|    Dec 6 Tue, 2016 9:33 pm
FLASH NEWS

ഇറാനുമായുള്ള ആണവ ഉടമ്പടി റദ്ദാക്കല്‍; ട്രംപിന് മുന്നറിയിപ്പുമായി സിഐഎ മേധാവി

Published : 1st December 2016 | Posted By: SMR

trump

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവ ധാരണ റദ്ദാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുന്നത് വിനാശകരവും വന്‍ വിഡ്ഢിത്തവുമായിരിക്കുമെന്ന് സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെന്നന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ നിലപാട് പുനപ്പരിശോധിക്കണമെന്നും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ബ്രെന്നന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റായി സ്ഥാനമേറ്റയുടന്‍ ഇറാനുമായുള്ള ആണവ ഉടമ്പടി റദ്ദാക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ട്രംപ് വ്യക്തമാക്കിയിരുന്നു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബ്രെന്നന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. കരാര്‍ റദ്ദാക്കരുതെന്നും സിഐഎ മേധാവി ട്രംപിനോട് ആവശ്യപ്പെട്ടു. റഷ്യന്‍ വാഗ്ദാനങ്ങളില്‍ കരുതലോടെ തീരുമാനമെടുക്കണമെന്നും ബ്രെന്നന്‍ പറഞ്ഞു. റഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
ഭീകരത, റഷ്യയുമായുള്ള സഹകരണം, ഇറാന്‍ ആണവ ഉടമ്പടി വിഷയങ്ങളില്‍ ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം മുന്‍കരുതലെടുക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും ബ്രെന്നന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ അസദ് ഭരണകൂടത്തിനു നിരുപാധിക പിന്തുണ നല്‍കുന്ന റഷ്യന്‍ നടപടിയേയും ബ്രെന്നന്‍ കടന്നാക്രമിച്ചു.
റഷ്യന്‍ ആക്രമണങ്ങളെ നിഷ്ഠൂരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിറിയന്‍ വിമതര്‍ക്കുള്ള പിന്തുണ പുതിയ ഭരണകൂടം തുടരണം. കാലാവധി തീരുന്ന ജോണ്‍ ബ്രെന്നന്‍ ജനുവരിയില്‍ സിഐഎ ഡയറക്ടര്‍ പദവി ഒഴിയും. നാലു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ബ്രന്നന്‍ പദവി ഒഴിയുന്നത്. പുതിയ മേധാവിയാകും ജനുവരിയില്‍ ചുമതലയേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപിന് കീഴില്‍ സിഐഎയെ നയിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 850 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day