|    Dec 5 Mon, 2016 2:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ധന കടത്ത് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

Published : 12th November 2016 | Posted By: SMR

ദോഹ: പെട്രോള്‍, ഡീസല്‍, വാതകം തുടങ്ങി എളുപ്പത്തില്‍ തീപ്പിടിക്കുന്ന ചരക്കുകളുടെ ഗതാഗതത്തില്‍ അപകട സാധ്യത കുറക്കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ ദേശീയ നയം രൂപീകരിക്കുന്നു. ഖത്തറിലെ റോഡുകളില്‍ ഇന്ധനം കടത്തുന്നതിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം അപകട രഹിതവും സുഗമവുമാക്കുക എന്നതാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ വിവിധ കമ്മറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമാണ് ദേശീയ നയം രൂപവല്‍ക്കരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റി ജനറല്‍ മാനേജര്‍ കിം ജ്രൈവ് ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. എളുപ്പത്തില്‍ തീപ്പിടിക്കുന്ന  ചരക്കുകള്‍ വഹിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കുമായി അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കുക എന്നതാണ് നിര്‍ദേശിക്കപ്പെട്ട പ്രധാന ശുപാര്‍ശകളിലൊന്ന്.
ആഗോള തലത്തില്‍ ഇത്തരം വാണിജ്യ വാഹനങ്ങളിലെയും പൊതു ഗതാഗതത്തിലെയും അപകട സാധ്യത കുറയ്ക്കുന്നതിനായി ഐആര്‍യു അക്കാദമിയുടെ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനായി അതോറിറ്റികള്‍ ചര്‍ച്ചയിലാണെന്നും ജ്രൈവ് വെളിപ്പെടുത്തി.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ ഇത്തരം പരിശീലനങ്ങള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങള്‍ പകല്‍ സമയങ്ങളില്‍ ഓടുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ട്രാഫിക് സേഫ്റ്റി സെന്റര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത്തരം ഗതാഗതം പുലര്‍ച്ചെ 1 മുതല്‍ 6 വരെ മാത്രമേ പാടുള്ളുവെന്ന്  സെന്ററിലെ മുഹമ്മദ് ഗര്‍ബേഷ് പറഞ്ഞു. സെന്റര്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.
ഇന്ധനം നിറയ്ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് രാജ്യത്തെ 80 പെട്രോള്‍ സ്റ്റേഷനുകളിലേക്കുമുള്ള കൃത്യമായ ഗതാഗത റൂട്ടുകള്‍ തിരിച്ചറിഞ്ഞ് സ്വകാര്യ പൊതു വാഹനങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വുഖൂദിന്റെ ഇന്ധനം വഹിക്കുന്ന 165 വാഹനങ്ങളുടേയും കൃത്യമായ റൂട്ടുകള്‍ കമ്പനി നിര്‍ബന്ധമായും തിരിച്ചറിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാണിജ്യ വാഹനങ്ങള്‍ക്ക് ദിവസേന കൃത്യമായ ഗതാഗത റൂട്ടുകള്‍ നിശ്ചയിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും കൂടുതല്‍ എളുപ്പമാകുകയും ചെയ്യും. ഡ്രൈവറുടെ തളര്‍ച്ചയും ക്ഷീണവുമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇത്തരം വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഒരു ദിവസം നാല് ട്രിപ്പില്‍ കൂടുതല്‍ നല്‍കരുതെന്നും ഗര്‍ബേഷ് നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day