|    Dec 9 Fri, 2016 1:12 pm

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: മരണം 142 ആയി

Published : 21st November 2016 | Posted By: SMR

train

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്ദോര്‍പട്‌ന എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 142 ആയി ഉയര്‍ന്നു. സംഭവ സ്ഥലത്ത് നടത്തിയ വിശദ പരിശോധനയിലാണ് എസ്2 കോച്ചിനുള്ളില്‍ നിന്നും കുടുങ്ങി കിടന്ന കൂടുതല്‍ മൃതദേഹങ്ങള്‍ ദേശീയ ദുരന്തനിവാരണ സേന കണ്ടെടുത്തത്.
14 കോച്ചുകളുള്ള ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് തീവണ്ടിയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കാണ്‍പൂരിലെ ഗ്രാമീണമേഖലയില്‍ പാളംതെറ്റിയത്.
തീവണ്ടിയുടെ നാലു കോച്ചുകള്‍ തകര്‍ന്നു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു. റെയില്‍വേ അധികൃതര്‍ക്കൊപ്പം കരസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ 110 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 43 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഉത്തര്‍പ്രദേശുകാരായ 20 പേരെയും മധ്യപ്രദേശില്‍നിന്നുള്ള 15 പേരെയും തിരിച്ചറിഞ്ഞു. ബിഹാറുകാരായ ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്നും ഗുജറാത്തില്‍നിന്നുമുള്ള ഓരോരുത്തര്‍ എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. കരസേനയിലെ ജവാന്‍ പ്രഭുനാരായണ്‍ സിങ്, ബിഹാറിലെ റോഹ്താസില്‍ നിന്നുള്ള ബിഎസ്എഫ് ജവാന്‍ അനില്‍ കിഷോര്‍, ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ പോലിസ് കോണ്‍സ്റ്റബിള്‍ ലഖന്‍ സിങ് എന്നിവര്‍ മരിച്ചവരില്‍പ്പെടും. അപകട കാരണം പാളത്തിലെ വിള്ളലാണെന്നു സംശയിക്കുന്നതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഉത്തര മധ്യമേഖലാ ജനറല്‍ മാനേജര്‍ അരുണ്‍ സക്‌സേന അറിയിച്ചു.
അപകടം നടന്നത് ഗ്രാമീണമേഖലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഖിലേഷ് യാദവ് അഞ്ചുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. മോദി രണ്ടുലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി സഹായധനം രണ്ടുലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നിസ്സാര പരിക്കുള്ളവര്‍ക്ക് കാല്‍ലക്ഷം രൂപ വീതവും നല്‍കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day