|    Dec 6 Tue, 2016 9:26 pm
FLASH NEWS

ഇതാ ഇവിടെ ഒരു എസ്‌ഐ; ഒറിജിനല്‍ ആക്ഷന്‍ ഹീറോ ബിജു

Published : 1st December 2016 | Posted By: SMR

കണ്ണൂര്‍: ചക്കരക്കല്ല് പോലിസ് സ്‌റ്റേഷനിലെത്തുന്ന ആര്‍ക്കും ആക്്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പോലിസ് ഓഫിസറെയായിരിക്കും ആദ്യം ഓര്‍മ വരിക. കാരണം മറ്റൊന്നുമല്ല, ഇവിടെയുള്ള എസ്‌ഐയുടെ പേരും ബിജു തന്നെയാണ്. ആക്ഷനിലും നടപടിയിലുമെല്ലാം ഒരു നായകപരിവേഷം ഇദ്ദേഹത്തിനു നാട്ടുകാര്‍ നല്‍കുന്നുണ്ട്.  പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ക്രമസമാധാനത്തില്‍ മാത്രമല്ല, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് ജനങ്ങളുടെ പ്രിയങ്കരനാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ പിടിക്കുകയും ശിക്ഷിക്കുകയും മാത്രമല്ല, താഴെ തട്ടിലുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും ഒരേ നീതി നല്‍കുക എന്നതും ഇദ്ദേഹം പ്രവൃത്തിയിലൂടെ കാണിച്ചു തരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സാംസ്‌കാരിക, സാമൂഹിക, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ചക്കരക്കല്ല് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരുടെ കൂട്ടായ്മയും ഏറെ സഹായകരമാവുന്നുണ്ട്. കണ്ണൂര്‍ ഡിസി ബുക്്‌സില്‍ നിന്നു 3000 രൂപയുടെ പുസ്തകം വാങ്ങി സ്‌റ്റേഷനില്‍ വരുന്ന ചെറുപ്പകാര്‍ക്ക് നല്‍കി അഞ്ചു ദിവസത്തിനുള്ളില്‍ വായനാനുഭവം എഴുതി ക്കൊണ്ടുവരാന്‍ നിര്‍ദേശിക്കുക വഴി വലിയ മാറ്റങ്ങളുണ്ടായെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.മാധവികുട്ടിയുടെയും എംടിയുടെയും തകഴിയുടെയും എന്‍ പ്രഭാകരന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പുസ്തകങ്ങളും മുല്ലാകഥകളും സത്യന്‍ അന്തിക്കാടിന്റെയും മുകേഷിന്റെയും മാമുക്കോയയുടെയും ഓര്‍മക്കുറിപ്പുകളും എസ്‌ഐ ബിജുവിന്റെ ശേഖരത്തിലുണ്ട്. കണ്ണൂര്‍ ഡിസി ബുക്ക്‌സ് ആയിരം രൂപയുടെ പുസ്തകം സൗജന്യമായി നല്‍കുകയും ചെയ്തു.  പാനൂര്‍ സ്വദേശിയായ എസ്‌ഐ ബിജുവിന്റെ ആദ്യത്തെ പോസ്റ്റ് പാലക്കാടായിരുന്നു. പിന്നീട് ചക്കരക്കല്ലിലെത്തി.  ഇതോടെയാണ് യുവാക്കളെ തേടിയിറങ്ങിയത്. യുവാക്കളാണ് കൂടൂതലായും കുറ്റകൃത്യങ്ങളില്‍ പെടുന്നതെന്നു മനസ്സിലാക്കിയ ഇദ്ദേഹം വൈകുന്നേരങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. മദ്യപാനത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും പെടുന്നതിനു പകരം എന്തുകൊണ്ട് കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടു കൂടെന്ന ചോദ്യമുന്നയിച്ചപ്പോള്‍ മൈതാനമില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇതോടെ എസ്‌ഐ മുന്‍കൈയ്യെടുത്ത്, വെറുതെ കിടക്കുന്ന സ്ഥലത്തിന്റെ ഉടമയെ കണ്ടെത്തി മൈതാനമുണ്ടാക്കാന്‍ അനുമതി ചോദിച്ചു. അങ്ങനെ ഒരു ഷട്ടില്‍ കോര്‍ട്ട് തന്നെ ഉണ്ടാക്കി. ഷട്ടില്‍ കളി സംഘടിപ്പിച്ച് ഉദ്ഘാടനം ചെയ്തതും എസ്‌ഐ ബിജു തന്നെ. ഇത്തരത്തില്‍ പത്തോളം  ഗ്രൗണ്ടുകളിലാണ് യുവാക്കള്‍ ഷട്ടില്‍ കളിക്കുന്നത്. ചക്കരക്കല്ല് പോലിസ് സ്‌റ്റേഷനു സമീപത്തെ സ്ഥലം  വൃത്തിയാക്കി അവിടെ രാത്രി എട്ടുവരെ പോലിസുകാരും അതുകഴിഞ്ഞ് യുവാക്കളും ഷട്ടില്‍ കളിക്കുന്നുണ്ട്.ഇതിനു സമീപം തന്നെ പച്ചക്കറി നട്ടുവളര്‍ത്തുകയും ചെയ്യുന്നുണ്ട്. മികച്ച പ്രഭാഷകനും വായനക്കാരനുമായ ഇദ്ദേഹം കല്‍പറ്റ നാരായന്റെ ആരാധകനാണ്.ഒരു കുട്ടിയെ പോലിസ് പിടിച്ചുകൊണ്ടു വന്നപ്പോള്‍ സ്‌റ്റേഷനിലെ പോലിസുകാരന്‍ ഗാന്ധിജിയുടെ  ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ വായിക്കാന്‍ കൊടുത്തു. അഞ്ചുദിവസം കൊണ്ട്  വായിച്ചു വായനാകുറിപ്പ് എഴുതിക്കൊണ്ടു വരാന്‍ പറഞ്ഞു. ഇതാണു എസ്‌ഐ ബിജുവിനു വായനാശീലം വളര്‍ത്താനുള്ള ആശയം ലഭിക്കാനിടയാക്കിയത്. ഇപ്പോള്‍ സംസ്ഥാനത്തു തന്നെ മാതൃകയാക്കാവുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ജനമൈത്രി എസ്‌ഐയായാണ് ചക്കരക്കല്ല് എസ്‌ഐ ബിജുവിന്റെ പ്രവര്‍ത്തനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day