|    Oct 22 Sat, 2016 11:19 pm
FLASH NEWS

ഇന്ത്യന്‍ മുജാഹിദീന്‍ പഴങ്കഥ; വിപണി ഐസിസിന്

Published : 6th October 2016 | Posted By: SMR

മാത്യു സാമുവല്‍

ആ വൈകുന്നേരത്തിന്റെ ഓര്‍മ എന്നും ഉള്ളുനീറ്റുന്നൊരു കനലാണ്. കത്തിവെക്കാന്‍ ഒത്തുകിട്ടിയത് ഹരിയാനയിലെ ഒരു മുന്‍ ഡിജിപിയെ. ഒരു ഇന്ത്യന്‍ മുസ്‌ലിമിനെ കൊടുംഭീകരനാക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് ബോധ്യമായ ദിവസം. അതിനുള്ള മാര്‍ഗങ്ങളും അദ്ദേഹം വിവരിച്ചു. ആള്‍ പുലിയാണ്. വളരെക്കാലം ഇന്റലിജന്‍സ് ബ്യൂറോയിലെ സീനിയര്‍ തസ്തികയില്‍ ഇരുന്ന ആള്‍.
മധ്യപ്രദേശിലെ ഒരു കുടുംബത്തിന്റെ കഥയാണ് അദ്ദേഹം എന്റെ ചോരയുടെ ഭാഗമാക്കിയത്. അവര്‍ കാറില്‍ ഒരു യാത്ര പോവുകയായിരുന്നു. യാത്രാമധ്യേ കാര്‍ ഒരു സ്‌കൂട്ടറുമായി ഉരസി. യാത്ര ചെയ്യുന്ന ആര്‍ക്കും ഉണ്ടാകാവുന്ന സ്വാഭാവികാനുഭവം. വാക്കുതര്‍ക്കം അടിപിടിയിലെത്തി. കാര്‍ യാത്രക്കാരിലാരോ സ്‌കൂട്ടറുകാരന്റെ തലയ്ക്കടിച്ചു. അയാള്‍ ബോധംകെട്ടു വീണു. സ്‌കൂട്ടറുകാരന്‍ അത്യാവശ്യം പിടിപാടുള്ള ലോക്കല്‍ മഹാന്‍. പോരേ പൂരം! സാദാ കേസായി രജിസ്റ്റര്‍ ചെയ്ത സംഭവം പിന്നീട് കൊലപാതക ശ്രമമായി. അവസാനം കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം ഒരു സുപ്രഭാതത്തില്‍ തീവ്രവാദികളായി!
ഈ മറിമായത്തിന്റെ റൂട്ട്മാപ്പാണ് മനഃപാഠമാക്കേണ്ടത്. കുടുംബത്തിലാരോ ഒരാള്‍ എപ്പോഴോ ഒരു തീവ്രവാദ കേസില്‍ പ്രതിയായിട്ടുണ്ട്. അതിനും മുമ്പ് അയാള്‍ ഇവരുടെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതും പോരാഞ്ഞ് താവഴിയില്‍ നിന്നൊരുത്തന്‍ ബാബരി മസ്ജിദ് അയോധ്യാ കലാപത്തില്‍ മരണപ്പെടുകയും ചെയ്തു. ഇതു മതി കുടുംബത്തെയൊന്നാകെ തീവ്രവാദികളാക്കാന്‍. പത്തുവയസ്സുകാരന്‍ മുതല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി വരെ എല്ലാവരും ഇന്ത്യയില്‍ ഏതോ ആക്രമണം ആസൂത്രണം ചെയ്ത ഭീകരവാദികള്‍. സ്വാഭാവികമായും അവരെ മുന്‍കരുതലെന്ന പേരില്‍ അറസ്റ്റ് ചെയ്‌തേ മതിയാകൂ.
ഹിന്ദു പത്രങ്ങള്‍ വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയെ സംസ്ഥാന പോലിസ് കാര്യങ്ങള്‍ ധരിപ്പിച്ചു. ‘കൊടുംഭീകരര്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു.’ കേന്ദ്ര ഏജന്‍സി അവരെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുന്നു. അവരുടെ എല്ലാ ഫോണ്‍ നമ്പറുകളും വിളിച്ചതും വിളിക്കാത്തതും തിരഞ്ഞുപിടിച്ച് വിശദമായ അവലോകനം.
അവസാനം അവര്‍ കണ്ടെത്തി: ഇന്‍ഡോറില്‍’സ്ലോട്ടര്‍ ഹൗസ് നടത്തുന്ന ജഹാംഗീറും കുടുംബവും നിരപരാധികള്‍. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഈ നിരപരാധികള്‍ പുറംലോകം കണ്ടു. നല്ല രീതിയില്‍ കുടുംബം പുലര്‍ത്തിയിരുന്ന ആളാണ് ജഹാംഗീര്‍. അപമാനം സഹിക്കാതെ അയാള്‍ ആത്മഹത്യ ചെയ്തു.
ഇതുപോലെ ആയിരക്കണക്കിനു കേസുകളുണ്ട് നമ്മുടെ നാട്ടില്‍. ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്ന ഒരു മുസ്‌ലിമിന്റെ കഴുത്തില്‍ പാകിസ്താനിയെന്നോ ഭീകരനെന്നോ ഒരു ചാപ്പ കുത്താന്‍ എത്ര എളുപ്പം!
എന്റെ കൗമാരകാലം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളി അന്നും യുദ്ധമാണ്. എനിക്ക് ഇഷ്ടമുള്ള മിക്ക കളിക്കാരും പാകിസ്താനികളായിരുന്നു. ജാവീദ് മിയാന്‍ദാദിനെയായിരുന്നു ഏറെയിഷ്ടം. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആക്രമണവീര്യം- അതായിരുന്നു അവരുടെ ശൈലി.
പാക് അനുകൂലികളായ ചില മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. കളിയില്‍ ഇന്ത്യ തോറ്റാല്‍ അവരായിരുന്നു ഇരകള്‍. ഇന്ത്യ അങ്ങനെ പരാജയപ്പെട്ടുവെന്നല്ല പ്രശ്‌നം. ചര്‍ച്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചാകാന്‍ പിന്നെ ഏറെ നേരം വേണ്ട. പക്ഷേ, എന്നെപ്പോലുള്ളവര്‍ പാകിസ്താനെ പിന്തുണച്ചാല്‍ പ്രശ്‌നമില്ല. കാരണം, ക്രിസ്ത്യാനിയാണല്ലോ. നായര്‍ക്കും ഈഴവനുമൊക്കെ പാകിസ്താനിയെ പിന്തുണയ്ക്കാം, പക്ഷേ, മുസ്‌ലിം സമുദായത്തിനു പാടില്ലെന്നാണ് മനോഗതി.
മത്സരങ്ങള്‍ ഒരു കമ്മ്യൂണിറ്റിയെ രണ്ടായി വിഭജിക്കുന്നു: രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, കൈക്കൂലിപ്പാപി എന്നു ചുരുക്കിപ്പറയാം. ജനത്തിനു യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല, ആവോളം ദ്രോഹിക്കുകയും ചെയ്യും. അയാളും മത്സരത്തില്‍ പിന്തുണയ്ക്കുന്നത് ഇന്ത്യയെ. ക്രിക്കറ്റില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടച്ച് രാജ്യസ്‌നേഹം തെളിയിക്കാന്‍ അയാള്‍ക്കൊരു ബുദ്ധിമുട്ടുമില്ല. ഇന്ത്യ തോറ്റാല്‍ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടും. കാരണം ‘രാജ്യസ്‌നേഹം.’
തിരുവനന്തപുരം ജില്ലയിലുള്ള ഒരു കോഴിക്കച്ചവടക്കാരന്‍ ഇന്ത്യയിലെ സൈനികര്‍ക്ക് എതിരായി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിട്ടുവെന്നു പ്രചാരണം നടക്കുന്നു. അതു സത്യമല്ലെന്ന് പിന്നീട് വാര്‍ത്ത വന്നു. വിയോജിക്കാനുള്ള അവസരം ജനാധിപത്യം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവകാശത്തെ ദുരുപയോഗം ചെയ്യുന്ന തരത്തില്‍ ആരെങ്കിലും പെരുമാറുന്നപക്ഷം അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിവരും.
അതേസമയം, ഉറിയിലെ പ്രത്യാക്രമണത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നതിനും രണ്ടു മണിക്കൂര്‍ മുമ്പ് പാകിസ്താനെ ആക്രമിച്ച ഇന്ത്യന്‍ പട്ടാളത്തെ അപഹസിച്ച് ഷാഹുല്‍ പോസ്റ്റിട്ടുവെന്നു വരുത്താന്‍ ‘ഫോട്ടോസേവ’ നടത്തുകയും ഷാഹുലിനെ ദേശദ്രോഹിയാക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ അതിലും കടുത്ത വിയോജിപ്പ്. ഒരു മതന്യൂനപക്ഷത്തിനെതിരേ കളിക്കുന്ന ‘ദേശദ്രോഹികള്‍.’
ഇപ്പോള്‍ മുസ്‌ലിം ഭീകരകഥകള്‍ക്ക് മാര്‍ക്കറ്റ് അത്ര പോരെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ ടാഗ്‌ലൈന്‍ വന്നു: ഐഎസ്! അതിനാണ് ഇപ്പോള്‍ നല്ല മാര്‍ക്കറ്റ്. അയാള്‍ ഐഎസിന്റെ അനുഭാവിയാണ്, അല്ലെങ്കില്‍ അവരെ ഗള്‍ഫില്‍ പോകാന്‍ സഹായിച്ചു, അവര്‍ക്ക് ഫോണ്‍ ചെയ്തു, അവര്‍ക്ക് സന്ദേശം കൈമാറി- അങ്ങനെ പോകുന്നു കഥകള്‍.
മുസ്‌ലിം ജനസംഖ്യയില്‍ ഇന്തോനീസ്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അങ്ങനെയുള്ള രാജ്യത്തു നിന്ന് എത്ര പേര്‍ ഒഫീഷ്യല്‍ റെക്കോര്‍ഡ്‌സില്‍, കേന്ദ്രസര്‍ക്കാര്‍ രേഖയില്‍ ഐഎസില്‍ ചേരാന്‍ പോയി? എങ്ങനെ പെരുക്കി പെറുക്കിയെടുത്താലും പരമാവധി പത്തു പേര്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചാരക്കേസുകളില്‍ പ്രതികള്‍ ആരാണ്? 70 ശതമാനം ഇന്ത്യയിലെ ഹിന്ദുക്കള്‍; ബാക്കി 30 എല്ലാവരും കൂടി. അപ്പോള്‍ ആരാണ് രാജ്യദ്രോഹി?
(നാരദ ന്യൂസ് ഡോട്ട്‌കോം)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,481 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day