|    Dec 3 Sat, 2016 11:08 pm
FLASH NEWS

ആറന്‍മുള വിമാനത്താവളം; ജില്ലയിലെ ജനങ്ങളോടുള്ള അവഹേളനവും വെല്ലുവിളിയും: ആന്റോ ആന്റണി എംപി

Published : 24th November 2016 | Posted By: SMR

പത്തനംതിട്ട:  ആറന്‍മുള വിമാനത്താവളത്തിന് സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ അനുമതികള്‍ റദ്ദ് ചെയ്ത ഇടതുമുന്നണി ഗവണ്‍മെന്റിന്റെ നടപടി പത്തനംതിട്ട ജില്ലയിലെ ജനങ്ങളോടുള്ള അവഹേളനവും വെല്ലുവിളിയുമാണന്ന് ആന്റോ ആന്റണി എംപി. ബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണന്നുള്ളത് ആറന്‍മുള വിഷയത്തില്‍ തെളിയിച്ചു. ബിജെപി യുടെ വര്‍ഗീയ രാഷ്ട്രീയവും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും കൈകോര്‍ത്തതാണ് ആറന്‍മുളയില്‍ കണ്ടത്. നെടുമ്പാശ്ശേരിയില്‍ വോള്‍ഫ് കളിക്കാന്‍ നിലം നികത്തിയപ്പോഴോ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ട് പതിനായിരക്കണക്കിന് മരങ്ങള്‍ മുറിക്കുകയും മലകള്‍ ഇടിച്ച് നിരത്തുകയും ചെയ്തപ്പോഴോ ഒരു ആത്മരോഷവും ഉണ്ടാക്കാതിരുന്നവരാണ് മധ്യതിരുവതാംകൂറിലെ ജനങ്ങളുടെ ഏറ്റവും വലിയ വികസന സ്വപ്‌നം തല്ലിത്തകര്‍ക്കുന്നതിന് ഒരുമിച്ചത്. ആറന്‍മുളയില്‍ ബിജെപി യും, സിപിഎമ്മും ഇറക്കിയ കൃഷി ഭാവി തലമുറയ്ക്ക് വേണ്ടി കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കേണ്ടതാണ്. കേരളത്തിലെ വിമാനയാത്രക്കാരില്‍ 30 ശതമാനവും പത്തനംതിട്ട ജില്ലയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. ഇവിടെ നിന്നുള്ള പാവപ്പെട്ട ആളുകള്‍ ടാക്‌സിയും വിളിച്ച് നെടുമ്പാശ്ശേരിയില്‍ എത്തി വിമാനം കയറുമ്പോള്‍ ലാഭമുണ്ടാകുന്ന വിമാനത്താവള മുതലാളിമാര്‍ക്ക് മാത്രമാണ് ഈ തീരുമാനം സന്തോഷം പകരുന്നത്. ഒരു വീട്ടില്‍ നിന്നും ഒരു പ്രവാസിയെങ്കിലുമുള്ള ജില്ലയാണ് പത്തനംതിട്ട ജില്ല. ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ തീരുമാനമെടുത്തതും വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും ഇടതുമുന്നണി ഭരണകാലത്താണ്. ഇന്ന് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ എല്ലാ അനുമതിയും റദ്ദാക്കുമ്പോള്‍ ഇതേ വഞ്ചന നാളെ എരുമേല്ിയിലെ ജനങ്ങളോടും കാണിക്കരുത് എന്നാണ് അഭ്യര്‍ത്ഥന. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എവിടെ വിമാനത്താവളം കൊണ്ടുവരാന്‍ തീരുമാനിച്ചാലും അതിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day