|    Dec 4 Sun, 2016 5:17 am
FLASH NEWS

ആര്‍ബിഐക്കെതിരേ സഹകരണ ബാങ്കുകള്‍ കോടതിയിലേക്ക്

Published : 14th November 2016 | Posted By: SMR

കൊച്ചി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയില്‍. റിസര്‍വ് ബാങ്കിന്റെ നിലപാടിനെതിരേ സഹകരണ ബാങ്കുകള്‍ നിയമനടപടിക്കൊരുങ്ങുന്നു. അടുത്ത ദിവസം തന്നെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. പ്രാഥമിക വായ്പാ സഹകരണസംഘങ്ങളും സൊസൈറ്റികളും ഉള്‍പ്പെടെ സംസ്ഥാനത്ത് മൂവായിരത്തിലധികം സഹകരണസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരും ചെറുകിട ബിസിനസുകാരും കൂലിപ്പണിക്കാരും ഉള്‍പ്പെടെ സംസ്ഥാനത്തെ സാധാരണക്കാരായ നല്ലൊരു വിഭാഗം ആളുകളും പണം നിക്ഷേപിച്ചിരിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും പ്രധാനമായും സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ്. 500, 1000 നോട്ടുകള്‍ അസാധുവാക്കുകയും പകരം നോട്ടുകള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതുമൂലം ഏറ്റവും അധികം പ്രതിസന്ധിയിലായതും സഹകരണ സ്ഥാപനങ്ങളാണ്. നിലവില്‍ അസാധുവാക്കിയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് സ്വീകരിക്കാമെങ്കിലും ഇവ മാറ്റി നല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ല. ഇത്തരത്തില്‍ ഇടപാടുകാരില്‍ നിന്നു ശേഖരിച്ചതും കൈവശമുള്ളതുമായ 500, 1000 നോട്ടുകള്‍ ജില്ലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്കിന് ഇവര്‍ കൈമാറിയെങ്കിലും പകരം നോട്ടുകള്‍ തിരികെ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ തയ്യാറാവാത്തതാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മറ്റു ബാങ്കുകളില്‍ നിക്ഷേപമുള്ള ഒരു സ്വകാര്യ വ്യക്തിക്ക് തന്റെ നിക്ഷേപത്തില്‍ നിന്നു ദിവസം 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയും മാത്രം പിന്‍വലിക്കാമെന്ന നിര്‍ദേശം തന്നെയാണ് സഹകരണ ബാങ്കുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഓരോ സഹകരണ ബാങ്കിനെയും ഒരു വ്യക്തിയായിട്ടാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ സഹകരണ ബാങ്കിനും ആഴ്ചയില്‍ 20,000 രൂപ മാത്രമായിരിക്കും പിന്‍വലിക്കാന്‍ കഴിയുക. ഇതു വന്‍ നിക്ഷേപകരുള്ള സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായിത്തന്നെ ബാധിക്കും. സഹകരണ ബാങ്കിന്റെ ചെറിയ ബ്രാഞ്ചുകളില്‍ പോലും നൂറിലധികം നിക്ഷേപകരാണുള്ളത്. ഇവരെ ആഴ്ചയില്‍ ലഭിക്കുന്ന വെറും 20,000 രൂപ കൊണ്ട് എങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നാണ് സഹകരണ ബാങ്ക് അധികൃതര്‍ ചോദിക്കുന്നത്. നിക്ഷേപകരില്‍ നിന്നും മറ്റുമായി സ്വീകരിച്ച 500, 1000 നോട്ടുകള്‍ക്കു പകരം വന്‍ തുകയാണ് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. എന്നാല്‍, ഇതില്‍ നിന്ന് ഒരു രൂപ പോലും ഇവര്‍ മടക്കിനല്‍കിയിട്ടില്ല. ചെറിയ രൂപയുടെ നാമമാത്രമായ നോട്ടുകള്‍ മാത്രമാണ് ഭൂരിഭാഗം സഹകരണ ബാങ്കുകളിലും ഉള്ളത്. ഇവ കൂടി ഇടപാടുകാര്‍ക്ക് നല്‍കുന്നതോടെ പല ബാങ്കുകളും അടുത്ത ദിവസങ്ങളില്‍ തന്നെ അടച്ചിടേണ്ടിവരും. ഇതിനൊപ്പം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാകും ഇവര്‍ കോടതിയില്‍ ഹരജി നല്‍കുകയെന്നാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day