|    Oct 23 Sun, 2016 1:22 pm
FLASH NEWS

ആറു വര്‍ഷത്തിനു ശേഷം രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Published : 20th March 2016 | Posted By: SMR

കൊണ്ടോട്ടി: ആറ് വര്‍ഷം മുമ്പ് വാഴയൂര്‍ ചണ്ണയില്‍ മൂലോട്ട് പുറായിലെ ചെങ്കല്‍ ക്വാറിയില്‍ അസം സ്വദേശിയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ മലയാളിയെയും മറ്റൊരു ആസ്സാം സ്വദേശിയെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ആക്കോട് ഗ്രാനൈറ്റില്‍ ജോലി ചെയ്തിരുന്ന ആസ്സാം സ്വദേശി ഐനൂര്‍ റഹ്മാന്‍ (26)കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രദേശവാസി ഷിഹാബുദ്ധീന്‍(33), ആസ്സാം സ്വദേശി ജാലിബര്‍ ഹഖ്(39)എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ ഷിഹാബിന്റെ സുഹൃത്തും ഒരു ആസം സ്വദേശിയും ഉള്‍പ്പടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
2010 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ആസ്സാം സ്വദേശിയായ ഐനൂര്‍ റഹ്മാന്റെ മൃതദേഹം ചെങ്കല്‍ ക്വാറിയില്‍ മണ്ണ് നീക്കുന്നതിനിടെയാണ് കണ്ടെത്തിയത്. ഇയാളുടെ കഴുത്തിലുണ്ടായ തോര്‍ത്ത് മുണ്ടാണ് കൊല നടത്തിയതാവാം എന്ന സംശയത്തിലെത്തിച്ചത്. വാഴക്കാട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും മരണപ്പെട്ടയാള്‍ക്ക് ശത്രതയുളളതായി കണ്ടെത്താനായില്ല.
റഹ്മാന്റെ മൊബൈല്‍ ഫോണും മറ്റും കണ്ടെത്താനാവാത്തതും അന്വേഷണം വഴിമുട്ടി. ഇതിനിടയിലാണ് തെളിയിക്കപ്പെടാത്ത കേസുകള്‍ പുനരന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് അനന്ത കൃഷ്ണന്റെ നിര്‍ദേശത്തില്‍ കോഴിക്കോട് സിബിസിഐഡി സൂപ്രണ്ട് കെ ബി വേണുഗോപാലിന്റെയും ഡെപ്യൂട്ടി സൂപ്രണ്ട് ഇ പി പൃഥിരാജന്റെയും നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. കൊല്ലപ്പെട്ട ഐനൂര്‍ റഹ്മാന്‍ അറസ്റ്റിലായ ശിഹാബുദ്ദീന്റെ ബന്ധുവീടുമായി അടുത്ത ബന്ധം സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ വൈര്യാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐനൂര്‍ റഹ്മാന്‍ സ്ഥിരം പാല്‍ വാങ്ങാനെത്തുന്ന വീട്ടിലെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ ശിഹാബുദ്ധീന്‍ ഇയാളെ പലതവണ താക്കീത് നല്‍കിയിരുന്നു. കൂടെയുള്ളവരോടും സൂചിപ്പിച്ചിരുന്നു.
എന്നാല്‍, പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഷിഹാബുദ്ധീന്‍ തന്റെ സുഹൃത്തിനെയും റഹ്മാനെ പരിചയമുളള ആസ്സാം സ്വദേശികളെയും കൂട്ടി ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് രാത്രി മൂന്ന് മണിയോടെ കൊണ്ടുവരികയായിരുന്നു. രാത്രിയില്‍ ജോലിയുണ്ടെന്നറിയിച്ച് ശിഹാബുദ്ധീന്‍ സുഹൃത്തും, പിടിയിലായ ജാലിബര്‍ ഹഖും ബൈക്കിലെത്തി ഇയാളെ കൂട്ടി കൊണ്ടുപോവുകയായിരുന്നു. ക്വാറിക്ക് മുകളിലെത്തിയപ്പോള്‍ ശിഹാബുദ്ദീന്‍ ഐനൂര്‍ റഹ്മാന്റെ പിറകിലൂടെയെത്തി വരിഞ്ഞുപിടിക്കുകയും മറ്റുളളവര്‍ കഴുത്തും മുഖവും കൂട്ടികെട്ടുകയും ചെയ്തു.
കാലുകളും പിടിച്ചു കെട്ടി ഇയാളെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ക്വറിയിലെ മണ്ണ് ദേഹത്തിട്ട് മൂടുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ക്വാറയില്‍ മണ്ണ് മാന്തി ഉപയോഗിച്ച് ജോലിചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടത്. കൊലപാതകത്തിന് കൂട്ടുനിന്നതിന് ആസ്സാം സ്വദേശികള്‍ക്ക് 25,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇത് നല്‍കിയിട്ടുമില്ല.
കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആസ്സാം സ്വദേശി ജാലിബര്‍ ഹഖ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു വേതനം കൈപ്പറ്റാതെ നാട്ടിലേക്ക് കടന്നുകളയുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ചെന്നൈയില്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ വച്ച് ഇയാളെ പിടികൂടിയത്. ഇതോടെയാണ് കേസിന് തുമ്പായത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷൈജു, എസ്‌ഐമാരായ എ വി വിജയന്‍, പുരുഷോത്തമന്‍, പി പി രാജീവ്, പി ബാബുരാജ്, സ്‌പെഷല്‍ ഓഫിസര്‍മാരായ ശശികുണ്ടറക്കാട്, സത്യനാഥന്‍, അബ്ദുള്‍ അസീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day