|    Dec 6 Tue, 2016 6:14 am
FLASH NEWS

ഈജിപ്തിനുള്ള ഇന്ധനവിതരണം സൗദി അനിശ്ചിതകാലത്തേക്ക് നിര്‍ത്തി

Published : 9th November 2016 | Posted By: SMR

റിയാദ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കത്തിനു പിന്നാലെ ഈജിപ്തിനുള്ള ഇന്ധന വിതരണം സൗദി അനിശ്ചിതകാലത്തേക്ക് നിര്‍ത്തി. സമയക്രമമോ കാരണമോ വ്യക്തമാക്കാതെ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ രാജ്യത്തേക്കുള്ള എണ്ണവിതരണം നിര്‍ത്തിയതായി ഈജിപ്ഷ്യന്‍ ഊര്‍ജമന്ത്രാലയ വക്താവ് ഹംദി അബ്ദുള്‍ അസീസ് പറഞ്ഞു. ലളിതമായ തവണ വ്യവസ്ഥയില്‍ അഞ്ചു വര്‍ഷത്തേക്ക് ഏഴുലക്ഷം ടണ്‍ ഇന്ധനം ഈജിപ്തിന് നല്‍കാമെന്ന് ഏപ്രിലില്‍ സൗദി അറേബ്യ സമ്മതിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ മാസം മുന്നറിയിപ്പില്ലാതെ ഇത് നിര്‍ത്തുകയായിരുന്നു. ഈജിപ്തിനുള്ള ഇന്ധന വിഹിതം നിര്‍ത്തിയെന്ന റിപോര്‍ട്ടിനോട് സൗദി അറേബ്യയോ അരാംകോ കമ്പനിയോ പ്രതികരിച്ചിട്ടില്ല. 2013ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്ക് സാമ്പത്തികമായും രാഷ്ട്രീയമായും സൗദി വന്‍ പിന്തുണയാണ് നല്‍കിയിരുന്നത്.
ഇന്ധനവരവ് നിലച്ച സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ ഈജിപ്ത് നിര്‍ബന്ധിതമായിട്ടുണ്ട്. യുഎന്നില്‍ അറബ് രാഷ്ട്രങ്ങളുടെ പൊതുനിലപാടിന് വിരുദ്ധമായി സിറിയന്‍ പ്രസിഡന്റിന് അനുകൂലമായി വോട്ട് ചെയ്ത ഈജിപ്തിന്റെ നടപടിയാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സൗദിയില്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റതോടെ തന്നെ ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന് സൗദി നല്‍കി വന്ന പിന്തുണയ്ക്ക് ഉലച്ചില്‍ തട്ടിയിരുന്നു. ഈജിപ്തിന്റെ സിറിയന്‍ അനുകൂല നിലപാട് ശക്തമായ പ്രതികരണത്തിന് സൗദിയെ പ്രേരിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day