|    Oct 26 Wed, 2016 11:24 am

ഉത്തേജകം: ഷറപ്പോവ കുടുങ്ങി

Published : 9th March 2016 | Posted By: SMR

ന്യൂയോര്‍ക്ക്:കളിമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ലോകടെന്നിസില്‍ നിലവിലെ മിന്നുംതാരമായ റഷ്യയുടെ മരിയ ഷറപ്പോവ ഉത്തേജകപരിശോധനയില്‍ കുടു ങ്ങി. ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ആസ്‌ത്രേലിയന്‍ ഓപണിനിടെ നടത്തിയ ഉത്തേജക പരിശോധനയില്‍ താന്‍ പരാജയപ്പെട്ടതായി ഷറപ്പോവ ഇന്നലെ വെളിപ്പെടുത്തുകയായിരുന്നു. അന്വേഷണവിധേയമായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ 28 കാരിയെ ഈ മാസം 12വരെ സസ്‌പെന്റ് ചെയ്തു.
ഈ വര്‍ഷം ഒന്നു മുതല്‍ ഉത്തേജകമരുന്നുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ മെല്‍ഡോണിയമാണ് അഞ്ചു തവണ ഗ്രാന്റ്സ്ലാം ചാംപ്യനായ ഷറപ്പോവ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ കഴിക്കുന്ന മരുന്നാണ് മെല്‍ഡോണിയമെങ്കി ലും ഇതിനെ ഈ വര്‍ഷം മുത ല്‍ ഉത്തേജകമരുന്നായാണ് പരിഗണിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി താരം ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഫെഡറേഷന്‍ ഉത്തേജകമരുന്നുകളുടെ പട്ടികയിലേക്ക് മെല്‍ഡോണിയത്തെ യും ഉള്‍പ്പെടുത്തി യത് ഷറപ്പോവ യെ ചതിക്കുകയായിരുന്നു.
ടെന്നിസിനെ യും ആരാധകരെയും താന്‍ നിരാശപ്പെടുത്തിയെന്നാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അറിയിക്കാന്‍ ലോസ്ആഞ്ചലസില്‍ വിളിച്ചുചേ ര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഷറപ്പോവ പറഞ്ഞത്.
”നിയമപരമായി തന്നെയാണ് കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ മെല്‍ഡോണിയം ഉപയോഗിച്ചത്. അത് വലിയ തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷനില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. എന്നാല്‍ ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ക്കൂടി ടെന്നിസ് കളിക്കാന്‍ എനിക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, ഞാന്‍ തന്നെയാണ് തെറ്റുകാരി. എന്നെ സ്‌നേഹിച്ച ആരാധകരുടെ വിശ്വാസമാണ് ഞാന്‍ തകര്‍ത്തത്”- ഷറപ്പോവ വികാരാധീനയായി. ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ താരം സെറീന വില്യംസിനോട് ഷറപ്പോവ പരാജയപ്പെടുകയായിരുന്നു. അന്നു സമ്മാനത്തുകയായി ലഭിച്ച 2,09,000 യൂറോ താരത്തിനു തിരിച്ചുനല്‍കേണ്ടിവരും.
മെല്‍ഡോണിയമെന്ന മരുന്ന് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ തനിക്ക് അറിയിപ്പ് നല്‍കിയിരുന്നെന്ന് ഷറപ്പോവ പറഞ്ഞു. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതിരുന്നതാണ് തിരിച്ചടിയായതെന്നും താരം വ്യക്തമാക്കി.
”നിയമത്തിന് അനുസരിച്ച് തന്നെയാണ് കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഈ മരുന്ന് ഉപയോഗിച്ചത്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ നിയമത്തില്‍ മാറ്റംവന്നപ്പോള്‍ ഞാന്‍ കുറ്റക്കാരിയായി. എന്നാല്‍ ഇക്കാര്യം എനിക്ക് അറിയില്ലായിരുന്നു. 2006ല്‍ കുടുംബഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ മെല്‍ഡോണിയം കഴിക്കാന്‍ തുടങ്ങിയത്. പ്രമേഹമുള്‍പ്പെടെയുള്ള ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഇത്”- ഷറപ്പോവ മനസ്സ്തുറന്നു.
ടെന്നിസില്‍ മാത്രമല്ല, പരസ്യരംഗത്തെയും മൂല്യമേറിയ താരമായിരുന്നു ഷറപ്പോവ. നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ മോഡല്‍ കൂടിയാണ് താരം. ലോകത്ത് ഏറ്റവുമധികം വരുമാനുള്ള ഫോബ്‌സ് മാസികയുടെ പട്ടികയിലും ഷറപ്പോവ ഉള്‍പ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day