|    Dec 4 Sun, 2016 3:44 pm

ഇഞ്ചി ഇറക്കുമതി: കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം

Published : 2nd November 2016 | Posted By: SMR

കല്‍പ്പറ്റ: സ്വതന്ത്ര വ്യാപാരക്കരാറിന്റെ മറവിലടക്കം ഇതര രാജ്യങ്ങളില്‍നിന്ന് ഇഞ്ചി ഇറക്കുമതി ചെയ്യുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് പി വി നാരായണന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ നവരംഗ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര കൃഷിമന്ത്രി, വാണിജ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി അവര്‍ അറിയിച്ചു. പച്ചക്കറി ഇനത്തില്‍പെടുന്ന ഇഞ്ചിയുടെ വില ഇന്ത്യന്‍ വിപണികളില്‍ ഇടിയുകയാണ്. ചാക്കിന് (60 കിലോ) 1,000 രൂപയാണ് ഇപ്പോള്‍ കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. ഇതു കേരളം, കര്‍ണാടക, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇഞ്ചികൃഷിയില്‍ മുതല്‍മുടക്കിയ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇഞ്ചി വിപണികളില്‍ വിലക്കുറവില്‍ ലഭ്യമാവുന്നതാണ് ഗുണനിലവാരത്തില്‍ മുന്നിലായിട്ടും ഇന്ത്യന്‍ ഇഞ്ചിക്ക് ന്യായവില ലഭിക്കാത്തിനു മുഖ്യകാരണം. 1990കളില്‍ ജില്ലയിലുണ്ടായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ആരംഭിച്ചവരാണ് ഇതര സംസ്ഥാന ഇഞ്ചി കര്‍ഷകരില്‍ ഏറെയും. കര്‍ണാടകയില്‍ മാത്രം ഏകദേശം 18,000 മലയാളി കര്‍ഷകരാണ് ഒറ്റയ്ക്കും കൂട്ടായും ഇഞ്ചികൃഷി നടത്തുന്നത്. ഒന്നേകാല്‍ ലക്ഷം ഏക്കറിനടുത്തുവരും കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളുടെ അളവ്. സ്ഥിരോല്‍സാഹികളായ ആയിരക്കണക്കിനു ചെറുപ്പക്കാര്‍ സ്വയംതൊഴിലായി സ്വീകരിച്ച ഇഞ്ചികൃഷി അനുബന്ധ മേഖലകളിലടക്കം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഇറക്കുമതിക്കു പുറമെ കൃഷിച്ചെലവുകളിലുണ്ടായ ഭാരിച്ച വര്‍ധവ്, കാലാവസ്ഥയിലെ മാറ്റം എന്നിവയും ഇഞ്ചികൃഷിക്കാര്‍ക്ക് തിരിച്ചടിയായി. ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്യുന്ന മലയാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാവണം. ഇഞ്ചികൃഷിക്കാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംസ്‌കരണ ഫാക്ടറി ആരംഭിക്കുന്നതും ഇഞ്ചികൃഷിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സഹായകമാവും- അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day