|    Oct 26 Wed, 2016 12:38 am
FLASH NEWS

ഇടതുസ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

Published : 31st March 2016 | Posted By: RKN

സ്വന്തംപ്രതിനിധികണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനു 47 ദിവസം ബാക്കിയിരിക്കെ ഇടതുസ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണചൂടിലിറങ്ങി. ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്തും സി കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂരിലും പ്രചാരണത്തിലായിരുന്നു. ഇതോടെ ജില്ലയിലെ 11മണ്ഡലങ്ങളിലും എല്‍ഡിഎഫിന് സ്ഥാനാര്‍ഥികളായി. യുഡിഎഫില്‍ അഴിക്കോട്ട് മാത്രമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായത്. അതും മുസ്്‌ലിം ലീഗില്‍ നിന്നുള്ള കെ എം ഷാജിയുടെ പേര് മാത്രം. ഷാജിയിവിടെ പ്രാചാരണം തുടങ്ങിക്കഴിഞ്ഞു. അനിശ്ചിതത്വങ്ങളും അഭ്യൂഹങ്ങളുമെല്ലാം കാറ്റില്‍പ്പറത്തി, പരിചയസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് എല്‍ഡിഎഫ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പേരാവൂരില്‍ നേരത്തെ ജില്ലാസെക്രട്ടറേയിറ്റും സിപിഎം സംസ്ഥാനസമിതിയും അംഗീകരിച്ചത് കെ കെ ശൈലജയുടെ പേരായിരുന്നു. എന്നാല്‍, അവസാന നിമിഷത്തിലെ നീക്കുപോക്കില്‍ കെ കെ ശൈലജയ്ക്ക് കൂത്തുപറമ്പ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നറുക്കുവീണു. പേരാവൂരില്‍ ബിനോയ് വിശ്വന്‍ മല്‍സരിക്കും. ധര്‍മടം മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് സ്ഥാനാര്‍ഥി ലിസ്റ്റിലെ ശ്രദ്ധാകേന്ദ്രം. സിപിഎം സ്ഥാനാര്‍ഥികളില്‍ മൂന്നു സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് അനവുദിച്ചപ്പോള്‍ പേരാവൂരിലും തലശ്ശേരിയിലും യുവത്വത്തെയാണു പരീക്ഷിക്കുന്നത്. കൂത്തുപറമ്പില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ജനവിധി തേടും. അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ എംവിആറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാര്‍ സ്വതന്ത്രവേഷത്തിലാണെത്തുന്നത്. സിപിഐയ്ക്കു നല്‍കിയ ഇരിക്കൂര്‍ സീറ്റില്‍ ജില്ലാ കമ്മിറ്റിയിഗം കെ ടി ജോസും കോണ്‍ഗ്രസ് എസിനു നല്‍കിയ കണ്ണൂര്‍ സീറ്റില്‍ സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനുമാണ് മല്‍സരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും ശ്രദ്ധേയമായി മാറുന്ന ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്‍ ഇന്നലെ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കുടുംബയോഗങ്ങളില്‍ പങ്കെടുത്തും പഴയകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുമാണ് പിണറായിയുടെ തുടക്കം. രണ്ടു കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അദ്ദേഹത്തിനു വന്‍ ജനാവലിയാണു സ്വീകരണം നല്‍കിയത്. പ്രാദേശികമായി നേരിയ എതിര്‍പ്പുയര്‍ന്നിരുന്ന പയ്യന്നൂരില്‍ സി കൃഷ്ണന് ഇത് രണ്ടാമൂഴമാണ്. കഴിഞ്ഞ തവണ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നേരിയ വോട്ടുകള്‍ക്ക് മുല്ലപ്പള്ളിയോട് പരാജയപ്പെട്ട എ എന്‍ ശംസീറിനെയാണ് തലശ്ശേരിയില്‍ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് സീറ്റ് നഷ്ടപ്പെട്ട പേരാവൂരില്‍ നാട്ടുകാരനും ഡിവൈഎഫ്‌ഐ ജില്ലാ മുന്‍ സെക്രട്ടറിയുമായ ബിനോയ് കുര്യനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കെ കെ ശൈലജയെ തോല്‍പ്പിച്ച സണ്ണി ജോസഫ് തന്നെയായിരിക്കും യുഡിഎഫ് സാരഥിയെന്നതിനാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ തന്നെയാണ് സിപിഎം ലക്ഷ്യമിടുന്നത്. മട്ടന്നൂരില്‍ സിറ്റിങ് എംഎല്‍എയായ ഇ പി ജയരാജനു സ്ഥാനചലനം ഉണ്ടായിട്ടില്ല.  കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും യുവനേതാക്കളായ സിറ്റിങ് എംഎല്‍എമാരെ തന്നെയാണ് കളത്തിലിറക്കിയത്. കല്ല്യാശ്ശേരിയില്‍ ടി വി രാജേഷിനും തളിപ്പറമ്പില്‍ ജെയിംസ് മാത്യുവിനും തുണയായത് മണ്ഡലത്തിലെ വികസനപ്രവൃത്തികള്‍ തന്നെയാണ്. അഴീക്കോട് കെ എം ഷാജിക്കെതിരേ നികേഷ് കുമാറിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായാണു രംഗത്തിറക്കിയിട്ടുള്ളത്. ഏറെക്കാലം സിപിഎം ജയിച്ച അഴീക്കോട് എം വി ആറിലൂടെയാണ് യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നത്. എംവിആറില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനിലൂടെ തന്നെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫ് കച്ചകെട്ടിയിരിക്കുന്നത്. ഏതായാലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ആദ്യഘട്ടത്തില്‍ തന്നെ ഗോദയിലിറങ്ങി പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. മാധ്യമസ്ഥാപനത്തിലെ ജോലികളെല്ലാം ക്രമീകരിച്ച് ഇന്നു തന്നെ നികേഷ്‌കുമാര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day