|    Oct 26 Wed, 2016 11:23 am

ഉപദേശത്തിന്റെ വില

Published : 31st July 2016 | Posted By: SMR

slug-enikku-thonnunnathuമുസ്തഫ, കൊണ്ടോട്ടി

ഇങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്. മുല്ലാ നസറുദ്ദീനെ സുല്‍ത്താന്‍ നഗരത്തിലെ ന്യായാധിപന്റെ ഉപദേഷ്ടാവായി നിയമിച്ചു. അന്ന് കോടതിയില്‍ വന്ന ആദ്യത്തെ കേസില്‍ തന്നെ അന്യായക്കാരനെ തൂക്കിക്കൊല്ലണമെന്ന് മുല്ല ന്യായാധിപന് ഉപദേശം നല്‍കി. ഈ ഉപദേശം ശരിയല്ലെന്നു വാദിച്ച വക്കീലിനെയും തൂക്കിക്കൊല്ലണമെന്നായി മുല്ല. ഒടുവില്‍ മുല്ലയുടെ ഉപദേശങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ച ന്യായാധിപനെയും തൂക്കിക്കൊല്ലേണ്ടതാണെന്ന് മുല്ല സുല്‍ത്താന് ഉപദേശം നല്‍കി.
ഉപദേഷ്ടാവിനെ വയ്ക്കുന്നതു സൂക്ഷിച്ചു വേണമെന്നാണല്ലോ കഥയും കാര്യവും പറയുന്നത്. അതായത് ഉപദേഷ്ടാവിനെ വയ്ക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണമെന്നര്‍ഥം. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാതെ പോവാന്‍ തരമില്ല. സോക്രട്ടീസിനും യേശുവിനും ഗാന്ധിക്കുമൊന്നും ഉപദേശകരുള്ളതായി കേട്ടിട്ടില്ല. അവര്‍ ഉപദേശം നല്‍കിയിട്ടേയുള്ളൂ. ലെനിനും സ്റ്റാലിനും മാവോയ്ക്കുമൊന്നും ഉപദേഷ്ടാക്കളെ വച്ചതായി രേഖപ്പെടുത്തിയിട്ടില്ല. മാവോ ആണെങ്കില്‍ മാവോ സൂക്തമെന്ന പേരില്‍ ഉപദേശ നിഘണ്ടു തന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്തെങ്കിലും കാര്യത്തില്‍ സംശയം വന്നാല്‍ മുഖ്യമന്ത്രിക്ക് അതെടുത്ത് നോക്കിയാല്‍ പോരേ? വെറുതെ ഉപദേഷ്ടാക്കളെ വച്ച് തൊന്തരവ് തലയില്‍ കയറ്റണോ?
ഇനി ഉപദേശിക്കാന്‍ ആളെ വയ്ക്കാമെന്നു വച്ചാല്‍ തന്നെ എത്രപേരെ വയ്ക്കണം. സാമ്പത്തികോപദേഷ്ടാവ്, ശാസ്‌ത്രോപദേഷ്ടാവ്, സാങ്കേതികോപദേഷ്ടാവ്, നിയമോപദേഷ്ടാവ്, സാംസ്‌കാരികോപദേഷ്ടാവ്, പ്രത്യേക കാര്യോപദേഷ്ടാവ്, മുഖ്യോപദേഷ്ടാവ് തുടങ്ങി ഉപദേഷ്ടാക്കളുടെ പട്ടിക നീളും. മുഖ്യോപദേഷ്ടാക്കളൊക്കെ മുഖസ്തുതിക്കാരുമായിരിക്കും എന്നാണു വയ്പ്. ഒരു പൊതുകാര്യത്തില്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ ഇവരെല്ലാവരും കൂടി എടുക്കുന്ന തീരുമാനവും കപ്പലണ്ടിക്കച്ചവടക്കാരനും കാളപ്പോരുകാരനും കാപ്പിക്കച്ചവടക്കാരനും കൂടി ഇതേ പൊതുകാര്യത്തില്‍ എടുക്കുന്ന തീരുമാനവും തമ്മില്‍ വലിയ വ്യത്യാസമുണ്ടാവാന്‍ വഴിയില്ല.
ഉപദേശകവൃന്ദം എന്ന പദം തന്നെ നല്ലൊരര്‍ഥത്തിലല്ല ഉപയോഗിക്കുന്നത്. എല്ലാ തോല്‍വിക്കു പിന്നിലും ഉപദേശകവൃന്ദത്തിന്റെ ചെയ്തികള്‍ കാണും. ഇല്ലെങ്കിലും അങ്ങനെയേ പറയൂ. വിജയത്തിന്റെ പിന്നില്‍ ഈ ഉപദേശകവൃന്ദം വരാറേയില്ല.
ആദമിന്റെ ഭൂമിയിലേക്കുള്ള പതനത്തിന്റെ യഥാര്‍ഥ കാരണം തന്നെ ഒരു ഉപദേശം സ്വീകരിച്ചതാണെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ചരിത്രത്തിലെ ഉപദേശികളുടെ കഥ വായിച്ചാല്‍ പിന്നെ ഒരു ഉപദേശിയെ വേണമെന്ന വിചാരം പോലും മനസ്സിലുണ്ടാവില്ല. ഉള്ളില്‍നിന്നു വരുന്ന ഉപദേശമാണല്ലോ ഉദരത്തില്‍നിന്നു വരുന്ന ഉപദേശത്തേക്കാള്‍ നല്ലത്. അതുകൊണ്ട് ഇനി ആരെയെങ്കിലും വയ്ക്കണമെങ്കില്‍ തന്നെ ഉള്ളില്‍നിന്നുള്ള ഒരാളെ ഉപദേഷ്ടാവായി വയ്ക്കുന്നതാവും നല്ലത്.
മുഖ്യമന്ത്രിക്ക് സൗജന്യമായി ഉപദേശം നല്‍കാന്‍ ഉള്ളില്‍ത്തന്നെ വേണ്ടുവോളം ആളുണ്ടാവുമ്പോള്‍ കാശുകൊടുത്ത് ഉപദേശം വാങ്ങണോ? മൂക്കില്‍ വിരലും തള്ളി പഞ്ചപുച്ഛമടക്കി നില്‍ക്കുകയല്ലേ ഉപദേശം നല്‍കാനായി സഖാക്കള്‍. വി എസ് അച്യുതാനന്ദന്‍ തന്നെ വേണ്ടുവോളം ഉപദേശം സൗജന്യമായി നല്‍കുന്നുണ്ട്.
സാമൂഹിക-ശക്തി രാഷ്ട്രീയത്തില്‍ ഒരുപോലെ തിളങ്ങുന്ന വിഎസല്ലേ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാന്‍ എന്തുകൊണ്ടും യോഗ്യന്‍. ഒരേസമയം ഒരു കണ്ണുകൊണ്ട് രൗദ്രവും മറ്റേ കണ്ണുകൊണ്ട് ശൃംഗാരവും പ്രകടിപ്പിക്കുന്ന ഉത്തരാസ്വയംവരം ആട്ടക്കഥയിലെ ദുര്യോധനനെപ്പോലെ കാരുണ്യത്തിന്റെയും കലഹത്തിന്റെയും വഴിയും വിഎസിനറിയാം. കാബിനറ്റ് പദവിയോടെ സര്‍ക്കാരിനെത്തന്നെ സൗജന്യമായി ഉപദേശിക്കാന്‍ അച്യുതാനന്ദന്‍ കാത്തുകിടക്കുമ്പോള്‍ എന്തിനീ പൊല്ലാപ്പൊക്കെ.
പിന്നെ സൗജന്യമാണെങ്കില്‍പ്പോലും ഉപദേശം കൂടുതല്‍ വാങ്ങരുത്. അങ്ങനെ വാങ്ങിയ ചരിത്രവുമില്ല. സൗജന്യമായിട്ടുപോലും പത്തെണ്ണം മതിയെന്നാണ് പണ്ട് യഹൂദര്‍ ദൈവത്തോട് പറഞ്ഞത്. അതുകൊണ്ടാണല്ലോ ‘കല്‍പന’കള്‍ പത്തായി ചുരുങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day