|    Dec 4 Sun, 2016 11:54 pm
FLASH NEWS

ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ രൂപയുമായി നെട്ടോട്ടമോടുന്നു

Published : 19th November 2016 | Posted By: SMR

നിഷാദ് അമീന്‍

ജിദ്ദ: ഇന്ത്യയുടെ 500, 1000 രൂപ നോട്ടുകളുമായി നാട്ടില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ തീ ര്‍ത്ഥാടകര്‍ അത്യാവശ്യ ചെലവുകള്‍ക്കുപോലും പണമില്ലാതെ പ്രയാസപ്പെടുന്നു. കേരളത്തില്‍നിന്ന് വിവിധ ഗ്രൂപ്പുകള്‍ വഴിയും സ്വന്തം നിലയിലും ഏതാനും ദിവസം മുമ്പ് മക്കയിലെത്തിയവരാണ് കറന്‍സി മാറ്റാനാവാതെ കുഴങ്ങിയത്.
മക്ക, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ജോലിചെയ്യുന്ന ബന്ധുക്കളും നാട്ടുകാരും മലയാളിസംഘടനകളും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത് ഇവര്‍ക്ക് വലിയ ആശ്വാസമാവുന്നുണ്ട്. അതേസമയം, നാട്ടില്‍നിന്ന് യാത്ര തുടങ്ങും മുമ്പേ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചവരെ കറന്‍സി പ്രശ്‌നം കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മിക്കവരുടെയും സ്ഥിതി വളരെ ദയനീയമാണ്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നും ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ ഉള്‍ഗ്രാമങ്ങളില്‍നിന്നും എത്തിയ മിക്ക കുടുംബങ്ങളും പ്രായാധിക്യമുള്ളവരും അക്ഷരാഭ്യാസം കുറഞ്ഞവരുമായതിനാല്‍ ഇത്തരക്കാരെയാണ് നോട്ട് മാറ്റം കുഴക്കുന്നത്. ഉംറ തീര്‍ത്ഥാടനം ജീവിതസാഫല്യമായി കണ്ട് താഴ്ന്ന വരുമാനക്കാരായ ഇവര്‍ ജീവിതകാലം മുഴുവന്‍ സ്വരൂപിച്ച സമ്പാദ്യം ഉയര്‍ന്ന ഇന്ത്യന്‍ കറന്‍സികളായ 1000, 500 നോട്ടുകളാക്കി വര്‍ഷങ്ങളായി സൂക്ഷിച്ചുവരുന്നു. ഈ നോട്ടുകള്‍ സൗദിയില്‍നിന്ന് മാറാമെന്ന ധാരണയിലാണ് ചിലര്‍ എത്തിയിട്ടുള്ളത്. ഇന്ത്യ ഗവണ്‍മെന്റ് അസാധുവാക്കിയ നോട്ടുകള്‍ വിദേശങ്ങളിലെ ബാങ്കുകളോ മണി എക്‌സ്‌ചേഞ്ചുകളോ മറ്റു ധനകാര്യസ്ഥാപനങ്ങളോ സ്വീകരിക്കുന്നില്ല. എന്നാല്‍, റിയാലുകള്‍ കൈവശമുള്ളവര്‍ക്ക് മക്കയിലെയും മദീനയിലെയും മണി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 100ന്റെയും 50ന്റെയും ഇന്ത്യന്‍ കറന്‍സികള്‍ നാട്ടിലെ പോലെ കാര്യമായ പരിധികളില്ലാതെ ലഭിക്കുന്നുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day