|    Oct 24 Mon, 2016 8:58 am
FLASH NEWS

ഇനി യാത്ര അമ്മനാട്ടിലേക്ക്

Published : 31st March 2016 | Posted By: G.A.G

ammanad-cover

മൂസ വടക്കനോളി
ലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. മരണാസന്നനായ ചക്രവര്‍ത്തി, ചുറ്റും ദുഃഖാര്‍ത്തരായി നില്‍ക്കുന്ന അനുചരവൃന്ദത്തോട് അരുള്‍ ചെയ്തു: ‘എനിക്ക് അനുവദിച്ച സമയം കഴിയാറാവുന്നു; മരണ ശേഷമുള്ള അന്ത്യയാത്രയില്‍ എന്റെ ഇരുകൈകളും ശവമഞ്ചത്തിന് വെളിയിലേക്കിടുക’. ഇതു കേട്ട് ആശ്ചര്യപ്പെട്ട അനുചരരോട് വീണ്ടും ചക്രവര്‍ത്തി മൊഴിഞ്ഞു: ”ലോകം മുഴുവന്‍ കീഴടക്കാന്‍ കൊതിച്ച അലക്‌സാണ്ടര്‍ അവസാനം യാത്രയായത് വെറും കയ്യോടെയായിരുന്നു എന്ന് ജനം അറിയട്ടെ’.
ammanad-blurbഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരുടെ ഇടമുറിയാത്ത ഒഴുക്ക് കാണുമ്പോള്‍ ഈ ചിത്രം ഓര്‍ത്തു പോയി. അതിരുകളില്ലാത്ത സ്വപ്‌ന സാമ്രാജ്യത്തിന്റെ സുല്‍ത്താന്മാരായി സ്വര്‍ണ്ണം വിളയുന്ന മരുഭൂമികളില്‍ ചേക്കേറിയവര്‍… അവര്‍ നിരക്ഷരരായിരുന്നില്ല. ഒരു തൊഴിലോ മറ്റ് ജീവിതോപാധികളോ കണ്ടെത്താനാവാതെ നാടിനും വീടിനും ഭാരമാകുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവരിലേറെ പേരും. കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ ദൈന്യത നിറഞ്ഞ കണ്ണുകളും പ്രായമായ മാതാപിതാക്കളുടെ ആശയറ്റ ദീന രോദനങ്ങളും അവന്റെ മുമ്പിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നു. ദൈനം ദിന ജീവിതത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളോട് അടിയറവ് പറഞ്ഞ് മദ്യത്തിന്റെയും ആത്മഹത്യയുടേയും വഴിയേ പോകാന്‍ അവന്‍ തയ്യാറായിരുന്നില്ല. എല്ലാറ്റിനും മറുപടി കണ്ടെത്തേണ്ടിയിരുന്നു. അങ്ങിനെയാണവന്‍ പ്രാരാബ്ധങ്ങളുടെ എടുക്കാനാവാത്ത ഭാണ്ഡങ്ങളും പേറി അതിജീവനത്തിനായി വാഗ്ദത്ത ഭൂമി തേടി യാത്രയായത്.
പലരും ഈ യാത്രയ്ക്കായി കിടപ്പാടവും സഹധര്‍മ്മിണിയുടെ കെട്ടു താലിയും ബ്ലെയ്ഡ് കമ്പനികള്‍ക്ക് പണയപ്പെടുത്തി. തന്റെയും തന്റെ ഉറ്റവരുടേയും നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള പുറപ്പാടായിരുന്നു അത്. അപരിചിതമായ അറേബ്യന്‍ നിയമങ്ങളോടും സംസ്‌കാരത്തോടും സമരസപ്പെടാന്‍ അവന്‍ പെട്ടെന്ന് ശീലിച്ചു. പ്രശ്‌നങ്ങളുടെ ഗൗരവം അവനെ ത്യാഗിയാക്കി. തീ തുപ്പുന്ന സൂര്യനും മരംപോലും മരവിക്കുന്ന മഞ്ഞിനും അവന്‍ തോറ്റു കൊടുത്തില്ല. തികച്ചും പ്രതികൂലമായ കാലാവസ്ഥയില്‍ പന്ത്രണ്ടും പതിനാറും മണിക്കൂര്‍ അവന്‍ മുറുമുറുപ്പില്ലാതെ വേല ചെയ്തു. എല്ലുമുറിഞ്ഞു കിട്ടിയ പണത്തിന് അവന്‍ കണക്കുവെച്ചില്ല. നാട്ടില്‍ നിന്നെത്തുന്ന കത്തുകളുടേയും ഫോണ്‍ വിളികളുടേയും പ്രശ്‌ന കയങ്ങളിലേക്ക് അവസാന നാണയത്തുട്ടും എറിഞ്ഞു കൊടുത്തു. ദാമ്പത്യം വെള്ളിയാഴ്ചയിലെ ഫോണ്‍ സല്ലാപം മാത്രമായിരുന്നു. തനിക്ക് പിറന്ന കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചല്‍ മനസ്സില്‍ താലോലിച്ച് അവന്‍ മയങ്ങി. പരിഹരിക്കേണ്ട കരകാണാ ബാദ്ധ്യതകളിലേക്ക് അവന്റെ മാസവരുമാനം നിക്ഷേപിക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍ അവന്‍ മറക്കാന്‍ ശ്രമിച്ചു.
ammanad-2

ഉരുകി നേടിയ പണം കൊണ്ട് പലരും വീടുമാത്രമല്ല മോടി കൂട്ടിയത്. നാടിന്റെ മുഖഛായയും മാറ്റി. ഓണം കേറാ മൂലകളായിരുന്ന കുഗ്രാമങ്ങള്‍ മാവേലി മന്നന്റെ നിത്യ സന്ദര്‍ശനം ആഘോഷിക്കുവാന്‍ തുടങ്ങി. മിനി ഗള്‍ഫും പേര്‍ഷ്യന്‍ കോളനിയും കേരളത്തിലെ നാട്ടുപേരുകളായി. സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലകള്‍ ഗള്‍ഫുപണത്തിന്റെ കിലുക്കം കേട്ടുണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളുടേയും ജീവകാരുണ്യ പ്രവര്‍ത്തകരുടേയും അഭയവും ആശ്രയവും ഗള്‍ഫുകാരന്റെ നിറഞ്ഞ കീശകളിലായി. ജാതി മത ഭേദമെന്യേ ദേവാലയ നിര്‍മ്മാണക്കാരുടേയും പുനര്‍നിര്‍മ്മാണ കമ്മിറ്റിക്കാരുടേയും മുഖ്യ ടാര്‍ജറ്റ് ഗള്‍ഫ് ഭവനങ്ങളും ഗള്‍ഫു നാടുകളുമായിരുന്നു. ഗള്‍ഫുകാരന്‍ ആരേയും നിരാശപ്പെടുത്തിയില്ല. ആരോടും പരിഭവിച്ചതുമില്ല. അവനെ നിഷ്ഠൂരമായി ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത എയര്‍ ഇന്ത്യയോടോ കസ്റ്റംസ് ഉദ്യോഗസ്ഥരോടോ പോലും അവന്‍ കലഹിച്ചില്ല. പ്രവാസ ജീവിതത്തില്‍ നിന്നും അവന്‍ ammanad-blurb-2പഠിച്ച പാഠം അതായിരുന്നു. അഞ്ചു വന്‍കരകളിലെ ജനങ്ങളുമായി അവന്‍ സഹകരിച്ചു. സ്‌നേഹം പങ്കുവെച്ചു. മതവും, വര്‍ണ്ണവും, ദേശവും അവിടെ അപ്രസക്തങ്ങളായിരുന്നു. നാട്ടില്‍ വര്‍ഗ്ഗീയ ബോംബുകള്‍ പൊട്ടുമ്പോള്‍ ഗള്‍ഫില്‍ നാനാ ജാതി മതസ്ഥര്‍ തോളില്‍ കയ്യിട്ടു നിന്നു സൗഹൃദം പങ്കുവെച്ച് പൊട്ടിച്ചിരിച്ചു.
തന്റെ നേട്ടത്തിലൊരംശം മറ്റുള്ളവര്‍ക്കു കൂടി വീതിച്ചു കൊടുക്കുവാന്‍ ഔദാര്യം കാണിച്ചവനാണ് ‘പേര്‍ഷ്യക്കാരന്‍’. ഗള്‍ഫുകാരന്റെ പൊങ്ങച്ചം എന്ന് ചില ദോഷൈകദൃക്കുകള്‍ പരിഹസിച്ചപ്പോഴും അവന്‍ ഈ  ഔദാര്യത്തില്‍ ആഹ്ലാദം കൊണ്ടു. സിലോണ്‍, ബര്‍മ്മ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉപജീവനം കണ്ടെത്തിയവരെക്കാള്‍ ഗള്‍ഫുകാരന് ഏറെ വ്യത്യസ്തതകളുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ചേക്കേറിയവരില്‍ പലരും തദ്ദേശീയരെ വിവാഹം ചെയ്ത് പുതിയ കുടുംബ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു. മാതൃരാജ്യത്തോടുള്ള ബന്ധം നിലനിര്‍ത്താന്‍ ഈ കുടുംബ ബന്ധങ്ങള്‍ അവര്‍ക്ക് വിഘാതമായിട്ടുണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളില്‍ താവളം കണ്ടെത്തിയവരാകട്ടെ പരമ ഭാഗ്യവാന്മാരായിരുന്നു. എന്നാല്‍ ഗള്‍ഫുകാരന് അമ്മനാട് മാത്രമായിരുന്നു എന്നും ശരണം. അവന്റെ സ്‌നേഹ ലോകം നാട്ടില്‍ വസിക്കുന്ന ഉറ്റവരും ഉടയവരും മാത്രമായിരുന്നല്ലോ.
പരാതികളേതുമില്ലാതെ പണിയെടുത്തു. ചെയ്യുന്ന വേലയ്ക്ക് അര്‍ഹിക്കുന്നതിലേറെയായിരുന്നു കൂലി. പേര്‍ഷ്യന്‍ പണത്തിന്റെ ഒഴുക്കില്‍ പട്ടിണിയുടെ ആലസ്യത്തില്‍ മയങ്ങുകയായിരുന്ന നാട് ഉണരുകയും യൗവ്വനം വീണ്ടെടുക്കുകയും ചെയ്തു. കേരളത്തില്‍ സാമ്പത്തിക വിപ്ലവത്തിനും സാമൂഹ്യ മാറ്റത്തിനും ഗള്‍ഫുകാരന്‍ നിദാനമായി. ഇന്നിപ്പോള്‍ എല്ലാം കെട്ടടങ്ങുകയാണ്. അവനു മുന്നില്‍  ഇതാ വാഗ്ദത്ത ഭൂമിയുടെ വാതിലുകള്‍ ഒന്നൊന്നായി അടഞ്ഞു തുടങ്ങിയിരിക്കുന്നു. അവന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും അത്താണിയായി നിന്ന പോറ്റമ്മയും അവനെ കയ്യൊഴിയുകയാണ്. കാക്കയുടെ കൂട്ടില്‍ വിരിഞ്ഞ കുയിലിന്‍ കുഞ്ഞിനെപ്പോലെ അനിവാര്യമായ തിരിച്ചു പോക്കിന്റെ സമയമായിരിക്കുന്നു. ഈ പുറപ്പാടില്‍ അവന്‍

ammanad-4

മെനഞ്ഞു കൂട്ടിയ സ്വപ്‌നങ്ങളുടെ ശവപ്പെട്ടിമാത്രമുണ്ട് കൂട്ടിന്. ആ ശവപ്പെട്ടിക്ക് വെളിയിലേക്ക് തൂങ്ങിക്കിടക്കുന്ന അനിശ്ചിതത്വത്തിന്റെ ഒഴിഞ്ഞ കൈകള്‍, ദിനേന എന്നോണം പെരുകി വരുന്ന ഈ ശൂന്യ ഹസ്തങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളോടൊപ്പമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അവസാന യാത്രയും മനസ്സിലേക്ക് ഓടിയെത്തിയത്.
കേരളത്തിലെ മൂന്നിലൊന്ന് ജങ്ങള്‍ പ്രവാസികളാണെന്നാണ് അനുമാനം. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും മലയാളിയെ കണ്ടെത്താനാവുമത്രെ. പൊറ്റക്കാടിന്റെ സഞ്ചാര കഥകളില്‍ മലയാളികളെ അപരനാടുകളില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതിന്റെ രസാവഹമായ വിവരണങ്ങള്‍ കുറച്ചൊന്നുമല്ല. ചന്ദ്രനിലിറങ്ങിയ ആംസ്‌ട്രോങ്ങിന് വഴികാട്ടിയായത് ഒരു മലയാളിയായിരുന്നു എന്ന് നര്‍മ്മരൂപേണ പറയാറുണ്ട്. ഈ നര്‍മ്മത്തിന്റെ അന്തഃസത്തയിലേക്ക് കടന്നു ചെന്നാല്‍ മലയാളിയുടെ സാഹസികമായ പ്രവാസ തൃഷ്ണ വായിച്ചെടുക്കാനാകും. എന്നും മലയാളി ദേശാടനക്കാരനായിരുന്നു. അന്നം തേടി, തൊഴില്‍ തേടി, ജീവിതം തേടിയുള്ള യാത്ര. പ്രകടമായ ഈ യാത്രാ ഭ്രമം കണ്ട് ഭാഗ്യാന്വേഷികളാണ് മലയാളികള്‍’എന്നൊരു പ്രചാരണം നിലനില്‍ക്കുന്നുണ്ട്. വളരെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെ കാര്യത്തിലും ഇതൊരു അപവാദം ammanad-5തന്നെയാണ് എന്ന് പറയേണ്ടിവരും. നാട്ടിലെ നികുതി പണത്തിന്റെ വിഹിതമുപയോഗിച്ച് പഠിച്ച് ഉന്നത ബിരുദം നേടി ഇവിടെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ആ ജോലി ഉപേക്ഷിച്ച് വലിയ സാമ്പത്തിക നേട്ടവും ഉയര്‍ന്ന ജീവിത നിലവാരവും മോഹിച്ച് സമ്പന്ന രാജ്യങ്ങളില്‍ ചേക്കേറിയ ഒരു ന്യൂനപക്ഷമുണ്ടാവാം.  ഈ മസ്തിഷ്‌ക്കച്ചോര്‍ച്ച ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായിരുന്നു എന്ന് സമ്മതിക്കാം. എന്നാല്‍ കായിക ശേഷിയുടെ ചോര്‍ച്ച ഭാഗ്യാന്വേഷണമായി കരുതുന്നത് ക്രൂരമായ വിലയിരുത്തലാണ്. അതിജീവനത്തിന് വേണ്ടിയുള്ള ഈ പലായനത്തെ എങ്ങിനെ ഭാഗ്യാന്വേഷണമായി കരുതാനാകും.
അറുപതുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എണ്ണ കിനിയുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍ കുടിയേറിതുടങ്ങിയിരുന്നു. എഴുപതുകളിലെത്തിയപ്പോഴേക്കും ഈ കുടിയേറ്റം നിലയ്ക്കാത്ത ഒഴുക്കായി മാറി. ഒരു ശരാശരി കേരളീയന്റെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിനുള്ള ഏക ഇടമായി തീര്‍ന്നു പേര്‍ഷ്യ എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ബിരുദ പഠിതാക്കളായ, അതിസമര്‍ത്ഥരായ ചെറുപ്പക്കാര്‍ വരെ കലാലയങ്ങള്‍ ഉപേക്ഷിച്ച് കൈതൊഴിലുകളഭ്യസിച്ച് ഗള്‍ഫ് നാടുകളെ പ്രാപിക്കുവാന്‍ തുടങ്ങി. വലിയ ബിരുദങ്ങളുമായി നാട്ടിലൊരു ജോലിക്കുവേണ്ടി അലഞ്ഞ് നിരാശരായി അവസാനം യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞ് ഗള്‍ഫിലേക്ക് ലോഞ്ച് കയറിയവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. നേടിയ അറിവ് ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ ഒരു ഭാരമായി തീരുന്ന വിരോധാഭാസം. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പിഎസ്‌സി ടെസ്റ്റെഴുതി തൊഴിലിനായി ക്യൂവില്‍ നില്‍ക്കുന്നുണ്ടുപോലും. ഈ സാഹചര്യത്തില്‍ കളവും വാടകക്കൊലയും ജീവിത വഴിയായി സ്വീകരിക്കാതെ വിദേശത്തേക്ക് സ്വയം പറിച്ചെറിയപ്പെടുകയായിരുന്നു ബഹുഭൂരിപക്ഷവും.

ammnad-6

സാമ്പത്തിക വിനിയോഗത്തിന്റെയും വിനിമയത്തിന്റെയും കാര്യത്തില്‍ എന്‍ആര്‍ഇ നിക്ഷേപകര്‍ക്കു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ അധികൃതര്‍ വേണ്ട നടപടികളെടുക്കാതെ കുറ്റകരമായ അനാസ്ഥ അവലംബിച്ചു. അതു കൊണ്ട് ഈ പണത്തിലേറെയും ‘കാട്ടിലെ മരം തേവരുടെ ആന’ എന്ന കണക്കെ ലക്ഷ്യബോധമില്ലാതെ വ്യയം ചെയ്യപ്പെട്ടു. ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും ഇല്ലാത്ത സ്ഥാനവും മാന്യതയും സമൂഹത്തില്‍ ഗള്‍ഫുകാരന് കല്‍പ്പിച്ചരുളിയിരുന്ന കാലം കടന്നു പോയിരിക്കുന്നു. 10ാം ക്ലാസ് കടക്കാത്ത ഗള്‍ഫുകാരന്റെ വധുവാകാന്‍ ബിരുദാനന്തര ബിരുദമെടുത്ത തരുണീമണികള്‍ നൊയമ്പു നോറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇന്ന് എല്ലാം മാറുകയാണ്. കടലില്‍ തള്ളിയാലും ഗള്‍ഫുകാരനെ വേണ്ടെന്ന് സൂര്യപുത്രിമാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. വഴിയേ ഒതുങ്ങി നടന്ന് പോകുന്ന ഗള്‍ഫുകാരനെ നോക്കി ‘അറബി മൂത്രത്തിന്റെ സ്‌മെല്ലളിയാ’ എന്ന് അടക്കം പറഞ്ഞ് ചിരിക്കുന്ന ചെത്ത് പയ്യന്മാരുടെ കാലം. 40 തികയും മുമ്പേ രോഗം കീഴ്‌പ്പെടുത്തിയ ഗള്‍ഫുകാരന്‍ വിഷാദത്തോടെ ഉള്ളില്‍ പറയുന്നുണ്ടാവും. ‘ഇതാ ഞങ്ങള്‍ തിരിച്ചെത്തുകയാണ്’ അസ്ഥിക്കിടിയില്‍ വറ്റുകയറി ഉണ്ടായ അനിയന്റെ ഈ സ്‌മൈല്‍ വൈകാതെ തന്നെ മാറിയേക്കും.
നമ്മുടെ ബ്യൂറോക്രസിയും ഗള്‍ഫുകാരനെ കാണുന്നത് മുന്‍വിധിയോടെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ കാല്‍ ലക്ഷം രൂപ പോലും തികച്ച് അയക്കുവാന്‍ കഴിയാത്ത തന്റെ ദരിദ്ര കുടുംബത്തിന് അയാള്‍ ഗള്‍ഫുകാരനാണെന്ന ഒറ്റകാരണം കൊണ്ടു തന്നെ കിട്ടിക്കൊണ്ടിരുന്ന പത്തു കിലോ റേഷന്‍ റദ്ദു ചെയ്യുന്ന അധികാരിയെ എങ്ങിനെ വാഴ്ത്തണമെന്നറിയില്ല. മണലാരണ്യത്തിലെ 20 വര്‍ഷത്തെ വിയര്‍പ്പു കൊണ്ട് ഉയര്‍ന്ന പണിതീരാത്ത വീടിന്റെ പേരില്‍ കേളേജില്‍ പഠിക്കുന്ന മകന്ന് ഫീസ് കൊടുക്കണമെന്ന് ശഠിക്കുന്ന ഓഫീസറെ എന്തു പേരിട്ട് വിളിക്കണമെന്നും അറിയില്ല. പതിനാറായിരം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന വസ്തുതപോലും ഈ ഹരിശ്ചന്ദ്രന്മാര്‍ അറിഞ്ഞു കൊണ്ട് വിസ്മരിക്കുകയാണ്. ഗള്‍ഫ് മണ്ണില്‍ കാല് കുത്തുന്നവരൊക്കെ കോടീശ്വരപ്പട്ടം നേടിയ വരാണെന്നാണ് ഈ ഉദ്യോഗസ്ഥ പ്രഭുക്കളുടെ വിലയിരുത്തല്‍. ആറും ഏഴും വര്‍ഷമെത്തിയിട്ടും സാമ്പത്തിക പരാധീനതകൊണ്ട് നാട്ടില്‍ പോകാനാകാതെ ammnad-blurb-5നരകിക്കുന്ന ഗള്‍ഫുകാരന്റെ വ്യഥ ഈ ചാരുകസേര ബുദ്ധിജീവികളുടെ ഭാവനയ്ക്കും അപ്പുറത്താണല്ലോ…
ജന്മനാട്ടിലും, കര്‍മ്മനാട്ടിലും ഇന്ന് ഗള്‍ഫു തൊളിലാളി അന്യവല്‍കൃതനായിക്കൊണ്ടിരിക്കുന്നു. പെറ്റമ്മയില്‍ നിന്നും പോറ്റമ്മയില്‍ നിന്നും അവന്‍ ഒരുപോലെ ഭ്രഷ്ടനാകുകയാണ്. പാഥേയം കരുതി വെയ്ക്കാതെ പഥികന്‍ മുന്നിലെ ഇരുട്ടു നിറഞ്ഞ ജീവിത വഴികളിലേക്ക് ഇറങ്ങുകയായി. മണ്ണിന്റെ മക്കള്‍ വാദവും, സ്വദേശിവല്‍ക്കരണവും ഗള്‍ഫ് ഭൂമികളിലും ഓളം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഈ സനേറിയോവില്‍ അഭയം തേടിയെത്തിയവര്‍ക്ക് ആശ്രയമായി തീര്‍ന്ന അറബ് നാടുകളെ കുറ്റം പറയാനാവില്ല. സംരക്ഷണത്തിന്റെ കാര്യത്തില്‍ പോറ്റമ്മയ്ക്ക് ഒരിക്കലും പെറ്റമ്മയാവാന്‍ കഴിയില്ലല്ലോ. പ്രത്യേകിച്ചും സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണം അനിവാര്യമായിതീര്‍ന്ന ഒരു ഘട്ടത്തില്‍. കാല്‍ കോടി ജനതയെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ഉദാരമതിയായ പോറ്റമ്മയോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി ഇനി നമുക്ക് യാത്രയാവാം. ആ അമ്മയുടെ മാറിലെ ചൂടും കുളിരും പേര്‍ത്തും, ഓര്‍ത്ത് ശിഷ്ടകാലത്തെ വരവേല്‍ക്കാം. എന്നാല്‍ പെറ്റമ്മയ്ക്ക് ഒരു മകനെ എങ്ങിനെയാണ് കയ്യൊഴിയാനാവുക. അതും ആ അമ്മയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി മരുഭൂമികളെ മലര്‍വാടികളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സല്‍പുത്രരെ… പുത്രസംരക്ഷണം മാതൃധര്‍മ്മമാണെന്ന് തന്നെയാണല്ലോ ഭാരത ദര്‍ശനം.
ഉപജീവനത്തിനായി ഗള്‍ഫു നാടുകളെ ശരണം പ്രാപിച്ച മക്കള്‍ മടക്കയാത്രക്കായി ഇന്ന് ഭാണ്ഡം മുറുക്കുകയാണ്. അവരില്‍ നേടിയവരുണ്ടാകാം; എന്നാല്‍ അവരുടെ പട്ടിക വളരെ ചെറുതാണ്. ബഹുഭൂരിപക്ഷവും ചെറിയ ജോലിക്കാരും തുച്ഛമായ ശമ്പളക്കാരുമായിരുന്നു. ഉറ്റവരുടേയും ഉടയവരുടേയും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ആ സമ്പാദ്യം പോലും തികയാതെ വന്നവര്‍… അവര്‍ നിരാശ്രയരാണ്. അമ്മയുടെ കനിവു തേടി അവര്‍ തിരിച്ചെത്തുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട വിദേശ വാസം മൂലം സ്വദേശത്ത് വേരറ്റുപോയവര്‍. അവരില്‍ സുരക്ഷിതത്വ ബോധം സൃഷ്ടിച്ചെടുക്കുവാനും അവരുടെ പുനരധിവാസത്തിനു വേണ്ട കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും ഇനിയും വൈകിക്കൂട. മുക്രിക്കും, പൂജാരിക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ വ്യഗ്രതകാണിക്കുമ്പോള്‍ പ്രവാസിയുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഇന്ന് ആര്‍ക്കും നേരമില്ല. എന്നും പ്രവാസിയോട് ചിറ്റമ്മനയമായിരുന്നു പെറ്റമ്മയ്ക്ക്. പ്രവാസികള്‍ വോട്ടു ബാങ്കുകളല്ലല്ലോ. ജനാധിപത്യത്തിന്റെ പ്രാരംഭ ദശയില്‍ സമ്പത്തിലും ജാതിയിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശമില്ലായിരുന്നു. എന്നാല്‍ ഈ അവകാശം നിഷേധിക്കപ്പെട്ട ഒരേയൊരു വര്‍ഗ്ഗം പ്രവാസികളായിത്തീര്‍ന്നു.
ഇന്ത്യയുടെ ശോഷിച്ച ഖജനാവിനെ താങ്ങിനിര്‍ത്തുന്ന പ്രവാസിയെ എന്നും വിസ്മരിച്ച ചരിത്രം മാത്രമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളൂ. സഹായിക്കാനുള്ള സന്മനസ്സ് കാണിക്കുന്നില്ല എന്നത് മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ദ്രോഹിക്കുന്ന നയമാണ് ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. പ്രവാസിയെ സംബന്ധിച്ചിടത്തോളം പ്രതികൂലമായ എമിഗ്രേഷന്‍ ചട്ടങ്ങളും എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സെക്ടറിലുള്ള ന്യായീകരിക്കാനാവാത്ത ടിക്കറ്റ് ചാര്‍ജ്ജും ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങളാണ്. ഗള്‍ഫ് റിട്ടേണീസിന്റെ കാര്യത്തില്‍ യാതൊരു ഉല്‍ക്കണ്ഠയും കാണിക്കാത്ത ഭരണകൂടം അവരുടെ പുനരധിവാസത്തെ കുറിച്ച് സ്വമേധയാ ചിന്തിക്കുമെന്ന് കരുതുക വയ്യ. ഈ സാഹചര്യത്തില്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി പ്രവാസി കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനും അവരുടെ പുനരധിവാസത്തിനും സത്വരനടപടികള്‍ എടുക്കേണ്ട സമയമായിരിക്കുന്നു.
ഗള്‍ഫ്കാരന്‍ ഒരു ഒഴിവുകാലം ആഘോഷിക്കാന്‍ പോയതായിരുന്നില്ല. തറവാട്ടില്‍ ഉപജീവനത്തിന് മാര്‍ഗ്ഗമില്ലെന്ന് വന്നപ്പോള്‍ ചട്ടിയും കലവും പെറുക്കി വിറ്റ് അരക്ഷിതമായ ഒരു അവസ്ഥ നാട്ടില്‍ സംജാതമാക്കാതെ അദ്ധ്വാനിക്കാനായുള്ള നിശ്ചയദാര്‍ഢ്യത്തോടെ മറുകര തേടി പോയവരായിരുന്നു അവര്‍. ഉപജീവനത്തിനു വേണ്ടിയുള്ള അലച്ചിലില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ യുവത്വമായിരുന്നു. ഒരു മനുഷ്യായുസിന്റെ സുവര്‍ണ്ണ കാലഘട്ടം അവര്‍ ചിലവഴിച്ചത് ജന്മനാടിന് വേണ്ടിതന്നെയായിരുന്നു. അവര്‍ ആയുസ്സിന്റെ ബാക്കി പത്രവുമായി പ്രവാസവാസം മതിയാക്കി തിരിച്ചെത്തുകയാണ്. ജീവിക്കുന്ന രക്തസാക്ഷികളെപ്പോലെ അവരുടെ കരുത്തിന്റെയും ഇച്ഛാശക്തിയുടെയും സ്മാരകങ്ങളായി ഗള്‍ഫ് മരുഭൂമികള്‍ അനന്യപുരോഗതിയുടെ വന്‍ നഗരങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സംതൃപ്തി മാത്രമേ അവരെ സംബന്ധിച്ചിടത്തോളം ഉള്ളൂ. ഒരു ഇത്തിക്കണ്ണിയെ പോലെ, പരാന്ന ഭോജിയെ പോലെ നട്ടെല്ല് വളച്ചു കഴിയയേണ്ടിവന്നില്ലല്ലോ എന്ന സംതൃപ്തി… വ്യഥപൂണ്ട മനസ്സുമായി ഉപഭോഗ സംസ്‌കാരത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന മാതൃമണ്ണിലേക്ക് മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഈ സംതൃപ്തിമാത്രമേ കൂട്ടിനുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day