|    Dec 8 Thu, 2016 7:30 am
FLASH NEWS

ഇരട്ടമുഖം പുറത്ത്: സംഘപരിവാര വേദിയില്‍ സജീവ സാന്നിധ്യമായി സിപിഎം നേതാക്കള്‍

Published : 2nd December 2016 | Posted By: SMR

rss-prog-kadakampalli_ayy

തിരുവനന്തപുരം: സംഘപരിവാരത്തെ ചാനല്‍ ചര്‍ച്ചകളിലും പുറത്തും നഖശിഖാന്തം എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ അവരുടെ വേദികളില്‍ ഉദ്ഘാടകനും മുഖ്യാതിഥിയുമായി എത്തുന്നത് വിവാദമാവുന്നു. ആര്‍എസ്എസ് പോഷകവേദിയായി പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാസംഘം സംഘടിപ്പിച്ച ചടങ്ങുകളിലാണ് സിപിഎം മന്ത്രി കടകംപള്ളി സുരേന്ദ്രനും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ സജീവസാന്നിധ്യമായത്.
കാക്കനാട് സിവില്‍സ്‌റ്റേഷനു സമീപം 2014ല്‍ ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ സ്‌ഫോടനം നടന്ന അയ്യപ്പസേവാസംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത് മന്ത്രി കടകംപള്ളിയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നതും എല്ലാവരും മതസൗഹാര്‍ദത്തോടെ കഴിയുന്നതും അയ്യപ്പസേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങ ള്‍ മുഖേനയാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും ആര്‍എസ്എസിന്റെ വര്‍ഗീയതയ്‌ക്കെതിരേ പ്രസ്താവനകള്‍ നടത്തി കൈയടി വാങ്ങാറുള്ള തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജാണ് സംഘത്തിന്റെ ഓഫിസ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സംഘപരിവാരത്തിനെ എതിര്‍ക്കുന്നതില്‍ സിപിഎമ്മിന്റെ ഇരട്ടമുഖമാണ് പുറത്തായിരിക്കുന്നത്.
2016 ജനുവരി ഏഴിനാണ് മാവേലിപുരത്തുള്ള ഓഫിസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നത്. ഇതില്‍ പരിക്കേറ്റ അയ്യപ്പവേഷധാരിയായ ആര്‍എസ്എസ് പ്രവര്‍ത്തകരടക്കമുള്ളവരെയും ഇവര്‍ സഞ്ചരിച്ച വാഹനവും നേതാക്കള്‍ സംഭവസ്ഥലത്തുനിന്നു മാറ്റി.
തങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ ഉടന്‍ തന്നെ സംഘപരിവാരം കാക്കനാട് പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും സ്‌ഫോടനത്തിനു പിന്നില്‍ മുസ്‌ലിംകളാണെന്നാരോപിച്ച് കലാപം അഴിച്ചുവിടാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ പോലിസിന് ലഭിച്ചതോടെ സംഘപരിവാരത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ഉന്നതതല ഇടപെടലുണ്ടായതിനെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത് പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളാണ്. യൂത്ത് കോണ്‍ഗ്രസ്, എസ്ഡിപിഐ പാര്‍ട്ടികളും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. സ്‌ഫോടനത്തിലെ ഉത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഇപ്പോഴും സമരരംഗത്താണ്. ഈ പശ്ചാത്തലത്തിലാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധംപോലും വകവയ്ക്കാതെ നേതാക്കള്‍ ഇതേ ഓഫിസിലെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.
ഈ പരിപാടി കഴിഞ്ഞ് വൈകാതെ തന്നെ ആര്‍എസ്എസ് ഇതേ മേഖലയില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ പരിപാടി സംഘടിപ്പിച്ചതും ശ്രദ്ധേയമായി. സ്വന്തം നേതാക്കളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് നാട്ടുകാരുടെ മുന്നില്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങുകയാണ് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍.  നേരത്തേ തിരുവനന്തപുരത്ത് ഗണേശോല്‍സവത്തോടനുബന്ധിച്ച് ശിവസേനയുടെ ഘോഷയാത്ര ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു.
ദേവസ്വം മന്ത്രിയായി ചുമതലയേറ്റശേഷം മന്ത്രി കടകംപള്ളി നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് ദേവസ്വം അമ്പലങ്ങളില്‍നിന്ന് ആര്‍എസ്എസ് ശാഖകള്‍ തുടച്ചുനീക്കുമെന്നതായിരുന്നു. എന്നാല്‍, ആര്‍എസ്എസ് കായികപരിശീലനം നടത്തുന്ന അമ്പലങ്ങളുടെ വിവരങ്ങള്‍ സിപിഎം പ്രാദേശികനേതാക്കള്‍ നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ മന്ത്രി നിര്‍ത്തിവച്ചു.
സംഘപരിവാരത്തിന്റെ വേദിയില്‍തന്നെ തന്റെ പ്രസ്താവനയില്‍ ഖേദമുണ്ടെന്ന തരത്തി ല്‍ പ്രസംഗിക്കുകയും ആര്‍എസ്എസിന്റെ മതേതരത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തതാണ് വിവാദമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,205 times, 3 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day