|    Oct 28 Fri, 2016 2:20 am
FLASH NEWS

ഉമ്മര്‍ മാസ്റ്ററുടെ തോല്‍വിക്ക് പിറകില്‍ ലീഗ് നേതൃത്വമെന്ന് ആരോപണം

Published : 20th May 2016 | Posted By: SMR

താമരശ്ശേരി: തിരുവമ്പാടിയില്‍ വി എം ഉമ്മര്‍ മാസ്റ്ററെ മുസ്‌ലിം ലീഗ് നേതൃത്വം ബോധപൂര്‍വ്വം പരാജയപ്പെടുത്തിയതായി ആരോപണം. നിലവില്‍ കൊടുവള്ളിയെ പ്രതിനിധീകരിക്കുന്ന ഉമ്മര്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എതിരാളികള്‍ പോലും സമ്മതിക്കുമ്പോഴാണ് അദ്ദേഹത്തെ തിരുവമ്പാടിയിലേക്ക് മാറ്റിയത്. ഇത് എം എ റസ്സാഖ് മാസ്റ്റര്‍ക്ക് കൊടുവള്ളിയില്‍ സീറ്റുറപ്പിക്കാനുള്ളതന്ത്രത്തിന്റെ ഭാഗമാണെന്ന് അന്നു തന്നെ അണികള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അണികളുടെ മനോഗതം കണക്കിലെടുക്കാതെ നേതൃത്വം ചില തല്‍പര കക്ഷികള്‍ക്ക് വേണ്ടി വഴങ്ങിയതാണ് ജില്ലയിലെ ലീഗിന്റെ ഉരുക്കു കോട്ടയെന്നറിയപ്പെടുന്ന കൊടുവള്ളിയും മലയോര മേഖലയിലെ പ്രധാന മണ്ഡലമായ തിരുവമ്പാടിയും നഷ്ടപ്പെടാന്‍ കാരണമായത്.
തിരുവമ്പാടിയിലേക്ക് ഉമ്മര്‍ മാസ്റ്ററുടെ പേര്‍ പ്രഖ്യാപിച്ചതോടെ മലയോര വികസന സമിതിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രംഗത്തു വന്നിരുന്നു. ഇതിനു ബിഷപ്പ് ഹൗസിന്റെ മൗനാനുവാദവും ഉണ്ടായിരുന്നതായി പ്രചാരണമുണ്ടായി. തിരുവമ്പാടി കോണ്‍ഗ്രസിനു നല്‍കണമെന്നായിരുന്നു ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ ഇതിനു ലീഗ് നേതൃത്വം വഴങ്ങിയില്ല. കസ്തൂരി രംഗന്‍ വിഷയവുമായി താമരശ്ശേരിയിലും പരിസരങ്ങളിലും മലയോര വികസന സമിതിയുടെ പേരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവുന്നതും ശ്രമിച്ചു. പ്രതികളില്‍ പ്രമുഖരായവര്‍ക്കെതിരെ കേസ് മരവിപ്പിക്കുകയും ചെയ്തു. കസ്തൂരി രംഗന്‍ വിഷയത്തില്‍ താമരശ്ശേരി ബിഷപ്പ് ഹൗസ് ആസ്ഥാനമായി രൂപം കൊണ്ട മലയോര വികസന സമിതിയടക്കമുള്ള പ്രാദേശിക സംഘടനകള്‍ക്ക് സിപിഎമ്മിന്റെ പുതുപ്പാടിക്കാരനായ നേ—താവിനെ മല്‍സരിപ്പിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഈ നേതാവിനേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരേയും പാര്‍ട്ടിക്ക് വേണ്ടത്ര വിശ്വാസം ഇല്ലാത്തതിനാല്‍ അനാരോഗ്യം കണക്കിലെടുക്കാതെയും മുന്‍ എംഎല്‍എ ആയ ജോര്‍ജ് എം തോമസിനെ തന്നെ സിപിഎം, ഉമ്മര്‍ മാസ്റ്റര്‍ക്കെതിരെ രംഗത്ത് ഇറക്കുകയായിരുന്നു. ഫലത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ക്ക് ലീഗിലെ ഒരു വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗത്തില്‍ നിന്നും എതിര്‍പ്പുണ്ടായി. ഉമ്മര്‍ മാസ്റ്റര്‍ ഇക്കുറിയും വിജയിച്ചാല്‍ തിരുവമ്പാടി കോണ്‍ഗ്രസിനു അവകാശപ്പെടാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ ലോബിയെ നയിച്ചത്. ഇതേപോലെ ലീഗിലെ ഒരുവിഭാഗവും അദ്ദേഹത്തെ ഒതുക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
കൊടുവളളി, തിരുവമ്പാടി മണ്ഡലത്തിലെ ലീഗിലെ ഗ്രൂപ്പ് പോര് ഇതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍കുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. നേതൃത്വത്തിനു ഈ കാര്യങ്ങള്‍ വ്യക്തമായിട്ടറിയാമായിരുന്നിട്ടും ഫലപ്രദമായി തടയാനായില്ലെന്നതിനു പുറമേ കൊടുവള്ളിയില്‍ നിന്നും അനായാസേനെ വിജയിച്ചു കയറുമായിരുന്ന ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിലേക്ക് മാറ്റുകയും ചെയതതാണ് രണ്ട് സീറ്റും നഷ്ടപ്പെടാന്‍ കാരണമായത്. കൊടുവള്ളിയില്‍ എം എ റസ്സാഖ് മല്‍സരിക്കുന്നതില്‍ ലീഗിലെ ഒരുവിഭാഗത്തിനു തീരെ താല്‍പര്യമില്ലെന്നതും അഴിമതിക്കാരായ ലീഗ് നേതാക്കള്‍ക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കരുതെന്ന മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസ്സാഖിന്റെ നിര്‍ദ്ദേശവും നേതൃത്വം മുഖവിലക്കെടുത്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കാരാട്ട് റസ്സാഖ് ലീഗ് വിട്ടു ഇടതു സ്വതന്ത്രനായി മല്‍സരിച്ചതും വിജയിച്ചതും. ജില്ലയില്‍ ലീഗിന്റെ രണ്ടു സീറ്റ് നഷ്ടപ്പെടാന്‍ കാരണം നേതൃത്വമാണെന്നാണ് അണികള്‍ കണക്കു കൂട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day