|    Oct 23 Sun, 2016 11:34 pm
FLASH NEWS

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിന് തൂക്കുകയര്‍; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം

Published : 19th April 2016 | Posted By: SMR

തിരുവനന്തപുരം: പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും കോടതി വിധിച്ചു. സമൂഹത്തെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകമെന്ന പരാമര്‍ശത്തോടെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഷെര്‍സിയാണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും ശരിവച്ച കോടതി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും നിരീക്ഷിച്ചു. പ്രതികള്‍ ഇരുവരും 63.5 ലക്ഷം രൂപവീതം പിഴയൊടുക്കണം. 50 ലക്ഷം ലിജീഷിനും 30 ലക്ഷം പിതാവ് തങ്കപ്പന്‍ ചെട്ടിയാര്‍ക്കും നല്‍കണം. അവിഹിതത്തിനു വേണ്ടിയാണു അരുംകൊല നടത്തിയത്.
സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ നിനോ മാത്യുവിന് ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും വധശിക്ഷ നല്‍കണമെന്നു നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ വിധിപറയുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ രാവിലെ 11നു തന്നെ കോടതിയില്‍ ആരംഭിച്ചിരുന്നു. പ്രതികളെ കോടതിമുറിയിലെത്തിച്ചാണു വിധിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്. പിഞ്ചുകുഞ്ഞിന്റെ ജീവിതം മുളയിലേ നുള്ളുകയും നിരാലംബയായ സ്ത്രീയെ കൊലപ്പെടുത്തുകയും ചെയ്തത് കാമപൂര്‍ത്തീകരണത്തിനായിരുന്നു. കുഞ്ഞിനേക്കാളും നീളമുള്ള ദണ്ഡുപയോഗിച്ച് തലയ്ക്കടിച്ച് തലച്ചോറ് ചിതറിപ്പോവുന്ന രീതിയില്‍ സമാനതകളില്ലാത്ത കൊലപാതകം ചെയ്ത ഒന്നാംപ്രതി ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല. സൗദി അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും കൊണ്ടുവന്ന് കൈകഴുകിയാലും കൊലക്കറയും ദുര്‍ഗന്ധവും മാറില്ല.
കുഞ്ഞിനെ കൊന്ന അമ്മയായി ചിത്രീകരിക്കരുതെന്ന അനുശാന്തിയുടെ ആവശ്യവും കോടതി തള്ളി. കാമപൂര്‍ത്തീകരണത്തിനായി മാതൃത്വത്തെ തള്ളിപ്പറഞ്ഞ പ്രവൃത്തിയാണു രണ്ടാംപ്രതി ചെയ്തത്. കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്നതിനു പുറമെ ഭര്‍ത്താവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്ന ഇവര്‍ സ്ത്രീ സമൂഹത്തിനു അപമാനമാണ്.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയെന്ന പരിഗണന നല്‍കിയുമാണ് അനുശാന്തിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 (ബി) അനുസരിച്ച് ഗൂഢാലോചനയ്ക്കും കൊലപാതകത്തിനു കൂട്ടുനിന്ന കുറ്റത്തിനുമാണ് ഇരട്ട ജീവപര്യന്തം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. പ്രതികള്‍ ഇരുവരും നിര്‍വികാരമായാണു വിധിപ്രഖ്യാപനം ശ്രവിച്ചത്. നിനോ മാത്യു തലകുനിച്ച് വിധി കേട്ടപ്പോള്‍ അനുശാന്തിയുടെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day