|    Oct 27 Thu, 2016 10:39 am
FLASH NEWS

ആശയും ആശങ്കയും കൈവിടാതെ പാര്‍ട്ടികള്‍; ആകാംക്ഷയുടെ മണിക്കൂറുകള്‍

Published : 18th May 2016 | Posted By: SMR

മലപ്പുറം: വിധിയെഴുത്തിന്റെ ഫലം നാളെ 11 മണിയോടെ അറിയാം. അതിനിനി മണിക്കൂറുകള്‍ മാത്രം. ജില്ലയില്‍ നിന്ന് 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് 145 പേര്‍ സാമാജികരാവാന്‍ മല്‍സരിച്ചു. അവര്‍ക്കുള്ള വോട്ടുകളുമായി യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ ഭദ്രവുമാണ്.
നാളെ രാവിലെ എട്ടുമണിയോടെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതു വരെ മല്‍സരിച്ച എല്ലാവരും നിയമസഭാ സാമാജികരാണ്. എല്ലാവരും വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. കൂട്ടലും കിഴിക്കലുമായി എല്ലാവര്‍ക്കും ശുഭപ്രതീക്ഷ മാത്രം. ഇടത്-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ജയപരാജയങ്ങളിലെ ശങ്ക, ചിലര്‍ക്ക് ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകളിലെ ശങ്ക, മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ ശക്തിതെളിയുമോ എന്ന ബേജാറ്. എല്ലാവര്‍ക്കും നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

ഇവിടെ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തീരെ പ്രതീക്ഷയില്ല. മുസ്‌ലിംലീഗിന്റെ ബെല്‍റ്റിലൂടെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ 44,508ന്റെ ഭൂരിപക്ഷത്തോടെയാണ് പി ഉബൈദുല്ല മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇപ്രാവശ്യം ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നാണ് ലീഗ് തന്നെ വിലയിരുത്തുന്നത്. ഇവിടെ ഭൂരിപക്ഷത്തിന്റെ ഏറ്റക്കുറച്ചിലറിയാനേ വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നുള്ളു.
കഴിഞ്ഞ തവണത്തേതിലും മികച്ച മല്‍സരമാണ് ഇടതുമുന്നണി കെ പി സുമതിയിലൂടെ നടത്തിയിട്ടുള്ളത്. 72.84 ആണ് ഇപ്രാവശ്യത്തെ പോളിങ് ശതമാനം. 2011ല്‍ 72.91 ആയിരുന്നു. വോട്ടിങ് ശതമാനത്തില്‍ നേരിയ കുറച്ചിലുണ്ടായി.

ഇഞ്ചോടിഞ്ച് മല്‍സരം നടന്ന മണ്ഡലം. അതുകൊണ്ട് തന്നെ ഇരുമുന്നണികളും പ്രതീക്ഷകള്‍ കൈവെടിയുന്നില്ല. സിറ്റിങ് എംഎല്‍എ മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലി വിജയപ്രതീക്ഷയില്‍ അരപ്പണത്തൂക്കം മുന്നിലാണ്. നേരിയ ഭൂരിപക്ഷത്തിനു മണ്ഡലം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് ലീഗ് ക്യാംപിലെ വിലയിരുത്തല്‍. കഴിഞ്ഞതവണ 9589ന്റെ ഭൂരിപക്ഷത്തിനാണ് അലി ജയിച്ചത്. ഈ ഭൂരിപക്ഷം ലീഗുതന്നെ പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍, ജില്ലയില്‍ ശക്തമായ പോര് നടന്ന മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് പെരിന്തല്‍മണ്ണയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നേരിയ മാര്‍ജിനില്‍ ശശികുമാര്‍ വിജയിക്കുമെന്നാണ് ഇടതുക്യാംപ് വിലയിരുത്തല്‍. ഇടതു അട്ടിമറി വിജയപ്രതീക്ഷാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മണ്ഡലമാണിത്. 77.25 ആണ് മണ്ഡലത്തിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 81.58 ആയിരുന്നു. ഇപ്രാവശ്യം പോളിങ്ങില്‍ നല്ല താഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജില്ലയില്‍ എല്‍ഡിഎഫിന്റെ ഗ്രാഫ് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലം. ഇടതിനു വേണ്ടി മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ മണ്ഡലം കൈക്കലാക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ജില്ലയില്‍ ഇടത് ഏറ്റവും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതും ഇവിടെയാണ്. കഴിഞ്ഞ തവണ ആര്യാടന്‍ മുഹമ്മദ് 5598 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. മകന്‍ ആര്യാടന്‍ ഷൗക്കത്ത് ഈയൊരു ലീഡിനു തന്നെ മണ്ഡലം നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
78.67 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞതവണ 77.97 ആയിരുന്നു വോട്ടിങ് ശതമാനം.

അപ്രതീക്ഷിതമായി കടുത്ത മല്‍സരത്തിനു സാക്ഷിയായ മണ്ഡലം. യുഡിഎഫിന്റെ കൈകളില്‍ ഭദ്രമെന്ന് വിലയിരുത്തിയ മണ്ഡലം പക്ഷെ വിധിയെഴുത്തിന്റെ ദിവസമെത്തിയപ്പോഴേക്കും മണ്ഡലത്തെ ശക്തമായ മല്‍സരത്തിലേക്കാണെത്തിച്ചത്. ഇളക്കം തട്ടില്ലെന്ന് യുഡിഎഫ് ക്യാംപ് ആണയിട്ടു പറയുമ്പോഴും എല്‍ഡിഎഫും ഇവിടെ നല്ല പ്രതീക്ഷ തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.
നേരിയ മാര്‍ജിനില്‍ ഇടതു സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് വിജയിക്കുമെന്ന് ഇടതു ക്യാംപ് പ്രതീക്ഷിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തില്‍ നിന്നും അല്‍പം താഴ്ന്ന് മണ്ഡലം കൈവിടില്ലെന്നു തന്നെയാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഇരു മുന്നണികളും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും മണ്ഡലം വടത്തോട്ടു ചാഞ്ഞാണ് കിടപ്പ്. 23,566 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ സി മമ്മുട്ടി ഇവിടെ നിന്നും വിജയിച്ചത്. 76.17 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തവണ 75.98 ആയിരുന്നു.

ഇവിടെ അട്ടിമറികള്‍ക്കൊന്നും ഒരു സാധ്യതയും കാണുന്നില്ല. സിറ്റിങ് എംഎല്‍എ എം ഉമ്മറിനു തന്നെയാണ് വിജയപ്രതീക്ഷ. ജില്ലയില്‍ മല്‍സരം നടക്കാത്ത മണ്ഡലമായിട്ടാണ് മഞ്ചേരിയുടെ കിടപ്പ്. എന്നാല്‍ ഇടതു മുന്നണിയില്‍ സിപിഐ കെ മോഹന്‍ദാസ് ഭേദപ്പെട്ട മല്‍സരം കാഴ്ചവച്ചതായി വിലയിരുത്തുന്നു. കഴിഞ്ഞ തവണ ലീഗിലെ എം ഉമ്മറിന് 29,079 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നാണ് മണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ച. 72.83 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തവണ 71.01 ആയിരുന്നു.

എക്കാലത്തും യുഡിഎഫിനൊപ്പം നിന്ന മണ്ഡലം പക്ഷേ ഇപ്രാവശ്യം ശക്തമായ പോരിനാണ് കളമൊരുങ്ങിയത്. വിജയം ലീഗിലെ ടി വി ഇബ്രാഹിമിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തുന്നതെങ്കിലും അടിയൊഴുക്കുകളെ ആരും തള്ളിക്കളയുന്നില്ല. ഇടതു മുന്നണിയുടെ കെ പി വീരാന്‍കുട്ടി ശക്തമായ മല്‍സരമാണ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 28,149 ആയിരുന്നു ലീഗിന്റെ മണ്ഡലത്തിലെ ഭൂരിപക്ഷം. ഇപ്രാവശ്യമത് പകുതിയായി കുറയുമെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന റിപോര്‍ട്ട്. എസ്ഡിപിഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം ശക്തമായി തന്നെ മല്‍സരത്തിനുണ്ടായിരുന്നു. നാസറുദ്ദീന്‍ എളമരം പിടിക്കുന്ന വോട്ടുകളില്‍ ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ട്.
79.07 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞതവണ 75.72 ആയിരുന്നു ശതമാനം. പോളിങ് ശതമാനത്തിലെ വര്‍ധന മണ്ഡലത്തില്‍ കനത്ത മല്‍സരം നടന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
വിജയപ്രതീക്ഷയില്‍ മുസ്‌ലിം ലീഗിലെ പി കെ അബ്ദുറബ് തന്നെയാണ് മുന്നില്‍നില്‍ക്കുന്നത്. എന്നാല്‍ അട്ടിമറികളില്‍ വിശ്വാസമുറപ്പിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തും പിന്നിലായുണ്ട്. ഈസീ വാക്കോവറെന്ന് വിശ്വസിപ്പിച്ച മണ്ഡലം വിധിയെഴുത്തിന്റെ ദിനമെത്തിയപ്പോഴേയ്ക്കും കനത്ത മല്‍സരമാണ് മണ്ഡലത്തില്‍ നടന്നത്. ജില്ലയില്‍ വീറും വാശിയുമുള്ള പോര് നടന്ന വിശേഷണം തിരൂരങ്ങാടിക്കു ലഭിച്ചു.
അതുകൊണ്ടുതന്നെ ഇരുമുന്നണികളും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ലീഗ് വോട്ടിലെ വിള്ളലുകളിലാണ് ഇടതിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ 30,208 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് മണ്ഡലം അബ്ദുറബ് കൈവശംവച്ചത്. ഈയൊരു ഭൂരിപക്ഷം മണ്ഡലത്തില്‍നിന്ന് ലീഗ് തന്നെ പ്രതീക്ഷിക്കുന്നില്ല. 73.81 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 65.62 ആയിരുന്നു ശതമാനം. പോളിങ് ശതമാനം വര്‍ധിച്ചത് ഇടത് മുന്നണിയുടെ അക്കൗണ്ടിലെത്തുമെന്നാണ് ഇടത് ക്യാംപ് വിലയിരുത്തല്‍.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പൊന്നാനിയില്‍ ഇരുമുന്നണികള്‍ക്കും നെഞ്ചിടിപ്പാണ് നല്‍കുന്നത്. ഇടതിനും വലതിനും വിജയപ്രതീക്ഷ വാനോളമാണ്. മണ്ഡലം നിലനിര്‍ത്തുമെന്നുതന്നെയാണ് ഇടത് വിലയിരുത്തല്‍. ജില്ലയില്‍ ഇടത് പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ സാധ്യത കൂടുതലും പൊന്നാനിക്കു തന്നെയാണ്. എന്നാല്‍ വിജയം പി ടി അജയമോഹനൊപ്പമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.നേരിയ മാര്‍ജിനില്‍ ഇടത് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. 74.14 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 76.36 ആയിരുന്നു പോളിങ് ശതമാനം.
വിജയപ്രതീക്ഷയില്‍ യുഡിഎഫിനു തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ കടുത്ത മല്‍സരം നടന്ന മണ്ഡലങ്ങളിലാണ് മങ്കടയുടെ കിടപ്പ്. കഴിഞ്ഞ തവണ 23593 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ അഹമ്മദ് കബീര്‍ വിജയിച്ചത്. ഇപ്രാവശ്യം അങ്കത്തിനിറങ്ങിയ അഹമ്മദ് കബീറിന് ആ ലീഡില്‍ പ്രതീക്ഷയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അട്ടിമറിയിലൂടെ ഇടത് സ്ഥാനാര്‍ഥി അഡ്വ. ടി കെ റഷീദലി മണ്ഡലത്തെ കൈപ്പിടിയിലാക്കുമെന്നാണ് ഇടത് ക്യാംപിന്റെ വിശ്വാസം.
ഇവിടെ എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വോട്ടുകളെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങളുടെ കിടപ്പ്. മണ്ഡലത്തില്‍ ശക്തമായ മല്‍സരം നടന്നുവെന്നു തെൡിക്കുന്നതാണ് പോളിങ് ശതമാനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ 73.32 ആയിരുന്നു ശതമാനമെങ്കില്‍ ഈ നിയമസഭാ പോരില്‍ 77.3ലേയ്ക്കുയര്‍ന്നു.

ഇടത് ഇവിടെ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. എങ്കിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കുമെന്നാണ് പറയുന്നത്. മുസ്‌ലിംലീഗിലെ പി അബ്ദുല്‍ ഹമീദ് പതിനായിരത്തോളം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം മണ്ഡലത്തില്‍ കടുത്ത മല്‍സരമാണ് ഇടത് സ്ഥാനാര്‍ഥി കാഴ്ചവച്ചത്. ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളാണ് ഇടതിനുവേണ്ടി മല്‍സരിച്ചത്. കഴിഞ്ഞ തവണ 18,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിംലീഗ് മണ്ഡലം കൈപ്പിടിയിലൊതുക്കിയത്. ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകളാണ് മണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ച. 74.57 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 72.49 ആയിരുന്നു.

ശക്തമായ മല്‍സരത്തിന് സാക്ഷിയായ മണ്ഡലം. വിജയപ്രതീക്ഷയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ബഷീര്‍ അല്‍പം മുന്നിലാണെങ്കിലും അടിയൊഴുക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് ഇടതും ഇവിടെ വിജയം പ്രതീക്ഷിക്കുന്നു. നേരിയ വോട്ടിന് ഇടതു സ്ഥാനാര്‍ഥി കെ ടി അബ്ദുറഹ്മാന്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന് ഇടത് ക്യാംപ് വിലയിരുത്തുമ്പോള്‍ ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും വിജയം ബഷീറിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് ലീഗ് ക്യാംപിന്റെ കണക്കുകൂട്ടല്‍. കാന്തപുരം എപി വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം ഈ വിഭാഗത്തിന്റെ വോട്ടുകള്‍ ഇടതിന് മുഴുവനായും പോള്‍ ചെയ്താല്‍ വിജയിക്കുമെന്നാണ് ഇടത് പ്രതീക്ഷ.
ലീഗ് ഉറച്ച മണ്ഡലമെന്ന് വിശ്വസിച്ചിരുന്ന ഏറനാട് പക്ഷേ കനത്ത മല്‍സരത്തിനാണ് സാക്ഷിയായത്. കഴിഞ്ഞ തവണ 11,246 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബഷീര്‍ മണ്ഡലത്തില്‍ വിജയിച്ചത്. 81.04 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 80.69 ആയിരുന്നു ശതമാനം.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചാണക്ക്യന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ച. കഴിഞ്ഞതവണ 38,237 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാല്‍ ആ ലീഡ് ലീഗിന് നിലനിര്‍ത്താനാവില്ലെന്നാണ് വിലയിരുത്തല്‍. വിജയം സുരക്ഷിതമെന്ന് ഉറപ്പിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ കുഞ്ഞാലിക്കുട്ടിയുടെ ലീഡാണ് ലീഗിന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷങ്ങൡലൊന്നുമില്ലാത്ത ശക്തമായ പോരാണ് ഇടത് സ്ഥാനാര്‍ഥി പി പി ബഷീര്‍ മണ്ഡലത്തില്‍ നടത്തിയത്. 70.77 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 68.97ആയിരുന്നു പോളിങ്.
യുഡിഎഫിനു വെല്ലുവിൡയില്ലെന്ന് വിലയിരുത്തുന്ന മണ്ഡലം. വിജയം ലീഗിനു സുരക്ഷിതമെന്ന് ഉറപ്പിക്കാവുന്ന മണ്ഡലം. കഴിഞ്ഞതവണ 35,902 വോട്ടിനാണ് ലീഗ് ഇവിടെ നിന്നും നിയമസഭയിലേയ്ക്കു ടിക്കറ്റെടുത്തത്. എന്നാല്‍, ഇപ്രാവശ്യം മല്‍സര രംഗത്തുള്ള പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ഈ ലീഡ് കൈക്കലാക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് ക്യാംപിലെ റിപോര്‍ട്ട്.
കനത്ത വെല്ലുവിളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ്കുട്ടി ഉയര്‍ത്തിയത്. ലീഗിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ എത്തിക്കുമെന്നാണ് ഇടതു ക്യാംപ് വിലയിരുത്തുന്നത്. 74.38 ആണ് നിലവിലെ പോളിങ് ശതമാനം. കഴിഞ്ഞ തവണ 70.65 ആയിരുന്നു. മണ്ഡലത്തില്‍ ഇടത് കനത്ത മല്‍സരം കാഴ്ചവച്ചുവെന്നതിലേയ്ക്കാണ് പോളിങ് ശതമാനത്തിലെ വര്‍ധന ചൂണ്ടുന്നത്.

തിരഞ്ഞെടുപ്പ് പോരിന് ഉശിരുനല്‍കിയ മണ്ഡലം. ജില്ലയിലെ എല്ലാ വോട്ടര്‍മാര്‍ക്കും അറിയേണ്ടത് താനൂരിലെ ഫലം. അത്രയ്്ക്ക് കടുപ്പമേറിയതായിരുന്നു താനൂരിലെ മല്‍സരം. ഇരുമുന്നണികളും കൂട്ടിയും കുറച്ചും തങ്ങളുടെ പോക്കറ്റിലാണെന്ന് അവകാശപ്പെടുന്ന മണ്ഡലം. ഇടതാണ് വിജയപ്രതീക്ഷയില്‍ അരപ്പണത്തൂക്കം മുന്നിലുള്ളത്. അട്ടിമറിയിലൂടെ ഇടത് കൈവശം വയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.കോണ്‍ഗ്രസ് വോട്ടുകളില്‍ ഇടത് സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്‍ വിള്ളല്‍ വീഴ്ത്തിയെങ്കില്‍ വിജയം ഇടതിനൊപ്പം നില്‍ക്കും.
എന്നാല്‍, മണ്ഡലം ലീഗിനൊപ്പം നില്‍ക്കുമെന്നുതന്നെയാണ് യുഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷത്തില്‍ കുറവു വന്നാലും നേരിയ മാര്‍ജിനില്‍ രണ്ടത്താണി തന്നെ മണ്ഡലം കൈക്കലാക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 9433 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രണ്ടത്താണിയുടെ ജയം. ശക്തമായ മല്‍സരം നടന്ന താനൂരിലും വര്‍ധനവുണ്ടായി. കഴിഞ്ഞ തവണ 78.12 ആയിരുന്നു വിജയശതമാനമെങ്കില്‍ ഇപ്രാവശ്യം അത് 79.81ലേയ്ക്കുയര്‍ന്നു.

ജില്ലയില്‍ കോണ്‍ഗ്രസിനെ കൈവിടില്ലെന്നു പ്രതീക്ഷിക്കുന്ന മണ്ഡലം. എ പി അനില്‍കുമാര്‍ തന്നെ വീണ്ടും മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയാകുമെന്നുതന്നെയാണ് വിലയിരുത്തല്‍. ഇടത് സ്ഥാനാര്‍ഥി കെ നിഷാന്ത് പ്രചാരണത്തില്‍ അല്‍പം വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും പോളിങില്‍ അതേശില്ലെന്നാണ് യുഡിഎഫ് ക്യാംപിന്റെ പ്രതീക്ഷ. 28,919 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ അനില്‍കുമാര്‍ വിജയിച്ചത്. അതിന്റെ പകുതിയിലേയ്ക്ക് ഭൂരിപക്ഷം താഴ്ത്തുമെന്നുതന്നെയാണ് ഇടതുപക്ഷത്തിന്റെ റിപോര്‍ട്ട്. പോളിങില്‍ അല്‍പം വര്‍ധനവുണ്ടായത് ഇടതുപക്ഷത്തിന് പ്രതീക്ഷയും നല്‍കുന്നു. 73.4 ആയിരുന്നു കഴിഞ്ഞ തവണ പോളിങ് ശതമാനം. ഇപ്രാവശ്യം 74.01 ആയി.

കെ ടി ജലീലിനെ കൈവിടില്ലെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ തവണ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടത് സ്ഥാനാര്‍ഥി കെ ടി ജലീല്‍ വിജയിച്ചുവെങ്കില്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഒപ്പം നില്‍ക്കുമെന്നാണ് ഇടത് ക്യാംപിന്റെ വിലയിരുത്തല്‍. എന്നാല്‍ കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസിലെ പി ഇഫ്തിക്കാറുദ്ദീന്‍ മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്. അട്ടിമറിയിലൂടെ മണ്ഡലം തങ്ങള്‍ക്കൊപ്പം നിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇടതിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണെങ്കിലും സിറ്റിങ് എംഎല്‍എയോടുള്ള എതിര്‍പ്പ് വോട്ടാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ജില്ലയില്‍ ശക്തമായ പോരിന് കളമൊരുക്കിയ തവനൂരില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷ തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.76.65 ആണ് പോളിങ് ശതമാനം. കഴിഞ്ഞ തവണ 78.15 ആയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day