|    Oct 26 Wed, 2016 11:29 am

ഇനി ഓര്‍മയുടെ കാവ്യഭൂവില്‍

Published : 14th February 2016 | Posted By: SMR

തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്‌കാരജേതാവുമായ ഒ എന്‍ വി കുറുപ്പ് (84) അന്തരിച്ചു. ഇന്നലെ വൈകീട്ട് 4.35ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കുറച്ചുദിവസമായി ചികില്‍സയിലായിരുന്നു. പി പി സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍ (റെയില്‍വേ ഉദ്യോഗസ്ഥന്‍), ഡോ. മായാദേവി (ലണ്ടന്‍). സംസ്‌കാരം നാളെ രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്നലെ വൈകീട്ട് ആശുപത്രിയില്‍നിന്ന് കൊണ്ടുപോയ ഭൗതികശരീരം സ്വവസതിയായ ഇന്ദീവരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇന്ന് വിജെടി ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന ഭൗതികശരീരത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കും.
1931 മെയ് 27ന് കൊല്ലം ചവറയിലെ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായാണ് ഒറ്റപ്ലാക്കല്‍ നമ്പ്യാടിക്കല്‍ വേലുക്കുറുപ്പ് എന്ന ഒഎന്‍വിയുടെ ജനനം. കൊല്ലത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശങ്കരമംഗലം ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസായ ഒഎന്‍വിയുടെ ബിരുദപഠനം കൊല്ലം എസ്എന്‍ കോളജിലായിരുന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലും മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1986 മെയ് 31ന് ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ചെങ്കിലും പിന്നീട് ഒരുവര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രഫസറായിരുന്നു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി അംഗം, ഇന്ത്യന്‍ പ്രോഗ്രസീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷന്‍ സ്ഥാനങ്ങളും വഹിച്ചു. 1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാര്‍ഥിയായിരിക്കെ തന്നെ കവിതാരചന തുടങ്ങിയ ഒഎന്‍വിയുടെ ആദ്യത്തെ കവിതാസമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യമാണ്.
സാഹിത്യമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ജ്ഞാനപീഠം പുരസ്‌കാരം 2007ല്‍ ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, പന്തളം കേരളവര്‍മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഇതിനുപുറമേ 13 തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും 1989ല്‍ വൈശാലിയിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day