|    Dec 8 Thu, 2016 3:37 am
FLASH NEWS

ആവശ്യത്തിന് പണമില്ല; ഹൈറേഞ്ചിലെത്തിയ വിദേശ സഞ്ചാരികളും വലയുന്നു

Published : 12th November 2016 | Posted By: SMR

എ അബ്ദുല്‍സമദ്

കുമളി: അസാധുവാക്കിയ കറന്‍സികള്‍ക്ക് പകരം ആവശ്യത്തിനു പണം ലഭിക്കാത്തതിനാല്‍ സാധാരണക്കാരും ഹൈറേഞ്ചിലെത്തിയ വിനോദ സഞ്ചാരികളും വലയുന്നു. ദൈവത്തിന്റെ നാടുകാണാന്‍ എത്തിയവര്‍ക്ക് പോസ്‌റ്റോഫിസിന്റെയും ബാങ്കുകളുടെയും മുന്നില്‍ പണത്തിനായി ക്യൂ നില്‍ക്കേണ്ട ഗതികേടാണ്. ഇത് മൂലം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോവാനായെത്തിയ സഞ്ചാരികള്‍ തങ്ങളുടെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവുന്നതായും ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു.പിന്‍വലിച്ച ആയിരക്കണക്കിനു രൂപയുടെ നോട്ടുകള്‍ ഇവരുടെ കൈവശമുണ്ടെങ്കിലും പെട്ടിക്കടക്കാരന്‍ മുതല്‍ വന്‍കിട റിസോര്‍ട്ട്കാര്‍ വരെ ഈ പണം വാങ്ങാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ പല വിദേശികളും സ്ഥാപന നടത്തിപ്പുകാര്‍ക്കു നേരെ തട്ടിക്കയറിയ സംഭവവുമുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പു നല്‍കി 2000 രൂപയുടെ നോട്ടുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ആവശ്യത്തിനു ചില്ലറയില്ലാത്തതിനാല്‍ ഭക്ഷണ സാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് വിനോദ സഞ്ചാരികളുടെ പരാതി.മാത്രമല്ല സാധാരണക്കാരാണ് പണം മാറ്റിയെടുക്കുന്നതിനായി ബാങ്കുകളില്‍ എത്തുന്നതില്‍ കൂടുതല്‍ ആളുകളും. വര്‍ഷങ്ങളായി കാത്ത് സൂക്ഷിച്ചിരുന്ന പണവുമായാണ് പല ആളുകളും അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി എത്തുന്നത്.പിന്‍വലിച്ച പണം സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച ആശുപത്രികളില്‍ പോലും ഇവ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതേ സമയം സര്‍വീസ് സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ച മലയോര കര്‍ഷക ആശങ്കയിലാണ്. ഇവരുടെ പണം മാറ്റി നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതാണ് കര്‍ഷകരുടെ ആശങ്ക കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day