|    Oct 27 Thu, 2016 2:25 pm
FLASH NEWS

ഉമ്മന്‍ചാണ്ടി ജനങ്ങളെ വഞ്ചിച്ചെന്ന്; മെഡിക്കല്‍ കോളജ് പ്രവൃത്തി ഉദ്ഘാടനം ആഗസ്തില്‍

Published : 14th July 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് പ്രവൃത്തി ഉദ്ഘാടനം ആഗസ്ത് 13ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ വയനാട് മെഡിക്കല്‍ കോളജിന് ആവശ്യമായ അധികഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണത്തിനു വേണ്ടി 41 കോടി രൂപ നബാര്‍ഡ് നല്‍കിയിട്ടുണ്ട്.
ഇതിനു ഭരണാനുമതി ലഭിച്ചു. മൂന്നു കോടി രൂപ ചെലവില്‍ റോഡ് പണി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. കരാര്‍ ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കെട്ടിടനിര്‍മാണത്തിന് 980 മീറ്റര്‍ റോഡും 12 കള്‍വര്‍ട്ടുകളും പാലവും നിര്‍മിക്കേണ്ടതുണ്ട്. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയാല്‍ മാത്രമേ കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ. ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്ത മൂന്നു കോടി രൂപ എര്‍ത്ത് വര്‍ക്കിനു വേണ്ടി മാത്രമാണ്. റോഡ് ടാര്‍ ചെയ്ത് പാലം നിര്‍മാണത്തിനും കള്‍വര്‍ട്ട് നിര്‍മാണത്തിനും വേണ്ടി ഇതുവരെ  ടെന്‍ഡര്‍ നടന്നിട്ടില്ല. ഇതിന് 13.50 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. 2012ല്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് വേണ്ടി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അന്നത്തെ മുഖ്യമന്ത്രി മെഡിക്കല്‍ കോളജിനു വേണ്ടി 2015 ജൂലൈയില്‍ ശിലാസ്ഥാപനം നടത്തി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് വായനാടില്‍ മെഡിസിറ്റി തന്നെ ആരംഭിക്കുമെന്നായിരുന്നു. തറക്കല്ലിടുമ്പോള്‍ യഥാര്‍ഥത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. കേവലം അഞ്ചര ഏക്കര്‍ സ്ഥലം റീ ലിങ്ക്വിഷ് ചെയ്യുക മാത്രമാണുണ്ടായത്. ബാക്കി 44.25 ഏക്കര്‍ സ്ഥലം തറക്കല്ലിട്ട് അഞ്ചു മാസത്തിനു ശേഷം 2015 ഡിസംബര്‍  23നും 12 സെന്റ് സ്ഥലം ഡിസംബര്‍ 26നുമാണ് ഏല്‍പ്പിച്ചിരുന്നത്. റവന്യൂ വകുപ്പ് 2016 ഫെബ്രുവരി രണ്ടിന്  ഏറ്റെടുത്ത ഭൂമി 11ന് ആരോഗ്യവകുപ്പിന് കൈമാറി. യഥാര്‍ഥത്തില്‍ യുഡിഎഫ് ഭരണകാലത്ത് വസ്തുതകള്‍ മറച്ചുവച്ചായിരുന്നു മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ നടത്തിയതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം- എംഎല്‍എ പറഞ്ഞു.
റോഡിനുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കി ഉത്തരവിറങ്ങി
മാനന്തവാടി: ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണത്തിനായി ഭൂമി പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള 12 സെന്റ് ഭൂമിയാണ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. റോഡ് നിര്‍മാണത്തിന് മൂന്നു കോടി രൂപയുടേതാണ് ഭരണാനുമതി.
2015 ഡിസംബര്‍ 23നായിരുന്നു റോഡ് നിര്‍മാണത്തിന് മുന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
എന്നാല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതു കാരണം പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭൂമി കൈമാറാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരവുമാണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കോട്ടത്തറ വില്ലേജിലെ ബ്ലോക്ക് 11ല്‍പ്പെട്ട 12 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം പിഡബ്ല്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കാനാണ് ഉത്തരവ്. നിശ്ചിത സമയത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കു നിര്‍ദേശമുണ്ട്. ഭൂമി കൈമാറിയതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day