|    Dec 9 Fri, 2016 1:11 pm

ഉപഭോക്താവിന് സേവനം നല്‍കിയില്ല; ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Published : 12th November 2016 | Posted By: SMR

എടക്കര: ഉപഭോക്താവിന് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനെ മലപ്പുറം വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. വഴിക്കടവ് ഗ്രാമപ്പഞ്ചായത്തിലെ ക്ലാര്‍ക്കായ പ്രവീണിനെയാണു മലപ്പുറം വിജിലന്‍സ് വിഭാഗം ഡിവൈഎസ്പി പി സലീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രവീണിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. വഴിക്കടവ് കാരക്കേട് സ്വദേശിനി വള്ളുവക്കാടന്‍ സുബൈദ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ നടന്ന അനേ്വഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 2014ല്‍ കെട്ടിട നിര്‍മാണത്തിന്റെ അനുമതിക്കായി സുബൈദ വഴിക്കടവ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രവീണ്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് ജീവനക്കാര്‍ സ്ഥലപരിശോധന നടത്തിയതിനു ശേഷം അനുമതി നല്‍കാമെന്ന് റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് സുബൈദ അനുമതിക്കുള്ള ഫീസ് മൂവായിരത്തിലധികം രൂപ പഞ്ചായത്തില്‍ അടച്ച് രസീത് വാങ്ങി. അതിനിടെ ജീവനക്കാരന്‍ കെട്ടിട നിര്‍മാണത്തിന് അനുമതിക്കപേക്ഷിച്ച സുബൈദയോട് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞിരുന്നു. കൈക്കൂലി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പത്തുദിവസം കഴിഞ്ഞ് പ്രവീണ്‍ അനുമതി നല്‍കുന്നതില്‍ തടസ്സമുന്നയിച്ച് പുതിയ റിപോര്‍ട്ട് നല്‍കി. രേഖകള്‍ തിരുത്തിയാണ് പ്രവീണ്‍ കെട്ടിട നിര്‍മാണത്തിന് ഇവര്‍ക്ക് അനുമതി നല്‍കാതിരുന്നത്. ഈ രണ്ട് റിപോര്‍ട്ടിന്റേയും കോപ്പി പരാതിക്കാരി വിവരാവകാശ നിയമമനുസരിച്ച് വാങ്ങിയിരുന്നു. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാതിരുന്നതിനാല്‍ ജീവനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് സുബൈദ അപേക്ഷ നല്‍കി. എന്നാല്‍ ഈ അപേക്ഷ ഭരണസമിതിയും പരിഗണിച്ചില്ല.  തുടര്‍ന്നാണു സുബൈദ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കോടതി കൂടുതല്‍ അന്വേഷണത്തിനായി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി പി സലീമിന് കേസ് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി കുട്ടനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രവീണിനെ സ്ഥലം മാറ്റിയെങ്കിലും വര്‍ക്ക് അറേഞ്ച്‌മെന്റില്‍ കൃഷി വകുപ്പില്‍ നിന്ന് വന്നതിനാല്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ബാധകമല്ലെന്ന നിലപാടില്‍ മാറിയിരുന്നില്ല. അതിനിടെ പ്രത്യേക അനുമതിയില്ലാതെ സുബൈദ മെകട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. നിയമവിധേയമായി കെട്ടിടം പണി പൂര്‍ത്തിയാക്കിയതിനാല്‍ നമ്പര്‍ നല്‍കണമെന്ന തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറുടേയും മലപ്പുറം ഡെപ്യൂട്ടി ഡയറക്ടറുടേയും ഉത്തരവ് വഴിക്കടവ് പഞ്ചായത്ത് അധികൃതര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒടുവില്‍ പരാതിക്കാരി കഴിഞ്ഞ ദിവസം വിജിലന്‍സ് വിഭാഗം ഡിജിപിയെ നേരില്‍ കണ്ട് തെളിവുകളോടെ വീണ്ടും പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോഴുണ്ടായ നടപടി. കെട്ടിട നിര്‍മാണത്തിന് അനുമതി തേടി ഫീസ് വാങ്ങിയിട്ടും സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിനാല്‍ ഉപഭോക്താവിനുള്ള സേവനത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് പരാതിക്കാരി മലപ്പുറം ഉപഭോക്തൃ കോടതിയില്‍ നല്‍കിയ കേസും നടന്നുവരുന്നുണ്ട്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രവീണിനെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day