|    Oct 26 Wed, 2016 12:38 am
FLASH NEWS

ഉറിയിലെ അനുഭവം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി;മറുപടി നല്‍കും

Published : 25th September 2016 | Posted By: mi.ptk

modi

ഇയാസ്  മുഹമ്മദ്

കോഴിക്കോട്: ഭീകരവാദ വിഷയത്തില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു-കശ്മീരിലെ ഉറി സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും തക്കതായ മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 സൈനികരെയാണ് നമുക്ക് ബലികൊടുക്കേണ്ടിവന്നത്. അവരുടെ ജീവത്യാഗം വെറുതെയാവില്ല. പാകിസ്താന്റെ ആശീര്‍വാദത്തോടെ എത്തിയവരാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ മുന്നേറ്റം സൃഷ്ടിച്ച് 21ാം നൂറ്റാണ്ട് വന്‍കരയുടേതാക്കിത്തീര്‍ക്കാന്‍ പരിശ്രമിക്കുമ്പോള്‍ രക്തച്ചൊരിച്ചില്‍ സൃഷ്ടിക്കുകയാണ് പാകിസ്താന്‍. ഏഷ്യ മുഴുവന്‍ രക്തപങ്കിലമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലോകം മുഴുവന്‍ ഭീകരത കയറ്റുമതി ചെയ്യുന്നു. ലോകത്തെവിടെ ഭീകരവാദ സംഭവങ്ങള്‍ ഉണ്ടാവുമ്പോഴും അവരുടെ പേര് പരാമര്‍ശിക്കപ്പെടുന്നു. മനുഷ്യരാശിയുടെ മുഴുവന്‍ ശത്രുവായ ഭീകരവാദത്തിനു മുന്നില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പാകിസ്താന്റെ തനിനിറം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാനുള്ള ശ്രമങ്ങള്‍ തുടരും. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ചെറുസംഘങ്ങളായി 17 തവണ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. 17 സൈനികനീക്കങ്ങളിലായി 110ഓളം ഭീകരരെ വധിക്കാന്‍ സാധിച്ചു. 120 കോടി ജനതയുടെ മനോബലവും ആശീര്‍വാദവുമാണ് ആയുധബലത്തേക്കാള്‍ സൈനികര്‍ക്ക് മുതല്‍ക്കൂട്ട്. നമ്മുടെ അയല്‍രാജ്യം പറയാറുണ്ടായിരുന്നു, തങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ യുദ്ധം ചെയ്യാന്‍ സന്നദ്ധമാണെന്ന്. എന്നാല്‍, എവിടെപ്പോയി അവരുടെ പോരാട്ടവീര്യം? ഭീകരവാദികള്‍ എഴുതിക്കൊടുത്ത കശ്മീരിന്റെ പാട്ടു പാടുകയാണ് അയല്‍രാജ്യത്തെ നേതാവ്. ഒരേ സമയത്ത് സ്വാതന്ത്ര്യം നേടിയവരാണ് ഇന്ത്യയും പാകിസ്താനും. 1947ല്‍ വിഭജിക്കപ്പെടും മുമ്പ് ഈ രാജ്യത്തെ പ്രണമിച്ചിരുന്ന പൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന കാര്യം പാക് ജനത വിസ്മരിക്കരുത്. അവിടത്തെ ജനങ്ങളോടാണ് തനിക്ക് സംസാരിക്കാനുള്ളത്. പാക് അധീന കശ്മീര്‍, സിന്ധ്, ബലൂചിസ്താന്‍ തുടങ്ങി പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരാന്‍ നിങ്ങളുടെ നേതാക്കള്‍ക്ക് സാധിച്ചോയെന്ന് നിങ്ങള്‍ ചോദിക്കണം. ഇന്ത്യ വിവരസാങ്കേതികവിദ്യ കയറ്റുമതി ചെയ്യുമ്പോള്‍ ഭീകരവാദം കയറ്റിയയക്കുന്ന നേതാക്കളെ പാക് ജനത ചോദ്യം ചെയ്യണം. വികസനത്തില്‍ ഇന്ത്യയോട് യുദ്ധം ചെയ്യണം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സമ്പൂര്‍ണ സാക്ഷരത കൈവരിക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും ഇരുരാജ്യങ്ങള്‍ക്കും പരസ്പരം യുദ്ധം ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day