|    Oct 28 Fri, 2016 12:03 pm
FLASH NEWS

ഈജിപ്ത് ഭരണകൂടം തട്ടിക്കൊണ്ടുപോയത് നൂറുകണക്കിനു പ്രതിഷേധക്കാരെ

Published : 14th July 2016 | Posted By: SMR

ബെയ്‌റൂത്ത്: ഈജിപ്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച നൂറുകണക്കിനു പേരെ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷനല്‍.
പ്രതിദിനം ശരാശരി മൂന്നോ നാലോ പേര്‍ ഇത്തരത്തില്‍ രാജ്യത്ത് അപ്രത്യക്ഷമാവുന്നു. 14 വയസ്സുള്ള കുട്ടികളെ വരെ സുരക്ഷാ ഏജന്‍സികള്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയതായും ഈജിപ്തിലെ മനുഷ്യാവകാശ സംഘടനകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആംനെസ്റ്റി ഇന്നലെ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ ഇത്തരത്തില്‍ 266 പേരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയത്.
ബലപ്രയോഗത്തിലൂടെയുള്ള നാടുകടത്തല്‍ ഈജിപ്തിന്റെ ഭരണകൂടം അവര്‍ക്കെതിരായ എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാവുന്നവര്‍ അപകടത്തിലാവുകയാണെന്നും ആംനെസ്റ്റി പശ്ചിമേഷ്യന്‍ ഡയറക്ടര്‍ ഫിലിപ്പ് ലൂഥര്‍ പറഞ്ഞു. അതേസമയം റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിക്കുന്നതായി ഈജിപ്ത് പ്രതികരിച്ചു. ആംനെസ്റ്റി റിപോര്‍ട്ട് പക്ഷപാതപരമാണെന്നും ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചു തയ്യാറാക്കിയതാണെന്നും അതിനെ തള്ളിക്കളയുന്നതായും ഈജിപ്ത് വിദേശകാര്യമന്ത്രാലയം ഫേസ്ബുക്കില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ മനുഷ്യാവകാശസംഘടനകളെ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതായി ഈജിപ്ഷ്യന്‍ ബ്ലോഗറായ വേല്‍ അബ്ബാസ് റിപോര്‍ട്ടിനെക്കുറിച്ചു പ്രതികരിച്ചു. ഈജിപ്തിലെ നിരവധി സംഘടനകളുടെ ആസ്തി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. സാമൂഹികപ്രവര്‍ത്തകരെ വിദേശയാത്രയില്‍നിന്നു വിലക്കുകയും ചെയ്യുന്നു. റോഡുകളിലും മെട്രോയിലും ബസ്സിലും യാത്ര ചെയ്യുമ്പോഴും അവരുടെ മൊബൈല്‍ഫോണുകള്‍ പോലിസുകാര്‍ പിടിച്ചുവാങ്ങുകയും ഫേസ്ബുക്ക് അക്കൗണ്ട് പോലുള്ള വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമുണ്ടാവാറുണ്ടെന്നും അബ്ബാസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോവലിനിരയായ അഞ്ചു കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ആംനെസ്റ്റിയുടെ റിപോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചു. ഏതാനും ദിവസങ്ങള്‍ മുതല്‍ ഏഴു മാസത്തോളം വരെ ഈ കുട്ടികള്‍ സുരക്ഷാ സൈന്യത്തിന്റെ തടങ്കലിലായിരുന്നു. തടവില്‍ കഴിയവേ കടുത്ത ശാരീരിക, ലൈംഗിക പീഡനങ്ങളാണ് കുട്ടികള്‍ക്കു നേരിടേണ്ടി വരുന്നത്. തടവുകാരെ കണ്ണുകെട്ടുകയും വിലങ്ങു ധരിപ്പിക്കുകയും ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ഇലക്ട്രിക് ഷോക്ക് നല്‍കുകയും ചെയ്യുന്നു. ഈജിപ്തിന് സൈനികോപകരണങ്ങള്‍ വിതരണം ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളെയും യുഎസിനെയും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day