|    Oct 28 Fri, 2016 12:04 pm
FLASH NEWS

ആര്‍ക്കും പിടികൊടുക്കാതെ അടൂര്‍

Published : 6th May 2016 | Posted By: SMR

അടൂര്‍: ഒരുപാട് ചെയ്തുകൂട്ടിയെന്ന അവകാശവാദത്തിനൊന്നുമില്ല. പരമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു. അടൂരുകാര്‍ ഇത് അംഗീകരിക്കുമെന്ന ്കാര്യത്തില്‍ നല്ല ആത്മവിശ്വാസമാണ് സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ചിറ്റയം ഗോപകുമാറിന്. എന്നാല്‍ കാര്യങ്ങള്‍ അത്രയ്ക്ക് ലളിതമല്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജുവിന്റെ പക്ഷം.
താന്‍ മുമ്പ് പ്രതിനിധീകരിച്ച പഴയ പന്തളം മണ്ഡലത്തിന്റെ ഭാഗങ്ങളില്‍, വികസനത്തിനു പെരുമഴയ്ക്ക് ശേഷം ഒരു ചാറ്റല്‍മഴ പോലും ഉണ്ടായിട്ടില്ല. പതിവുപോലെ കേന്ദ്രസര്‍ക്കാര്‍ കൈയയച്ചു സഹായിക്കുമെന്ന വാഗ്ദാനവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പി സുധീറും വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നു. മൂന്നു മുന്നണികള്‍ക്കും എതിരേ ബദല്‍രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ മുന്നില്‍ വച്ച് എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ ജ്യോതിഷ് പെരുമ്പുളിക്കളും മണ്ഡലത്തില്‍ സജീവമാണ്. എല്ലാവരും ആത്മവിശ്വാസത്തോടെ പ്രചാരണത്തില്‍ മുന്നേറുമ്പോഴും അടൂരിന്റെ മനസ് ആര്‍ക്കൊപ്പമെന്നത് ഇപ്പോഴും അവ്യക്തമാണ്.
മണ്ഡലം പുനര്‍നിര്‍ണയത്തോടെ സംവരണ മണ്ഡലമായ അടൂര്‍ നിന്ന് 606 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചിറ്റയം ഗോപകുമാര്‍ പിടിച്ചെടുത്തത്. അഞ്ചുവര്‍ഷം കൊണ്ട് ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല മേഖലകളില്‍ കാര്യമായ വികസനം സാധ്യമാക്കിയെന്നാണ് ചിറ്റയത്തിന്റെ അവകാശവാദം. പൂതിയകാവില്‍ ചിറയില്‍ അടക്കം ടൂറിസം വികസനം യാഥാര്‍ഥ്യമാക്കി. മണ്ഡലത്തിനായി ഒരു സമഗ്ര കാര്‍ഷിക പാക്കേജ് കൊണ്ടുവരികയാണ് അടുത്ത ലക്ഷ്യം. ഒപ്പം ഐടി പാര്‍ക്ക്, റബ്ബറധിഷ്ഠിത വ്യവസായ തുടങ്ങിയ സ്വപ്‌നങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. വികസനനേട്ടങ്ങള്‍ക്കു പുറമേ, രാഷ്ട്രീയമായ സാഹചര്യങ്ങളും തങ്ങള്‍ക്കനുകൂലമാണെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
ഇക്കുറി കെ കെ ഷാജുവിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടും സമാനസ്വഭാവത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ കോണ്‍ഗ്രസുകാരെ തഴഞ്ഞ്, ജെഎസ്എസ് ഉപേക്ഷിച്ച് വന്നയാള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയതില്‍ അതൃപ്തിയുള്ളവരുടെ എണ്ണം കൂടുതലാണ്. ഇത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തിന് ലഭ്യമാവേണ്ട വികസനപദ്ധതികള്‍, കരിങ്ങാലി പുഞ്ചയുടെ സംരക്ഷണം, അടൂര്‍ റവന്യു ടവറിന്റെ ശോച്യാവസ്ഥ തുടങ്ങി ചിറ്റയത്തിന്റെ ശ്രദ്ധലഭിക്കാത്ത പലമേഖലകളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം.
യുവനേതാക്കളില്‍ പ്രമുഖനെ തന്നെ ബിജെപി രംഗത്തിറക്കിയിട്ടുണ്ടെങ്കിലും പ്രചാരണരംഗത്ത് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല. മണ്ഡത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പശ്ചാത്തലത്തിന്റെ കരുത്തുമായാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ജ്യോതിഷ് പെരുമ്പുളിക്കല്‍ മല്‍സരിക്കുന്നത്.
ഇരുമുന്നണികളും വികസനം സംബന്ധിച്ച അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും അതിന്റെയൊന്നും ഗുണഫലം മണ്ഡലത്തിലെ പട്ടികജാതി മേഖലകളിലേക്ക് എത്തിയിട്ടില്ല. ഇതടക്കമുള്ള വികസനപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ബിഎസ്പി, പിഡിപി സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്.
പന്തളം, അടൂര്‍ നഗരസഭകളും പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, പന്തളം-തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളും ചേര്‍ന്നതാണ് അടൂര്‍ മണ്ഡലം. ഇതില്‍ തുമ്പമണ്‍ പഞ്ചായത്ത് മാത്രമാണ് നിലവില്‍ യുഡിഎഫിനൊപ്പമുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day