് മേമന്റെ ജുഡീഷ്യല്‍ വധം സ്ഥിരപ്പെടുത്തിയ സുപ്രിംകോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രഫ. അനൂപ് സുരേന്ദ്രനാഥിന്റെ രാജിയും തുലനം ചെയ്യാനുണ്ട്. ശ്രീരാമന്റെ പേരുള്ള പരേതനായ റോ മേധാവിയുടെ സാക്ഷ്യവും ജീവഭയമില്ലാതെ സ്വദേശത്തേക്കു തെളിവുകളുമായെത്തിയ വിനയാന്വിതനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മാപ്പുസാക്ഷ്യവും തുലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഉന്നത നിയമപണ്ഡിതന്മാര്‍ നീതിയുടെ ശാസ്ത്രീയ പിന്‍ബലത്തോടെ അഫ്‌സല്‍ ഗുരുവിന്റെ തൂക്കുമരണത്തെ ‘ആന്‍ എക്‌സിക്യൂഷന്‍ മോസ്റ്റ് ഫൗള്‍’ എന്നാണ് ശക്തിയുക്തം അന്നു പ്രതികരിച്ചത്. അതിന്റെ നാറ്റവും (ഫൗള്‍) ആക്ഷേപവും നിലനില്‍ക്കെ സങ്കടം തൂങ്ങിനില്‍ക്കെ അതിവേഗം ഹ്രസ്വദൂരം മറ്റൊന്ന്! അതും മേമന്റെ ജന്മദിനത്തില്‍. സദ്ദാമിനെ തൂക്കാന്‍ വിശ്വാസികളുടെ ഏറ്റവും വലിയൊരു പുണ്യദിനം തന്നെ തിരഞ്ഞെടുത്തുവല്ലോ. ഓര്‍ക്കേണ്ടതുണ്ട് ഈ ദിവസങ്ങളെല്ലാം. മേമന്റെ മയ്യിത്തെങ്കിലും കിട്ടി- ബഹുലാഭം. ഒരു മുന്‍ പ്രസിഡന്റിനും ശാസ്ത്രജ്ഞനും ലഭിക്കാത്തത്ര മരണാനന്തര പരമ ആദരചക്രം ലാളിത്യത്തിന്റെ ആള്‍രൂപമായ ചാച്ചാ കലാമിനു ലഭിച്ചു. എല്ലാവരും കണ്ണടച്ചു നിര്‍ലോഭം കലാമിനെ പ്രശംസിച്ചു. അഭൂതപൂര്‍വമായ കവറേജ്, അതിഭാവുകത്വം. അതിന്റെ പ്രഭയില്‍ പെടാതെ ഇരട്ടനീതിയുടെ കയറില്‍ തൂക്കി അഴിച്ചിറക്കിയ ഒരു മാപ്പുസാക്ഷിയുടെ മയ്യിത്ത്. ഒരുവേള ആ ആത്മാവിനു ശാന്തിയും ആദരവും അന്തസ്സും ലഭിക്കുന്ന ഒരു അഭൗമലോകം കാണാതിരിക്കില്ല. ഈ പുതിയ ഇന്ത്യയില്‍ നിന്നല്ലാതെ മുസ്‌ലിംപേരുള്ള ഒരു വിശ്വാസപൗരന്, കലാമിന് ഇതിലും വലിയൊരാദരം എവിടെനിന്നു കിട്ടും?      ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day