|    Oct 27 Thu, 2016 10:21 pm
FLASH NEWS

ഇശ്ഖിന്റെ മൊയ്തീന്‍ മാല

Published : 22nd October 2015 | Posted By: TK
kanjanamala

 

റഫീഖ് റമദാന്‍

തെയ്യത്തിന്‍കടവില്‍ തോണി മറിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയുടെ കാണാക്കയങ്ങളിലേക്ക് യാത്രയായ പ്രിയ ജ്യേഷ്ഠന്‍ മൊയ്തീനെയും നാട്ടിലെ സുല്‍ത്താനായിരുന്ന ബാപ്പ ഉണ്ണിമോയി സാഹിബിനെയും തിരികെ കിട്ടിയ സന്തോഷത്തിലാണ് ബി.പി. റഷീദ് എന്ന മുക്കത്തുകാരന്‍. ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമ മറന്നുപോയ ഒരു കാലത്തെയാണ് തനിക്കു തിരികെ തന്നിരിക്കുന്നതെന്ന് ഇപ്പോള്‍ കോഴിക്കോട് മലാപ്പറമ്പില്‍ താമസിക്കുന്ന അദ്ദേഹം പറയുന്നു.
1982 ജൂലൈ 15ലെ ആ മഴചാറുന്ന പ്രഭാതം മൊയ്തീന്റെ സഹോദരന്റെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. അന്ന് തനിക്ക് 18 വയസ്സായിരുന്നു. മാനുകാക്കയെന്നാണ് മൊയ്തീനെ നാട്ടുകാര്‍ വിളിച്ചിരുന്നത്. അന്ന് അവന് 44 വയസ്സു കാണും. തോണി കുത്തുന്നയാളോട് മൊയ്തീന്‍ പറഞ്ഞു, ‘തോണിയില്‍ ആളു കൂടുതലാണല്ലോ.” അക്കരെ നിന്ന് 8.35ന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലും 8.45ന് അതുവഴി പോവുന്ന സ്വകാര്യബസ്സിലും പല വഴി പോവാനുള്ളവരായിരുന്നു അവരെല്ലാം. അതിനാല്‍ എല്ലാവര്‍ക്കും ആ ട്രിപ്പില്‍ തന്നെ പോവണം. വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയതു കാരണം പുഴ നിറഞ്ഞുകവിഞ്ഞിരുന്നു. നല്ല അടിയൊഴുക്കുണ്ടായിരുന്നു. ഏതാണ്ട് മധ്യഭാഗത്തെത്തിയപ്പോഴാണ് തോണി ഇളകിയാടാന്‍ തുടങ്ങിയത്. ചിലര്‍ പേടിച്ച് എണീറ്റതോടെ താളം തെറ്റി. കടത്തുകാരന് നിയന്ത്രിക്കാന്‍ പറ്റാതായി. സ്‌കൂള്‍ കുട്ടികളും സ്ത്രീയാത്രികരുമുള്‍പ്പെടെ വെള്ളത്തിലേക്ക്.
നല്ല നീന്തല്‍ക്കാരനായിരുന്നു മാനുകാക്ക. കുത്തൊഴുക്ക് വകവയ്ക്കാതെ രണ്ടുപേരെ രക്ഷപ്പെടുത്തി. വീണ്ടും രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ചുഴിയില്‍ പെട്ടത്. മൊയ്തീന്റെ വെള്ളാരംകണ്ണുകള്‍ ഇരുവഴിഞ്ഞിയിലെ പരല്‍മീനുകള്‍ കൊത്തിയെടുത്തു എന്ന് സിനിമയില്‍. മഴക്കാലമായാല്‍ തയ്യത്തിന്‍കടവിന്റെ തീരങ്ങള്‍ ഇന്നും ദ്വീപു പോലെയാണ്. ഇരുവഴിഞ്ഞി കരകവിഞ്ഞൊഴുകും. അന്ന് മൊയ്ദീന്‍ രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ ഇന്ന് ഗള്‍ഫിലുണ്ട്.

തോണിയിലുണ്ടായിരുന്നവരെല്ലാം നാട്ടുകാര്‍ തന്നെ- റഷീദ് പറയുന്നു.
മൂന്നാം ദിവസമാണ് മൊയ്തീന്റെ മൃതദേഹം കിട്ടിയത്. കണ്ണിനു താഴെ മീന്‍ കൊത്തിയ പോലെ ഒരു പാടല്ലാതെ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. നീന്തല്‍ വശമില്ലായിരുന്ന മച്ചൂനന്‍ ഉസ്സന്‍കുട്ടിയുടെ മൃതദേഹം നാലാം ദിവസമാണ് കിട്ടിയത്. കിട്ടാതിരുന്നത് അംജദ് മോന്റെ മയ്യിത്താണ്. ചേന്ദമംഗല്ലൂരിലെ കോയസ്സന്‍ മാസ്റ്ററുടെ ഭാര്യ ആയിശയുടെ മകന്‍.  മൊയ്തീന്‍ രക്ഷപ്പെടാതിരിക്കാന്‍ ഒരു കാരണം ബാപ്പയുടെ കുത്ത് തന്നെയാവാം. വയറ്റില്‍ കുത്തേറ്റ ഭാഗത്ത് ഒരു കോച്ചിപ്പിടിത്തം അനുഭവപ്പെടാറുണ്ട്. കുത്തേറ്റ ശേഷം എഴുതുമ്പോള്‍ പോലും കൈ വിറക്കുമായിരുന്നു. കുത്തേറ്റതോടെ തന്റെ പഴയ ആരോഗ്യം നഷ്ടമായെന്ന് ചിലരോടെല്ലാം പറയുകയും ചെയ്തിരുന്നു.

മൊയ്തീന്‍ എന്ന ഹീറോ
സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു മൊയ്തീന്റേത്. ഒരായുസ്സില്‍ ചെയ്യേണ്ടതെല്ലാം കുറഞ്ഞകാലം കൊണ്ട് ചെയ്തു തീര്‍ത്തു ആ ധിക്കാരിയായ ചെറുപ്പക്കാരന്‍. ആരെയും കൂസാത്ത പ്രകൃതം മൊയ്തീന് ബാപ്പ ബി.പി. ഉണ്ണിമോയിയില്‍നിന്നു കിട്ടിയതാണ്. തെറ്റ് ആര് ചെയ്താലും മൊയ്തീന്‍ അത് ചോദ്യംചെയ്തിരിക്കും.  നാടകവും സിനിമയും രാഷ്ട്രീയവും സ്‌പോര്‍ട്‌സും ജേണലിസവും… മൊയ്തീന്‍ കൈവയ്ക്കാത്ത മേഖലകളില്ല.
moidheenപട്ടാളത്തില്‍ ചേരാനാഗ്രഹിച്ച കാലത്ത് സുഭാഷ് ചന്ദ്രബോസിനോടായിരുന്നു ആരാധന. എന്നാല്‍, പ്രായം 25 ആയതിനാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വിമോചനസമരത്തില്‍ പങ്കെടുത്ത മൊയ്തീന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം  സംസ്ഥാന പ്രസിഡന്റായി. അക്കാലത്താണ് കോഴിക്കോട്ടെത്തിയ ഇന്ദിരാഗാന്ധിക്ക് കരിങ്കൊടി കാട്ടിയത്. പിന്നീട് തന്റെ ‘സ്‌പോര്‍ട്‌സ് ഹെറാള്‍ഡ്’ ദൈ്വവാരിക അതേ ഇന്ദിരയെ കൊണ്ട് പ്രകാശനം ചെയ്യിച്ചു.
മറ്റുള്ളവരെ സഹായിക്കുന്നത് മൊയ്തീന്റെ ജീവിതശീലമായിരുന്നു. ഏതു കാര്യത്തിനും മുക്കത്ത് പോയി മൊയ്തീനെ കണ്ടാല്‍ പരിഹാരമാവും എന്ന് നാട്ടുകാര്‍ കരുതി. അങ്ങനെ മൊയ്തീന്റെ സഹായത്തോടെ പഠിച്ച് നല്ല ജോലി നേടിയവരില്‍ ഫാര്‍മസിസ്റ്റ് മുതല്‍ എയര്‍ ഹോസ്റ്റസ് വരെയുണ്ട്.നല്ല ആരോഗ്യവാനായിരുന്നു മൊയ്തീന്‍. അതിന്റെ രഹസ്യം നടത്തമായിരുന്നുവെന്ന് അനിയന്‍ റഷീദ് പറയുന്നു. ദിവസവും 8-10 കിലോ മീറ്റര്‍ വരെ മൊയ്തീന്‍ നടക്കുമായിരുന്നു. കഞ്ഞിയും ചെറുപയറുമായിരുന്നു ഇഷ്ട ഭക്ഷണം. പുകവലി, മദ്യപാനം പോലുള്ള ഒരു ദുശ്ശീലവും ഇല്ലായിരുന്നു.

kanjana1നീണ്ട 16 വര്‍ഷക്കാലം മുക്കം പഞ്ചായത്ത് പ്രസിഡന്റായ വ്യക്തിയാണ് മൊയ്തീന്റെ ബാപ്പ ബി.പി. ഉണ്ണിമോയി. എതിര്‍വാക്കില്ലാത്ത ഭരണാധികാരി. അദ്ദേഹത്തെ എതിര്‍ക്കാന്‍ അന്നാട്ടില്‍ ഒരു ആണ്‍കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. അത് മൊയ്തീനായിരുന്നു. സോഷ്യലിസ്റ്റായി മാറിയ മൊയ്തീന്‍ ഇന്ദിരാഗാന്ധിയുടെ നയങ്ങളെ വിമര്‍ശിച്ചു. ഇത് ബാപ്പാക്ക് സഹിക്കുമായിരുന്നില്ല. അവര്‍ തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങളുണ്ടായി. തന്നെ നാട്ടുകാരുടെ മുന്നില്‍ കൊച്ചാക്കുന്ന മകന്റെ പ്രവൃത്തികള്‍ ആ പിതാവിന് വകവച്ചുകൊടുക്കാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് മകന് ബാപ്പയുടെ കുത്തു കൊണ്ടത്. മുക്കം-കച്ചേരി റോഡിലെ മരം ലേലം ചെയ്ത സംഭവത്തിനെതിരേ മൊയ്തീന്‍ സമരപ്രഖ്യാപനം നടത്തിയതാണ് ബാപ്പയെ പ്രകോപിപ്പിച്ചത്. കത്തികൊണ്ടുള്ള കുത്തേറ്റ് കുടല്‍മാല പുറത്തുചാടി. കുത്തുകൊണ്ട സംഭവത്തെപ്പറ്റി കാഞ്ചനക്കെഴുതിയ ഒരു കത്തില്‍ മൊയ്തീന്‍ എഴുതി: ”എന്നെ കുത്തിയപ്പോള്‍ കത്തി പിടിച്ചുവാങ്ങി ബാപ്പയെ കമിഴ്ത്തിക്കിടത്തി പുറത്ത് കുത്താന്‍ കത്തി ഓങ്ങിയതാണ്. പക്ഷേ, ജന്‍മംനല്‍കിയ പിതാവിനോട് അതു ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നില്ല. കത്തി ഞാന്‍ വലിച്ചെറിഞ്ഞു.” ഓടുമ്പോള്‍ കാഞ്ഞിരക്കുറ്റി കുത്തിയാണ് പരിക്കേറ്റത് എന്നായിരുന്നു കോടതിയില്‍ മൊയ്തീന്‍ നല്‍കിയ മൊഴി. അതോടെ ബാപ്പ രക്ഷപ്പെട്ടു.

പ്രണയത്തിന്റെ ലിപി
പ്രണയത്തിനായി പുതിയൊരു ലിപി കണ്ടുപിടിച്ച ലോകത്തിലെ ആദ്യ പ്രണയിനികളായിരിക്കും കാഞ്ചനമാലയും മൊയ്തീനും. ലൗ ലെറ്ററുകള്‍ തുടര്‍ച്ചയായി പിടിക്കപ്പെട്ടതാണ് അതിലേക്ക് അവരെ എത്തിച്ചത്. രണ്ടുപേരുടേതും മുക്കത്തെ ആഢ്യത്വം നിറഞ്ഞ തറവാടുകളായിരുന്നു. കൊറ്റങ്ങല്‍ അച്യുതനും ബി.പി. ഉണ്ണിമോയിയും മതേതര കാഴ്ചപ്പാടുകാരായിരുന്നെങ്കിലും കാഞ്ചനയും മൊയ്തീനും ഒന്നിക്കുന്നത് ഇരുതറവാട്ടുകാര്‍ക്കും സഹിക്കുമായിരുന്നില്ല. അന്യമതസ്ഥരുമായുള്ള വിവാഹം കുറച്ചിലായി അവര്‍ കണ്ടു.
kanjana

ഒരു ബസ് യാത്രയിലാണ് കാഞ്ചന ആദ്യമായി മൊയ്തീനെ കാണുന്നത്. ആ വെള്ളാരംകണ്ണുകള്‍ അവളെ വീഴ്ത്തി. നല്ല ആകാരസൗഷ്ടവവും സൗന്ദര്യവുമുണ്ടായിരുന്നു മൊയ്തീന്. ഏതൊരു പെണ്‍കുട്ടിയും മോഹിക്കുന്ന ചെറുപ്പക്കാരന്‍. എന്നാല്‍. ജനസേവനവും സാമൂഹികപ്രവര്‍ത്തനവുമായി നടക്കുന്ന മൊയ്തീന്‍ കാഞ്ചനയെയല്ലാതെ ഒരു പെണ്‍കുട്ടിയെയും പ്രേമിച്ചില്ല. കോഴിക്കോട്ടെ കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്നു കാഞ്ചന. നാട്ടില്‍ വരുമ്പോള്‍ മൊയ്തീനെ കാണും. സംസാരിക്കും. മാംസനിബദ്ധമല്ലാത്ത ആ രാഗം അങ്ങനെ പടര്‍ന്നുകയറി, കത്തുകളിലൂടെ. കത്ത് പിടിക്കപ്പെട്ടതോടെ വീട്ടുകാര്‍ കാഞ്ചനയുടെ പഠിത്തം നിര്‍ത്തി. വീട്ടുതടങ്കലിലായി. ഒന്നും രണ്ടുമല്ല, നീണ്ട പത്തു വര്‍ഷങ്ങള്‍! അപ്പോഴാണ് അവര്‍ രണ്ടുപേര്‍ക്കും മാത്രം മനസ്സിലാവുന്ന ഒരു ലിപി അവര്‍ വികസിപ്പിച്ചെടുത്തത്.
കാഞ്ചന ഒരു പ്രണയിനി മാത്രമായിരുന്നില്ല. അക്കാലത്ത് കോണ്‍വെന്റിലെ മെസ്സില്‍ കാശുള്ള വീട്ടിലെ കുട്ടികള്‍ക്കും ദരിദ്രര്‍ക്കും വ്യത്യസ്തതരം ഭക്ഷണമാണ് വിളമ്പിയിരുന്നത്. ഇതിനെതിരേ ശബ്ദിച്ച് എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണം ലഭ്യമാക്കിയത് കാഞ്ചനമാലയാണ്. ക്രൈസ്തവരല്ലാത്ത കുട്ടികളും നിര്‍ബന്ധമായി കന്യാസ്ത്രീകളുടെ കൂടെ പ്രാര്‍ഥനയ്ക്കു കൂടണമെന്ന നിയമവും ഇല്ലാതായത് കാഞ്ചനമാലയുടെ ഇടപെടലോടെയാണ്. മൊയ്തീന്‍ മുങ്ങിമരിച്ചതറിഞ്ഞപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞതാണ് കാഞ്ചന. എന്നാല്‍, ‘നീ അവനുവേണ്ടി ജീവിക്കുകയാണ് വേണ്ടതെന്നു’ പറഞ്ഞ് അവളെ ജീവിതത്തിലേക്ക് കൊണ്ടുവന്നു മൊയ്തീന്റെ ഉമ്മ എ.എം. ഫാത്തിമ.

ബി.പി. മൊയ്തീന്‍ സേവാ മന്ദിര്‍
മുക്കത്തിനടുത്തുള്ള ബി.പി. മൊയ്തീന്‍ സേവാ മന്ദിറില്‍ ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുകയാണ് കാഞ്ചനമാല ഇപ്പോള്‍. സിനിമ റിലീസായതോടെ കാഞ്ചനച്ചേച്ചി കുറച്ചു നാളത്തേക്ക് അവിടെ നിന്ന് മാറിനിന്നു. ചാനലുകളും പത്രക്കാരും വന്ന് അവിടെ ബഹളമയമാക്കുന്നത് അവര്‍ക്കിഷ്ടമില്ല. അതുകൊണ്ടു മാത്രം.
sevamandir

സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമാണീ അമ്മ. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നവള്‍, അയല്‍ക്കാരനും അച്ഛനുമെല്ലാം പീഡിപ്പിക്കുന്നത് ഭയന്നു പോന്ന പെണ്‍കുട്ടി തുടങ്ങി കാഞ്ചനച്ചേച്ചിയുടെ തണല്‍ തേടി വരുന്നവര്‍ക്കു കണക്കില്ല. വൃദ്ധജനങ്ങളുടെ പരിപാലനത്തിലും അവര്‍ ശ്രദ്ധിക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലിപ്പിക്കാനും സംവിധാനമുണ്ട്. ഇപ്പോഴുള്ള താല്‍ക്കാലിക ഷെഡില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ജീവകാരുണ്യരംഗത്ത് കൂടുതല്‍          സജീവമാകാന്‍ ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു സാധിക്കുമെന്ന് കാഞ്ചനച്ചേച്ചി കരുതുന്നു. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിലും കാര്യമായി ഇടപെടുന്നു. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ കോടതിക്കു പുറത്ത് തീര്‍പ്പാക്കുന്ന സംവിധാനമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ കാരണവുമുണ്ട്, ബി.പി. മൊയ്തീന്‍ സ്ത്രീകളുടെ രക്ഷകനായിരുന്നു. വെള്ളത്തില്‍ മുങ്ങി മരിക്കുമ്പോള്‍ പോലും ഒരു സ്ത്രീയെയും കുഞ്ഞിനെയുമാണ് അദ്ദേഹം രക്ഷിച്ചത്.

സിനിമയാകുന്നു
എന്‍. മോഹനനാണ് ആദ്യമായി കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം വച്ച് ഒരു കഥ എഴുതിയത്. ആ കഥയില്‍ കാഞ്ചനയുടെ പേര് നിര്‍മല എന്നായിരുന്നു. നാട്ടുകാരനായ പി.ടി. മുഹമ്മദ് സാദിഖ് പിന്നീട് ‘മൊയ്തീന്‍ കാഞ്ചനമാല- ഒരപൂര്‍വ പ്രണയജീവിതം’ എന്ന പുസ്തകമെഴുതി. ഒരു സിനിമയ്ക്കു വേണ്ടി ഇത്രയും സാഹസപ്പെട്ട സംവിധായകനുണ്ടാവില്ല. ആര്‍.എസ്. വിമല്‍ എന്ന ചെറുപ്പക്കാരന് ഇതൊരു നിയോഗമായിരുന്നു. മൊയ്തീന്റെ അനിയന്‍ ബി.പി. റഷീദ് വഴിയാണ് വിമല്‍, കാഞ്ചനമാലയുടെ കഥ അറിയുന്നത്. കാഞ്ചനമാലയുടെ ജീവിതം വിമലിനെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ ജീവിതം വച്ച് 2006ല്‍ ‘ജലം കൊണ്ട് മുറിവേറ്റവള്‍’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചെയ്തു. ഏറെ ശ്രദ്ധ നേടിയ ഈ ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. വായിച്ചും കേട്ടുമറിഞ്ഞ പ്രണയകഥകളേക്കാള്‍ അതിശയിപ്പിച്ചു. അത് ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് വിമല്‍ പറയുന്നു.
നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് വളരെ കൃത്യമാണ്. ഭാവനാശാലികളായ നോവലിസ്റ്റുകള്‍ക്കു പോലും സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിയാത്ത ഒരു മഹദ്ക്കഥയാണ് കാഞ്ചനമാലയുടെ ജീവിതം. മൊയ്തീന്‍ എന്ന കഥാപാത്രത്തെ പടയ്ക്കാന്‍ സാക്ഷാല്‍ പടച്ച തമ്പുരാന് മാത്രമേ കഴിയൂ.

 
ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day