|    Oct 27 Thu, 2016 6:24 pm
FLASH NEWS

ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: വിവാദ സത്യവാങ്മൂലം തയ്യാറാക്കിയത് ഐബിയെന്ന് സതീഷ് വര്‍മ

Published : 5th March 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം തയ്യാറാക്കിയത് ഇന്റലിജന്‍സ് ബ്യൂറോ ആയിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ ഐപിഎസിന്റെ വെളിപ്പെടുത്തല്‍. ഐബി തയ്യാറാക്കിയ സത്യവാങ്മൂലം പിന്നീട് കോടതിയില്‍ സമര്‍പ്പിക്കാനായി അന്നത്തെ ആഭ്യന്തര അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണിക്ക് കൈമാറുകയായിരുന്നുവെന്ന് സതീഷ് വര്‍മ ഐപിഎസ് കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞിരുന്നു. ഇശ്‌റത് ജഹാന്‍ കേസന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് വര്‍മ.
എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് മണി തന്നെ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തില്‍ ഇശ്‌റതിനെ ലശ്കറുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശമില്ലായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെയാണ് മണി ഐബി സത്യവാങ്മൂലം തയ്യാറാക്കിയതിനെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് വര്‍മ പറഞ്ഞു.
സത്യവാങ്മൂലത്തില്‍ ഐബി കൈകടത്തുകയും ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് നിലവില്‍ മേഘാലയയില്‍ സേവനമനുഷ്ഠിക്കുന്ന വര്‍മ പറഞ്ഞത്. ഇശ്‌റത്തിന് ലശ്കറുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം തള്ളുന്ന വര്‍മ, 19 കാരിയും കോളജ് വിദ്യാര്‍ഥിനിയുമായിരുന്ന ഇശ്‌റത്തിനെ ആസൂത്രിതമായി കൊല ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ ഒപ്പം കൊലചെയ്യപ്പെട്ട ജാവേദിന് അസ്വാഭാവികമായ എന്തോ ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും ജാവേദ് ഇശ്‌റത്തിനെ മറയായി ഉപയോഗിക്കുകയായിരുന്നുവെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു. ഇശ്‌റത് ജാവേദിനൊപ്പം ഹോട്ടല്‍ മുറിയില്‍ വ്യാജ ഐഡന്റിറ്റിയുമായി താമസിച്ചിരുന്നതിനു രേഖകളുണ്ട്. എന്നാല്‍ ഐബി ഉള്‍പ്പെട്ട ഓപറേഷനായതുകൊണ്ടുതന്നെ ഈ രേഖകള്‍ പോലും കൃത്രിമമാവാം. താമസിച്ചത് സ്വന്തം ഐഡന്റിറ്റി മറച്ചുവച്ചാണെങ്കില്‍ തന്നെ അത് അവര്‍ ഭീകരരാണെന്നതിന് തെളിവല്ലെന്നും വര്‍മ പറഞ്ഞു.
ഇശ്‌റത്തിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മണി തന്നെ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തില്‍ ഇശ്‌റത്തിനെ ലശ്കറുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശമില്ലായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ഇടപെടലായിരുന്നു ഇതിനു കാരണമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി കെ പിള്ള ആരോപണമുന്നയിച്ചതോടെയാണ് ഇശ്‌റത്തും ലശ്കറും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ച തലപൊക്കിയത്. എന്നാല്‍ പിള്ളയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പിള്ള ഇത്രയും കാലം ഇക്കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ വീരപ്പമൊയ്‌ലി ചോദിക്കുന്നു.
ഇശ്‌റത് ജഹാനെയും മറ്റു മൂന്ന് പേരെയും ഐബി ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന പിള്ളയുടെ പ്രസ്താവന ഇവരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു എന്ന് സ്ഥിരീകരിക്കുന്നതായും മൊയ്‌ലി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി ഗൗതം അദാനിയുടെ അദാനി പോര്‍ട്ട്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ജി കെ പിള്ള.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day