|    Oct 29 Sat, 2016 5:08 am
FLASH NEWS

ഉന്നതവിദ്യാഭ്യാസം നേടിയിട്ടും ദുരിതക്കയത്തില്‍

Published : 4th November 2015 | Posted By: SMR

മേപ്പാടി: ബിഎ ഡിഗ്രിയും ഐടിഐ ബിരുദവും ആയുര്‍വേദിക് നഴ്‌സിങുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുകയാണ് മൂപ്പൈനാട് പഞ്ചായത്തിലെ 13ാം വാര്‍ഡ് ആനടിക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ യുവതീയുവാക്കള്‍. കോളനിയിലെ ശോഭ സുനില്‍കുമാര്‍ ബിഎക്കാരിയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തും പിഎസ്‌സി പരീക്ഷകള്‍ എഴുതിയും ജോലിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് പ്രതീക്ഷയോടെ പിഎസ്‌സി പരീക്ഷയെഴുതിയെങ്കിലും നിരാശയായിരുന്നു ഫലം. 2008 മുതല്‍ 2011 വരെ ട്രൈബല്‍ പ്രമോട്ടറായി ജോലിചെയ്തിട്ടുണ്ട്. ഇതുവരെ കിട്ടിയ ഏക ജോലിയാണിത്. ഇപ്പോള്‍ ട്രൈബല്‍ വാച്ചര്‍ റാങ്ക് ലിസ്റ്റില്‍ 52ാമതായി ഇടംനേടിയിട്ടുണ്ട്. എന്നാല്‍, നിയമനം വൈകുകയാണ്. ഒരു ജോലി കിട്ടിയാല്‍ കുടുംബത്തിന്റെ പട്ടിണി അകറ്റാമായിരുന്നുവെന്നു രണ്ടു മക്കളുടെ അമ്മയായ ശോഭ പറയുന്നു. കൂലിപ്പണിക്ക് പോയാണ് നിലവില്‍ കുടുംബം പോറ്റുന്നത്.ഐടിഐക്കൊപ്പം ഹോട്ടല്‍ മാനേജ്‌മെന്റും പൂര്‍ത്തിയാക്കിയ ശിവന്റെ അവസ്ഥയും മറിച്ചല്ല. ശിവന്‍ ദിവസവും രാവിലെ മറ്റ് കോളനിവാസികള്‍ക്കൊപ്പം കൂലിപ്പണിക്ക് പോവുകയാണ്. മെച്ചപ്പെട്ടൊരു ജോലി ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചാല്‍ ‘ഞങ്ങളുടെ കൈയില്‍ പണമില്ല, പണം നല്‍കിയാല്‍ ജോലികിട്ടും’ എന്നാണ് ശിവന്റെ മറുപടി. കംപ്യൂട്ടര്‍ ടിടിസി കഴിഞ്ഞ ശാലിനി സര്‍ക്കാര്‍ മേഖലയിലുള്ള പല സ്ഥാപനങ്ങളിലും ജോലിക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുകയാണ്. അഞ്ജു വിജയന്‍ പ്ലസ്ടു  കഴിഞ്ഞ് ടിടിസിയും പാസായി വാകേരി സ്‌കൂളിലും മട്ടപ്പാറ-ചുണ്ട സ്‌കൂളുകളിലും ട്രെയിനിങും പൂര്‍ത്തിയാക്കി. ഡൊണേഷന്‍ കൊടുക്കാനില്ലാത്തതിനാല്‍ ജോലി ലഭിച്ചില്ല. പൈസ കൊടുത്താലേ ജോലി കിട്ടൂ എന്നതാണ് അഞ്ജുവിന്റെയും സ്ഥിതി. മൂപ്പൈനാട് പഞ്ചായത്തിലെ കാട്ടുനായ്ക്ക കോളനിയായ കടച്ചിക്കുന്ന് ഏകാംഗ വിദ്യാലയത്തിലോ ആദിവാസി കോളനിയായ അരുണമല ഏകാംഗവിദ്യാലയത്തിലോ ജോലി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി പി കെ ജയലക്ഷ്മിക്ക് നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടായില്ല. ആയുര്‍വേദിക് നഴ്‌സിങിനൊപ്പം കരാത്തെ ബ്ലാക്ക്‌ബെല്‍റ്റ് ജേതാവുമായ സുനില്‍കുമാറും കൂലിപ്പണിക്കാരനാണ്. ജോലിക്കായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കോളനിവാസിയായ ജ്യോതിഷ്‌കുമാര്‍ കല്‍പ്പറ്റ ഗവ. കോളജില്‍ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. 18 വീടുകളാണ് കോളനിയിലുള്ളത്. ഒറ്റമുറി വീടുകളിലെ തകര്‍ന്നു വീഴാറായ ചുമരുകള്‍ക്കിടയില്‍ ചിതലരിക്കുകയാണ് ഏറെ പ്രതീക്ഷിച്ച്, ദുരിതങ്ങള്‍ സഹിച്ച് നേടിയെടുത്ത സര്‍ട്ടിഫിക്കറ്റുകളും ഇവരുടെ ജീവിതവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day