|    Oct 28 Fri, 2016 8:12 am
FLASH NEWS

ഇടതുവശം ചൊറിയുമ്പോള്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയോ? ഗവേഷണത്തിന് ഇഗ് നോബേല്‍ സമ്മാനം

Published : 23rd September 2016 | Posted By: Navas Ali kn

ignobel

ഹവാഡ്: ശരീരത്തിലെ ഇടതുവശം ചൊറിയുമ്പോള്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ ചൊറിച്ചില്‍ മാറുമോ? നൊബേല്‍ സമ്മാനത്തിന് സമാന്തരമായി, കൗതുകകരമായ ഗവേഷണം നടത്തിയതിന് നല്‍കുന്ന ഇഗ് നൊബേലിലെ ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള സമ്മാനം അടിച്ചെടുത്തത് ഇതു സംബന്ധിച്ച് പഠനം നടത്തിയ ക്രിസ്റ്റഫര്‍ ഹെംഖെനും സുഹൃത്തുക്കളുമാണ്. ശരീരത്തില്‍ ഇടതുവശത്ത് ചൊറിയുണ്ടെങ്കില്‍ കണ്ണാടിയില്‍ നോക്കി വലതുവശത്ത് മാന്തിയാല്‍ മതിയെന്നു അവര്‍ തെളിയിക്കുകയും ചെയ്തു. തുമ്പികള്‍ കറുത്ത ശിലകള്‍കൊണ്ട് നിര്‍മിച്ച ശവക്കല്ലറകളില്‍ തലയടിച്ചു ചാവുന്നതിനെക്കുറിച്ചും വെള്ളരോമങ്ങളുള്ള കുതിരകള്‍ കുതിരയീച്ചകളെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും പഠിച്ച ഗാബര്‍ ഹോവാത്തിനും സംഘത്തിനുമാണ് ഫിസിക്‌സിലുള്ള സമ്മാനം ലഭിച്ചത്.
കാലിനിടയിലൂടെ നോക്കുമ്പോള്‍ വസ്തുക്കള്‍ വ്യത്യസ്തമായി കാണുന്നുവോ എന്നു പരിശോധിച്ചതിന് അറ്റ്‌സുകി ഹിഗാശിയാമയ്ക്കും കൊഹൈ അദാച്ചിക്കും അനുഭൂതിക്കുള്ള സമ്മാനം ലഭിച്ചു. നുണയന്മാരെക്കുറിച്ച് പഠിച്ച എവ്‌ലിന്‍ ഡെബേയും സംഘവും മനശ്ശാസ്ത്രത്തിനുള്ള സമ്മാനം നേടി. ചത്തതും ജീവനുള്ളതുമായ ശലഭങ്ങള്‍ ശേഖരിക്കുന്നതിലുള്ള ആനന്ദം മൂന്നു വാല്യങ്ങളിലായി വിവരിച്ചതിന് ഫ്രെഡറിക് സ്വോബര്‍ഗിന് സാഹിത്യത്തിലുള്ള ഇഗ് നൊബേല്‍ ലഭിച്ചു. വിവിധതരം ചാണകം എങ്ങനെ തിരിച്ചറിയാമെന്നു പഠിച്ചതിന് ഗോര്‍ഡന്‍ പെനികുക്കിനും സംഘത്തിനും സമാധാനസമ്മാനം നല്‍കി.
ആല്‍പ്‌സ് പര്‍വതനിരയില്‍ മൂന്നുദിവസം ആടിനെപ്പോലെ നാലുകാലില്‍ ജീവിച്ച ബ്രിട്ടിഷ് ഗവേഷകര്‍ ടോം ടൈ്വറ്റ്‌സിനും സുഹൃത്ത് ചാള്‍സ് ഫോസ്റ്റര്‍ക്കു ഇഗ് നോബേല്‍ ലഭിച്ചു. കൃത്രിമ കാലുകള്‍ ഘടിപ്പിച്ചായിരുന്നു ടൈ്വറ്റ്‌സ് മഞ്ഞുപാളികളുടെ മേല്‍ ആടിനെപ്പോലെ നടന്നത്. വനപ്രദേശങ്ങളിലെ ജീവിതം മൃഗങ്ങളുടെ കണ്ണിലൂടെ നോക്കിക്കാണുകയായിരുന്നു ടൈ്വറ്റ്‌സും, ചാള്‍സ് ഫോസ്റ്ററും. ഇരുവരും മാന്‍, കുറുക്കന്‍, നീര്‍നായ എന്നിങ്ങനെ പല ജീവികളെപ്പോലെയും ജീവിച്ചിരുന്നു. തങ്ങളുടെ ഗവേഷണഫലങ്ങള്‍ അവര്‍ പ്രമുഖ ജീവശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കാറുകളിലെ പുകപരിശോധനാസംവിധാനത്തില്‍ കൃത്രിമം കാണിച്ച് പിടിയിലായ ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ് വാഗണാണ് രസതന്ത്രത്തിലെ സമ്മാനം. പോളിയസ്റ്റര്‍, പരുത്തി, രോമവസ്ത്രങ്ങള്‍ എന്നിവ എലികളിലെ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു നിരീക്ഷിച്ചതിനാണ് അന്തരിച്ച അഹ്മദ് ശഫീക്കിന് പ്രത്യുല്‍പാദന ഗവേഷണത്തിനുള്ള സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പാണ് ഹാവഡിലെ ശാസ്ത്ര നര്‍മ മാസികയായ ആന്നല്‍സ് ഓഫ് ഇംപ്രോബബിള്‍ റിസര്‍ച്ച് ഇഗ് നൊബേല്‍ പ്രഖ്യാപിക്കാറ്. പതിവുപോലെ നൊബേല്‍ സമ്മാന ജേതാക്കള്‍ തന്നെയാണ് സമ്മാനം വിതരണം ചെയ്തത്. അപ്പോള്‍ സദസ്യര്‍ സംഘാടകരുടെ അഭ്യര്‍ഥനയനുസരിച്ച് കടലാസ് റോക്കറ്റുകള്‍ സമ്മാന ജേതാക്കള്‍ക്കു നേരെ എറിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 229 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day