|    Dec 4 Sun, 2016 11:56 pm
FLASH NEWS

ഇന്ധനമില്ലാതെ പമ്പുകള്‍ അടച്ചു;വാഹനയാത്രക്കാര്‍ വലഞ്ഞു

Published : 26th October 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ അഞ്ചാം ദിവസമായിരുന്ന ഇന്നലെ  സംസ്ഥാനത്ത് നേരിട്ടത് കനത്ത ഇന്ധനക്ഷാമം. ഐഒസിയുടെ കീഴിലുളള ഭൂരിഭാഗം പമ്പുകളും ഇന്ധനം ലഭ്യമാകതെ അടച്ചതോടെ വാഹന യാത്രക്കാര്‍ വലഞ്ഞു. പ്ലാന്റിലെ 612 ലോറികളും ഐഒസി, ബിപിസിഎല്‍, എച്ച്പിസി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച പണിമുടക്ക് മൂലം  ഇന്ധനനീക്കം പൂര്‍ണമായും നിലച്ചിരുന്നു. ഇന്ധനം ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഐഒസിയുടെ പമ്പുകളില്‍ ഭൂരിഭാഗം പമ്പുകളും തിങ്കളാഴ്ച ഉച്ചയോടെ തന്നെ അടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഇന്ധനത്തിനായി നെട്ടോട്ടത്തിലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളതും പ്രധാന ജങ്ഷനുകളിലുള്ള പമ്പുകളും ഐഒസിയുടേതാണ്. ഇവ അടഞ്ഞ് കിടന്നതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റി ഉപഭോക്താക്കള്‍ ഇന്ധനത്തിനായി വലയുകയും ചെയ്തു. വാഹനങ്ങള്‍ പലതും ഇന്ധനം തീര്‍ന്നത് മൂലം വഴിയില്‍ നിര്‍ത്തിയിട്ടും ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കിലോമീറ്ററുകള്‍ തള്ളുന്ന അവസ്ഥയും മറ്റ് വാഹനങ്ങളില്‍ കയറി പോവേണ്ട സ്ഥിതിയുമുണ്ടായി. എറണാകുളം ഉള്‍പ്പെടെ 11 ജില്ലകളെ സമരം വന്‍തോതില്‍ തന്നെ ബാധിച്ചു. ഐഒസി പമ്പുകള്‍ നിശ്ചലമായതിനെ തുടര്‍ന്ന് മറ്റ് എണ്ണകമ്പനികളുടെ പമ്പുകളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. പല പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നതിന് ശേഷമാണ് പലര്‍ക്കും ഇന്ധനം ലഭിച്ചത്. ഇതിനിടയില്‍ ക്യൂ തെറ്റിച്ചതിനെ ചൊല്ലി മിക്ക പമ്പുകളിലും വാഹന ഉടമകള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനും കൈയേറ്റങ്ങള്‍ക്കും കാരണമായി. ഇന്നലെ വൈകീട്ടോടെ സമരം അവസാനിച്ചില്ലായിരുന്നെങ്കില്‍ സംസ്ഥാനം പൂര്‍ണമായും ഇന്ധന ക്ഷാമത്തിലേക്ക് കൂപ്പ് കുത്തുമായിരുന്നു. ഇന്നലെ വൈകീട്ട് സമരം ഒത്തുതീര്‍ന്നുവെങ്കിലും അടഞ്ഞ പമ്പുകളെല്ലാം ഇന്ന് രാവിലെയോടെ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.  പുതിയ ടെണ്ടര്‍ സംവിധാനത്തില്‍ വ്യാപക അപാകതകളുണ്ടെന്നാരോപിച്ചായിരുന്നു കോ-ഓഡിനേഷന്‍ കമ്മിറ്റി സമരം ആരംഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day