|    Dec 11 Sun, 2016 5:19 pm
FLASH NEWS

ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് ജയം

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്കു ജയം. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും വിജയിച്ചു. നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ വീതം ബിജെപിയും അണ്ണാ ഡിഎംകെയും ജയിച്ചു. സിപിഎമ്മിന് രണ്ടും കോണ്‍ഗ്രസ്സിനും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഓരോ സീറ്റുകള്‍ വീതവും ലഭിച്ചു.
അസമിലെ ലഖിംപൂര്‍, മധ്യപ്രദേശിലെ ഷഹ്‌ദോള്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്. പശ്ചിമബംഗാളിലെ തംലുക്, കുച്ച്ബിഹാര്‍ ലോക്‌സഭാ മണ്ഡലങ്ങളാണ് തൃണമൂല്‍ നിലനിര്‍ത്തിയത്. മോണ്ടേശ്വര്‍ നിയമസഭാ മണ്ഡലത്തിലും തൃണമൂല്‍ ജയിച്ചു. സിപിഎം, കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്ക് ഇവിടെ കെട്ടിവച്ച പണം നഷ്ടപ്പെട്ടു.മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചെങ്കിലും ഭൂരിപക്ഷം നന്നെ കുറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇവിടെ 2,41,301 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ അത് 26,000 ആയി ചുരുങ്ങി.
തമിഴ്‌നാട്ടില്‍ തഞ്ചാവൂര്‍, തിരുപ്പറന്‍കുന്ത്രം നിയമസഭാ മണ്ഡലങ്ങള്‍ അണ്ണാ ഡിഎംകെ നിലനിര്‍ത്തി. അരവക്കുറിച്ചി സീറ്റ് ഡിഎംകെയില്‍ നിന്നു പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തു.ത്രിപുരയില്‍ ബര്‍ജാല സീറ്റ് കോണ്‍ഗ്രസ്സില്‍നിന്നു സിപിഎം പിടിച്ചെടുത്തു. പുതുച്ചേരിയില്‍ നെല്ലിത്തോപ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി നാരായണസ്വാമി തിരഞ്ഞെടുക്കപ്പെട്ടു.
അരുണാചല്‍പ്രദേശിലെ ഹയുലിയാംഗ് നിയമസഭാ മണ്ഡലത്തില്‍ വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥി ദസംഗഌ പുള്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മുഖ്യമന്ത്രി കലിഖോ പുളിന്റെ മൂന്നാമത്തെ ഭാര്യയാണിവര്‍.വലിയ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍, കേന്ദ്ര നടപടിയെ പിന്തുണയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നാണ് കേന്ദ്രമന്ത്രി ആനന്ദ് കുമാറും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും പറഞ്ഞത്. ഈ മാസം 19നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക