|    Oct 27 Thu, 2016 4:22 pm
FLASH NEWS

ഇനി ബുള്ളറ്റ് പയ്യന്‍മാര്‍ എന്തു ചെയ്യും

Published : 30th August 2016 | Posted By: Navas Ali kn

BULLT

ലൂണയും,ടിവിഎസും, പിന്നെ അവിടെയും ഇവിടെയുമായി അവന്തി ഗരല്ലിയും മൂളി ഓടിയിരുന്ന ഇന്ത്യയിലെ മോപെഡ് വാഹനവിപണിയില്‍ 1981ലാണ് ബജാജ് കമ്പനി എം 50 എന്ന മോപെഡിനെ നിര്‍മിച്ച് അനുഗ്രഹിച്ച് റോഡിലിറക്കിയത്. മോപെഡിനേക്കാള്‍ മാന്യനും അതേസമയം ബൈക്കിന്റെ ഭാരവും വിലയുമില്ലാത്ത എം 50 റോഡുകളില്‍ നിറഞ്ഞു. പേരിലുള്ളതു പോലെ തന്നെ 50 സി.സി എന്ന കുഞ്ഞന്‍ കരുത്തില്‍ സംതൃപ്തരായ കുടുംബങ്ങള്‍ എം 50യില്‍ ആനന്ദം കണ്ടെത്തി. പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞാണ് ബജാജ് ഇതിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രോണിക് സറ്റാര്‍ട്ടിങ് സിസ്റ്റം കൂട്ടിച്ചേര്‍ത്ത് എം 80 വിപണിയിലിറക്കിയത്. 100 സിസിയുടെ ബജാജ് കാവസാക്കി,ഹീറോ ഹോണ്ട, യമഹ, ഇന്‍ഡ് സുസുക്കി ബൈക്കുകള്‍ ഇറങ്ങിയ കാലമായിരുന്നു അത്. എന്നിട്ടും എം 80 ഇന്ത്യന്‍ വിപണിയില്‍ ശക്തമായി മുന്നേറി. ജാവയും എസ്ഡിയും പമ്പ് ചെയ്ത് ഹെവി കിക്കിലൂടെ സ്റ്റാര്‍ട്ടാക്കിയിരുന്ന കാലത്ത് ഒരു കോഴിക്കുഞ്ഞ് കയറിയിരുന്നാല്‍ പോലും സ്റ്റാര്‍ട്ടാകുമായിരുന്നതാണ് എം 80യുടെ എഞ്ചിന്‍. ഉദ്യോഗസ്ഥരും യുവാക്കളും എം 80യില്‍ അഭിമാനത്തോടെ സഞ്ചരിച്ചു. പക്ഷേ പിന്നീടാണ് എല്ലാം തകിടംമറിഞ്ഞത്. നാട്ടിടവഴികളിലൂടെ മീന്‍പെട്ടിയുമായി എം 80യില്‍ മീന്‍വില്‍പ്പനക്കാര്‍ ഹോണടിച്ച് പാഞ്ഞു. ഓഫീസിലേക്ക് ഇന്‍സൈഡ്  ചെയ്ത് എം 80യില്‍ പോയ ഉദ്യോഗസ്ഥനെ മറികടന്ന് പിറകില്‍ മീന്‍ പെട്ടിയും വച്ച് അതേ എം 80യില്‍ തന്നെ മീന്‍കാരനും പോയി. നാട്ടിലുള്ള മീന്‍ കച്ചവടക്കാരെല്ലാം എം 80 ഉപയോഗിച്ചു തുടങ്ങിയതോടെ മീന്‍ 80 എന്ന പേരും ഈ വാഹനത്തിനു വീണു. അങ്ങിനെ കുറച്ചു വര്‍ഷങ്ങക്കകം തന്നെ എം 80യുടെ കാലം അവസാനിച്ചു. ഇപ്പോള്‍ മീന്‍കച്ചവടക്കാരും എം 80യെ കൈയൊഴിഞ്ഞു തുടങ്ങി.
ഇതൊക്കെ ഇത്രയും വിസ്തരിച്ച് പറഞ്ഞതെന്തിന് എന്നു ചിന്തിക്കുന്നവര്‍ക്കായി ഇത്ര കൂടി പറയട്ടെ. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന ബുള്ളറ്റിലും മീന്‍ വില്‍പ്പന തുടങ്ങിയിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിലാണ് അയിലയും മത്തിയും നിറച്ച പെട്ടികള്‍ ബുള്ളറ്റിന്റെ പിറകില്‍ വെച്ച് നല്ല സ്റ്റൈലായി മീന്‍ വില്‍പ്പനക്കാര്‍ കച്ചവടത്തിനിറങ്ങുന്നത്. മീന്‍ വില്‍പ്പനക്കാര്‍ കൈയടക്കിയതോടെ എം 80 ഉപേക്ഷിച്ച് അഭിമാനം നേടിയതുപോലെ ബുള്ളറ്റും ഇനി കൈയോഴിക്കേണ്ടിവരുമോ എന്നാണ് ബുള്ളറ്റ് പയ്യന്‍മാരുടെ ആശങ്ക. ലക്ഷത്തിലേറെ ചിലവിട്ട് ബുള്ളറ്റ് വാങ്ങി ഗമയില്‍ പോകുമ്പോള്‍ മീന്‍പെട്ടിയുമായി മറ്റൊരു ബുള്ളറ്റ് പോം പോം ഹോണടിച്ച് അരികിലൂടെ പോകുമ്പോഴുണ്ടാകുന്ന വികാരത്തെ കലിപ്പ് എന്ന വാക്കില്‍ ഒതുക്കാനാകുമോ? പുതിയ ബുള്ളറ്റിന് തരക്കേടില്ലാത്ത മൈലേജ് ഉള്ളതുകൊണ്ടാണ് മീന്‍വില്‍പ്പനക്ക് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ആരൊക്കയോ പരിതപിക്കുന്നു. ഇങ്ങിനെയാണെങ്കില്‍ ബുള്ളറ്റിന്  ഇത്രയും മൈലേജ് വേണ്ടിയിരുന്നില്ലെന്നു പറയുന്നവരും കുറവല്ല. പക്ഷേ ബുള്ളറ്റില്‍ മീന്‍ വില്‍പ്പന പാടില്ലെന്ന് എങ്ങിനെ പറയാനാകുമെന്നും ചോദ്യമുണ്ട്. ബുള്ളറ്റിലല്ല വേണമെങ്കില്‍ ബിഎംഡബ്ല്യുവില്‍ തന്നെ മീന്‍ വില്‍ക്കാനിറങ്ങുമെന്നാണ് കട്ടക്കു കട്ടയായി മീന്‍കാരുടെ പ്രതികരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 720 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day