|    Oct 29 Sat, 2016 1:15 am
FLASH NEWS

ഇന്ത്യ തിരിച്ചടിച്ചു; നിയന്ത്രണരേഖയില്‍ വെടിവയ്പ്

Published : 1st October 2016 | Posted By: SMR

കെ  എ  സലിം  

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിനു തിരിച്ചടിയെന്നോണം ഇന്ത്യയുടെ കടന്നാക്രമണത്തെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ പാകിസ്താന്‍ സൈന്യം നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ് നടത്തി. അതിനിടെ, ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സൈന്യത്തിന്റെ പിടിയിലായി. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദു ബാബുലാല്‍ ചൗഹാന്‍ (22) ആണ് പിടിയിലായത്.
മാന്‍കോട്ടിന് പടിഞ്ഞാറ് ജാന്‍ദ്‌റൂട്ടിലാണ് സംഭവം. ഇദ്ദേഹത്തെ നിക്കായലിലുള്ള പാക് സൈനിക ആസ്ഥാനത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. സൈനികന്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈനികന്റെ മോചനം സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടുവരുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
ഇന്നലെ നിയന്ത്രണരേഖയില്‍ രണ്ടിടത്തും ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവയ്പുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. സലാല്‍, ബാബഖോര്‍ എന്നിവിടങ്ങളില്‍ രാവിലെ 10ഓടെയാണു സംഭവമെന്ന് അധികൃതര്‍ വ്യക്തമാക്കി. പല്ലന്‍വാല പ്രദേശത്ത് പുലര്‍ച്ചെ 12.30നും 1.30നും ഇടയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പുണ്ടായി. സപ്തംബറില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാവുന്ന അഞ്ചാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. സൈനികന്റെ അതിവേഗത്തിലുള്ള മോചനം സാധ്യമാവുന്നതിന് ഇസ്‌ലാമാബാദുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സൈനികന്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതായി പാകിസ്താന്‍ സൈനിക അധികൃതരെ അറിയിച്ചിരുന്നതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. സൈനികരും സാധാരണക്കാരും ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞദിവസം നിയന്ത്രണരേഖ കടന്നുള്ള ആക്രമണവുമായി ഇതിന് ബന്ധമൊന്നുമില്ല. ഇത്തരത്തില്‍ കടക്കുന്ന ആളുകളെ തിരിച്ചെത്തിക്കാന്‍ ഔദ്യോഗിക സംവിധാനമുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചു.
സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പാകിസ്താന്‍ സായുധസംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ചന്തകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും 30 ദിവസത്തേക്ക് സുരക്ഷ ശക്തമാക്കാനാണു നിര്‍ദേശം. ആവശ്യമെങ്കില്‍  കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day