|    Dec 10 Sat, 2016 10:00 pm

ഇപിയുടെ മടങ്ങിവരവ് അടഞ്ഞ അധ്യായമായി

Published : 21st November 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണിയെ മന്ത്രിസഭയിലെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇ പി ജയരാജന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമായി. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 14നാണ് ഇ പി ജയരാജന്‍ മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്നത്. പകരം മന്ത്രിയെ നിശ്ചയിക്കാതെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തതാണ് ഇപിക്ക് പ്രതീക്ഷ നല്‍കിയിരുന്നത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം ഇപിയുടെ രാഷ്ട്രീയഭാവിക്കുതന്നെ കരിനിഴലായി മാറിയിരിക്കുകയാണ്. എം എം മണിയെ മന്ത്രിയാക്കുന്നതിലുള്ള അതൃപ്തി ഇ പി ജയരാജന്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍നിന്ന് ഇപി ഇറങ്ങിപ്പോയി. രാവിലെ ചേര്‍ന്ന അടിയന്തര സെക്രട്ടേറിയറ്റില്‍ പുതിയ മന്ത്രിയുണ്ടെന്ന തീരുമാനം അംഗങ്ങളെ അറിയിച്ചത് പാര്‍ട്ടി സെക്രട്ടറി കോടിയേരിയാണ്. എന്നാല്‍, മന്ത്രിസഭാ പുനസ്സംഘടന നടത്തുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നു ജയരാജന്‍ പരാതിപ്പെട്ടു. കോടിയേരിയും എകെ ബാലനും ബന്ധുനിയമനം നടത്തിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് യോഗത്തില്‍നിന്ന് ജയരാജന്‍ ഇറങ്ങിപ്പോവുകയായിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് റിപോര്‍ട്ടിന് കാത്തുനില്‍ക്കാതെ മന്ത്രിസഭയിലേക്കുള്ള ഇപിയുടെ വാതില്‍ കൊട്ടിയടച്ചതോടെ സംഘടനാ നടപടി പിന്നാലെയുണ്ടാവും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കേന്ദ്രകമ്മിറ്റിയില്‍ തുടരാനാവുമോയെന്ന കാര്യവും സംശയമാണ്. കൂടാതെ, അണികള്‍ അകലുമെന്നതും വ്യക്തമാണ്. പലകാരണങ്ങളാല്‍ നേതൃസ്ഥാനത്തുനിന്ന് പുറത്തുപോവേണ്ടിവരികയും അണികള്‍ കൈയൊഴിയുകയും ചെയ്ത നേതാക്കളുടെ ചരിത്രം കണ്ണൂരില്‍തന്നെ ഏറെയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക