|    Oct 21 Fri, 2016 2:35 pm
FLASH NEWS

ഇനിയുമരുത് അവഗണന…

Published : 5th April 2016 | Posted By: SMR

കൊല്‍ക്കത്ത: കടുത്ത അവഗണനയും പരിഹാസവുമെല്ലാം അതിജീവിച്ചെത്തി ലോക ക്രിക്കറ്റിലെ സുവര്‍ണ സിംഹാസനത്തില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്ത വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രകടനം ദേശീയ ക്രിക്കറ്റ് ബോര്‍ഡിനുള്ള മറുപടി കൂടിയാണ്. ഈ ലോകകപ്പില്‍ വിന്‍ഡീസ് ടീം കളിക്കുമോയെന്ന കാര്യം പോലും നേരത്തേ അനിശ്ചിതത്വത്തിലായിരുന്നു. കളിക്കാര്‍ക്ക് കൃത്യമായി പ്രതിഫലം പോലും നല്‍കാതെ അധികൃതര്‍ നിരന്തരം അവഹേളന തുടര്‍ന്നെങ്കിലും ലോകം കീഴടക്കിയാണ് താരങ്ങള്‍ ഇതിനു കണക്കുചോദിച്ചത്.
ഇംഗ്ലണ്ടിനെ കീഴടക്കി വിന്‍ഡീസ് രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി ബോര്‍ഡിനെതിരേ തുറന്നടിച്ചത് താരങ്ങളുടെ മനോവികാരം കൂടിയായിരുന്നു. ”2012ല്‍ ഞങ്ങള്‍ ആദ്യമായി ട്വന്റി ലോകകപ്പില്‍ ജേതാക്കളായി. അ ന്നും ഞങ്ങള്‍ക്ക് ആരും കിരീടസാധ്യത ക ല്‍പ്പിച്ചിരുന്നില്ല. ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ മോശമായിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് മാത്രമല്ല മാധ്യമപ്രവര്‍ത്തകരും ഞങ്ങളെ പരിഹസിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ ജയിച്ചേ തീരൂവെന്ന വാശി ഞങ്ങള്‍ക്കുണ്ടായിരുന്നു”- സമി വികാരധീനനായി മനസ്സ്തുറന്നു.
അണ്ടര്‍ 19 ലോകകപ്പിലെയും വനിതകളുടെ ട്വന്റി ലോകകപ്പിലെയും വിന്‍ഡീസിന്റെ കിരീടവിജയം തങ്ങളെ സ്വാധീനിച്ചുവെന്ന് താരം വ്യക്തമാക്കി. ”ഈ വിജയത്തിന് സര്‍വ്വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം കൂടി ഇല്ലായിരുന്നെങ്കില്‍ ഇതു സാധ്യമാവില്ലായിരുന്നു. ഞങ്ങള്‍ താരങ്ങളെ മാത്രമല്ല ലോകം മുഴുവനുമുള്ള ആരാധരകരെയും ദൈവം അനുഗ്രഹിച്ചു. അണ്ടര്‍ 19 ലോകകപ്പില്‍ ഞങ്ങളുടെ യുവനിരയുടെ പ്രകടനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ട്വന്റി ലോകകപ്പില്‍ തുടങ്ങിയത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നതിനു മുമ്പ് വിന്‍ഡീസിന്റെ വനിതാ ടീം ലോക ചാംപ്യന്‍മാരായത് ഞങ്ങള്‍ അറിഞ്ഞു. ഇതോടെ ഞങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയായി”- സമി കൂട്ടിച്ചേര്‍ത്തു.
ഫൈനലിലെ അവസാന ഓവറില്‍ ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്റ്റോക്‌സിനെതിരേ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തിയ കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെ വിന്‍ഡീസ് നായകന്‍ പ്രശംസിച്ചു. ”ബ്രാത്‌വെയ്റ്റിന്റെ കന്നി ട്വന്റി ലോകകപ്പായിരുന്നു ഇത്. താന്‍ എത്ര മികച്ച കളിക്കാരനാണെന്ന് അദ്ദേഹം കാണിച്ചുതന്നു. സാമുവല്‍സ് ഫൈനലില്‍ കളിക്കുന്നതില്‍ മിടുക്കനാണ്. 2012ലെ ലോകകപ്പ് ഫൈനലിലും അദ്ദേഹം ടീമിന്റെ രക്ഷകനായിരുന്നു. ഇവര്‍ രണ്ടു പേര്‍ മാത്രമല്ല, ടീമിലെ മുഴുവന്‍ താരങ്ങളും കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ഈ ടീമിനെ നയിക്കുമ്പോള്‍ എനിക്ക് ഏറെ ആഹ്ലാദമുണ്ട്. ടൂര്‍ണമെന്റില്‍ ഞാന്‍ കൂടുത ല്‍ ബാറ്റ് ചെയ്തിട്ടില്ലെന്ന് പല രും പറയുന്നുണ്ട്. എന്നാല്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരികയാണ് ക്യാപ്റ്റനെന്ന നിലയില്‍ എന്റെ ചുമതല”- സമി പറഞ്ഞു.
ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ പേരില്‍ വിന്‍ഡീസ് ടീമിനെതിരേ പലപ്പോഴും രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ”ഇപ്പോഴത്തെ ഈ കിരീടവിജയം ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ ടീമിനു പ്രചോദനമാവും. ട്വന്റിയും ടെസ്റ്റും തികച്ചും വ്യത്യസ്തമാ ണ്. ടെസ്റ്റില്‍ ജാസണ്‍ ഹോള്‍ഡറെന്ന യുവ ക്യാപ്റ്റനാണ് ടീമിനുള്ളത്. ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെട്ടു വരാന്‍ അദ്ദേഹത്തിനാവുന്നുണ്ട്”- സമി ചൂണ്ടിക്കാട്ടി.
ഒരിക്കലും തോല്‍ക്കില്ലെന്ന താരങ്ങളുടെ ഉറച്ച വിശ്വാസമാണ് വിന്‍ഡീസിനു രണ്ടാം ലോകകിരീടം നേടിത്തന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ടീമുമായി ബന്ധപ്പെട്ടു ചില പ്രശ്‌നങ്ങളുണ്ടെങ്കി ലും എല്ലാത്തിനെയും സമാധാനപരമായി നേരിടുന്ന വ്യക്തിയാണ് ഞാന്‍. ജയമെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ടീമിനു മുഴുവനുമുള്ളത്. ഈ വിശ്വാസം ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ തോല്‍വിക്കരികില്‍ നിന്നു ഞങ്ങള്‍ നേടിയ ചില വിജയങ്ങള്‍ ഇതിനുള്ള തെളിവാണ്. ഇംഗ്ലണ്ടിനെതിരായ ഫൈനലിലെ ജയവും കടുപ്പമേറിയതായിരുന്നു”-സമി വിശദമാക്കി.
എന്നാല്‍ ഇനി എപ്പോഴാണ് ഒരുമിച്ച് ഈ വര്‍ഷം ട്വന്റിയില്‍ കളിക്കുകയെന്ന് തനിക്ക് അറിയില്ലെന്ന് സമി നിരാശയോടെ പറ ഞ്ഞു. ”ഇപ്പോള്‍ ടീമിലുള്ളവരെ ഇനി ഡ്രസിങ് റൂമില്‍ വച്ച് എപ്പോഴാണ് കാണുകയെന്ന് എനിക്കറിയില്ല. ഈ വര്‍ഷം മറ്റു ട്വന്റി മല്‍സരങ്ങളൊന്നും ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇന്ത്യയുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ടീം അടുത്തതായി കളിക്കുന്ന ത്. ഞങ്ങളില്‍ പലരും ഈ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ല”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക് നികോളാസെന്ന മാധ്യമപ്രവര്‍ത്തകന്റെ അധിക്ഷേപമാണ് ടീമിനു ട്വന്റി ലോകകിരീടം നേടിയേ തീരുവെന്ന് കൂടുതല്‍ വാശിയുണ്ടാക്കിയതെന്ന് സമി വെളിപ്പെടുത്തി. തലച്ചോറില്ലാത്ത കളിക്കാരെന്നാണ് ഞങ്ങളെ അയാള്‍ പരിഹസിച്ചത്. ഇതു ടീമിന്റെ വാശി വര്‍ധിപ്പിച്ചു.
നിലവിലെ വിന്‍ഡീസ് ടീമിലേക്ക് നോ ക്കൂ. ഗെയ്ല്‍, ബ്രാവോ, ബ്രാത്‌വെയ്റ്റ്, ബെന്‍ തുടങ്ങി ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് ടീമിലെ എല്ലാവരും. 15 മാച്ച് വിന്നര്‍മാരടങ്ങുന്നതാണ് വിന്‍ഡീസ് സംഘം. ഒരു താരത്തെ മാത്രം ആശ്രയിച്ച് കളിക്കുന്നവരല്ല ഞങ്ങളെന്ന് ടൂര്‍ണമെ ന്റില്‍ തെളിയിച്ചു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മാനത്തുക താരങ്ങള്‍ പങ്കിടും: ബോര്‍ഡ്
ട്വന്റി ലോകകപ്പിലെ സമ്മാനത്തുക വെസ്റ്റ് ഇന്‍ഡീസ് ടീമിലെ താരങ്ങള്‍ പങ്കിടുമെന്ന് ദേശീയ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതോടൊപ്പം സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു ലഭിക്കുന്ന വരുമാനവും കളിക്കാര്‍ക്കും ലഭിക്കും. എന്നാല്‍ പുതിയ ഓഫര്‍ കൊണ്ടൊന്നും കളിക്കാരും ബോര്‍ഡും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനിടയില്ല. പ്രതിഫലവുമായി ബന്ധപ്പെട്ട് നേരത്തേ ടീമിലെ മുഴുവന്‍ താരങ്ങളെയും മാറ്റി മറ്റൊരു ഇലവനെ ലോകകപ്പിന് തിരഞ്ഞെടുക്കാന്‍ ബോ ര്‍ഡ് തയ്യാറെടുത്തിരുന്നു. ഒടുവില്‍ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചത്.
ബോര്‍ഡ് തങ്ങളെ അവഗണിച്ചെന്ന് ക്യാപ്റ്റന്‍ സമി ആരോപിക്കുമ്പോള്‍ എ ല്ലാം പരിഹരിച്ചുകഴിഞ്ഞെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൈക്കല്‍ മ്യുര്‍ഹെര്‍ഡ് പറയുന്നത്.
മോശം പെരുമാറ്റം; മര്‍ലോണ്‍ സാമുവല്‍സിന് പിഴ
ഇംഗ്ലണ്ടിനെതിരായ ഫൈനലിലെ മോശം പെരുമാറ്റത്തെതുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിനു പിഴയിട്ടു. ഐസിസിയുടെ പെരുമാറ്റച്ചട്ടലംഘനമാണ് താരം നടത്തിയതെന്നും മാച്ച് ഫീയുടെ 30 ശതമാനം പിഴയായി അടയ്ക്കണമെന്നും ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുകലെ ചൂണ്ടിക്കാട്ടി.
മോശം വാക്കുകള്‍ ഉപയോഗിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നതാണ് സാമുവല്‍സിനെതിരായ കുറ്റം. ഫൈനലിലെ അവസാന ഓവറില്‍ ബ്രാത്‌വെയ്റ്റ് തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തിയപ്പോള്‍ ബൗളറായ ബെന്‍ സ്റ്റോക്‌സിനെതിരേ താരം മോശമായി പെരുമാറുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day